ചപ്പാത്തി എല്ലാ ആളുകൾക്കും ഇഷ്ടമുള്ള ഒരു ഭക്ഷണമാണ്. നമ്മുടെ വീടുകളിൽ മിക്കപ്പോഴും ചപ്പാത്തി ഉണ്ടാക്കാറുണ്ട്. വീടുകളിൽ ഉണ്ടാക്കുന്ന ചപ്പാത്തിക്ക് കടകളിൽനിന്ന് വാങ്ങി ചപ്പാത്തിയേക്കാളും രുചി കൂടാറുണ്ട്. എന്നാൽ പലപ്പോഴും നമ്മുടെ വീട്ടിൽ ഉണ്ടാക്കുന്ന ചപ്പാത്തിക്ക് നമ്മൾ പ്രതീക്ഷിക്കുന്ന സോഫ്റ്റ്നസ്സ് ഉണ്ടാവണമെന്നില്ല. പല ആളുകൾക്കും നോർത്ത് ഇന്ത്യൻ സ്റ്റൈൽ ഫുൽക്ക റൊട്ടി ഇഷ്ടമായിരിക്കും. ഒട്ടും തന്നെ എണ്ണ ഉപയോഗിക്കാതെ ഉണ്ടാക്കിയെടുക്കുന്ന ഇത്തരം ഭക്ഷണ പദാർത്ഥങ്ങൾ നമ്മുടെ ശരീരത്തിന് വളരെ നല്ലതാണ്. മാത്രമല്ല വളരെ സോഫ്റ്റ് ആയ ഫുൽക്ക കഴിക്കാനും നല്ല ടേസ്റ്റ് ആണ്. ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ നമുക്കും വീട്ടിൽ സോഫ്റ്റായ ഫുൽക്ക തയ്യാറാക്കി എടുക്കാം.
ഇതിനായി ആവശ്യത്തിനായി ആട്ടപൊടി എടുത്തു അതിലേയ്ക്ക് ആവശ്യത്തിന് ഉപ്പ് ചേർക്കുക. ഇനി ഇത് നന്നായി മിക്സ് ചെയ്യുക. അതിനുശേഷം വെള്ളം ഒരുമിച്ച് ഇതിലേക്ക് ഒഴിക്കാതെ പുട്ടിന് കുഴയ്ക്കുന്നതുപോലെ കുറച്ചു മാത്രം വെള്ളം ചേർത്ത് കൊടുത്തു നന്നായി കുഴയ്ക്കുക. ഒട്ടും എണ്ണ ഇല്ലാതെയാണ് ഇവിടെ കുഴച്ചെടുക്കുന്നത്. ഇങ്ങനെ തയ്യാറാക്കുന്ന മാവിന് മുകളിൽ അരമണിക്കൂർ നേരം നനഞ്ഞ കോട്ടൺ തുണി ഉപയോഗിച്ച് വിരിക്കുക. അതിനുശേഷം ഇത് അടച്ചു വയ്ക്കണം. ഇങ്ങനെ ചെയ്താൽ മാവ് നന്നായി സോഫ്റ്റായി ലഭിക്കും. ഇനി ചെറിയ ഉരുളകളാക്കി ചപ്പാത്തി പരത്തി എടുക്കാം.
അതിനുശേഷം അടുപ്പിൽ പാൻ വയ്ക്കുക. ചൂട് കൂട്ടി വെച്ച് പാൻ നന്നായി ചൂടാക്കിയശേഷം മീഡിയം ലെവലിലേക്ക് കുറയ്ക്കുക. ഇനി പരത്തിയ ചപ്പാത്തി ഓരോന്നായി പാനിലേക്ക് ഇട്ട് ചെറിയ കുമിളകൾ വരുമ്പോൾ കൈകൊണ്ട് കറക്കി അപ്പുറം തിരിച്ചിടുക. ശേഷം ഇത് നേരിട്ട് വയ്ക്കുക. ഇപ്പോൾ കുമിളപോലെ ചപ്പാത്തി പൊങ്ങി വരുന്നത് കാണാം. കരിയുന്നതിനു മുമ്പുതന്നെ ഇത് മറിച്ചിടണം. ഒട്ടും തന്നെ എണ്ണമയമില്ലാത്ത ചുട്ടെടുക്കുന്ന ഫുൽക്ക ഇവിടെ തയ്യാറായിരിക്കുന്നു. ഇങ്ങനെ മാത്രം ചെയ്താൽ മതി, എല്ലാ ആളുകൾക്കും ഇഷ്ടപെടുന്ന സോഫ്റ്റായ ഫുൽക്ക തയ്യാറാക്കി എടുക്കാം.
