തന്റെ അംബാസഡർ കാറിനെ വീടാക്കി മാറ്റി 17 വർഷം കാട്ടിൽ കഴിഞ്ഞ ഒരു അത്ഭുതമനുഷ്യനാണ് 56 വയസ്സുള്ള ചന്ദ്രശേഖർ എന്ന കർണാടകക്കാരൻ. താടിയും മുടിയും നീട്ടി വളർത്തി പഴയ വസ്ത്രങ്ങളും ഇട്ട് മെലിഞ്ഞുണങ്ങിയ ശരീരമാണ് അയാൾക്ക്.
ദക്ഷിണ കർണാടകയിലെ സുള്ള്യ താലൂക്കിലെ അറന്തോടിനടുത്തുള്ള അഡലേ, നെക്കരെ എന്നീ ഗ്രാമങ്ങൾക്കിടയിലുള്ള കാട്ടിലാണ് അയാൾ താമസിക്കുന്നത്. അയാളുടെ കയ്യിലുള്ള സമ്പാദ്യം ഒരു പഴയ വെളുത്ത അംബാസഡർ കാറും ഒരു പഴയ റേഡിയോയും മാത്രമാണ്. തന്റെ എകാന്ത ജീവിതത്തിൽ റേഡിയോയിൽ ഹിന്ദി ഗാനങ്ങൾ കേൾക്കുക അയാളുടെ ഇഷ്ടവിനോദം ആയിരുന്നു.
ഏതൊരു മനുഷ്യനെയും പോലെ സമാധാനപരമായി ജീവിച്ചു കൊണ്ടിരുന്ന അയാളുടെ ജീവിതത്തിൽ ചില സംഭവങ്ങൾ ഉണ്ടായി. ചന്ദ്രശേഖറിന് നെക്രൽ കെമ്രാജെ എന്ന ഗ്രാമത്തിൽ 1.5 ഏക്കർ കൃഷിസ്ഥലം ഉണ്ടായിരുന്നു. അതായിരുന്നു അയാളുടെ ഏക ജീവിതമാർഗം. എന്നാൽ 2003ൽ സഹകരണ ബാങ്കിൽ നിന്ന് അയാൾക്ക് 40,000 രൂപ ലോൺ എടുക്കേണ്ടതായി വന്നു. പക്ഷേ അത് അടച്ച് തീർക്കാൻ അദ്ദേഹത്തിന് കഴിഞ്ഞില്ല. അതുകൊണ്ട് ബാങ്കുകാർ കൃഷിസ്ഥലവും വീടും ജപ്തി ചെയ്യുകയും ലേലം ചെയ്യുകയുമുണ്ടായി. കുറച്ചുനാൾ അയാൾ സഹോദരിയുടെ വീട്ടിൽ താമസിച്ചു. അവിടെ കുറച്ചു ദിവസം മാത്രം കഴിയാനേ അയാൾക്ക് കഴിഞ്ഞുള്ളൂ. അതിനു ശേഷമാണ് ഒറ്റയ്ക്ക് കാട്ടിൽ താമസിക്കാൻ തുടങ്ങിയത്. അങ്ങനെ 17 വർഷമായി അയാൾ കാട്ടിൽ താമസിക്കുന്നു.
ഇന്ന് അയാൾ ജീവിതത്തോട് പോരാടുകയാണ്. കാട്ടിലെ ഉണങ്ങിയ വള്ളികൾ ഉപയോഗിച്ച് കൊട്ടകൾ ഉണ്ടാക്കി വിറ്റാണ് അയാൾ അന്നന്നേക്കുള്ള സാധനങ്ങൾ വാങ്ങി പട്ടിണി കൂടാതെ കഴിയുന്നത്. ലോക്ഡൗൺ സമയത്ത് മാത്രം അയാൾക്ക് കുറച്ച് ബുദ്ധിമുട്ടേണ്ടി വന്നിട്ടുണ്ടായിരുന്നു. കടകൾ തുറക്കാത്തതിനാൽ കാട്ടിലെ കനികൾ മാത്രമായിരുന്നു അവരുടെ ഭക്ഷണം.
ഇദ്ദേഹത്തിന് അംബാസഡർ കാർ കൂടാതെ ഒരു പഴയ സൈക്കിളും ഉണ്ടായിരുന്നു. അടുത്തൊക്കെ പോകാൻ അയാൾ സൈക്കിളായിരുന്നു ഉപയോഗിക്കാറ്. കാട്ടുമൃഗങ്ങൾ ചുറ്റും ഉണ്ടായിട്ടും അയാൾക്ക് ഒരു ഭയവും തോന്നാറില്ല. കാട്ടു വിഭവങ്ങൾക്കും കാട്ടു മൃഗങ്ങൾക്കും ഒരു ദോഷവും വരുത്താത്തതിനാൽ ഫോറസ്റ്റ് ഉദ്യോഗസ്ഥർക്ക് അയാൾ കാട്ടിൽ താമസിക്കുന്നതിന് ഒരു കുഴപ്പവും ഇല്ല. കുറച്ചു വർഷങ്ങൾക്കു മുൻപ് എബി ഇബ്രാഹിം എന്ന ജില്ലാ കലക്ടർ ചന്ദ്രശേഖറിന്റെ കഷ്ടതയറിഞ്ഞ് താമസിക്കാൻ വീട് നിർമ്മിച്ചു കൊടുക്കാമെന്ന് പറഞ്ഞിരുന്നു. ആറന്തോട് പഞ്ചായത്തിൽ വന്ന് വാക്സിൻ എടുക്കാനും അയാൾ മറന്നില്ല. എത്ര കഷ്ടപ്പെട്ടിട്ടായാലും തന്റെ കൃഷിസ്ഥലം തിരിച്ചുപിടിക്കാൻ കഴിയുമെന്ന വിശ്വാസത്തിൽ തന്നെയാണ് ഈ അത്ഭുതമനുഷ്യൻ.
