പലതരം കൃഷികൾ ചെയ്യുന്ന കർഷകർ ഉള്ള നാടാണ് നമ്മുടെ കേരളം. കർഷകർ നേരിടുന്ന പ്രധാന വെല്ലുവിളി തങ്ങൾ കൃഷി ചെയ്തുണ്ടാക്കുന്ന വിവിധതരം ഉൽപ്പന്നങ്ങൾക്ക് വില കിട്ടുന്നില്ല എന്നുള്ളതാണ്. പലപ്പോഴും ഈ സാഹചര്യം കൊണ്ട് കർഷകർ കടക്കെണിയിൽ ആവുകയും ജീവിതം വഴിമുട്ടി പോവുകയും ചെയ്യാറുണ്ട്. എന്നാൽ ഇപ്പോൾ പല രീതിയിലുള്ള നൂതനാശയങ്ങളും പുതിയതരം കാർഷിക ഉൽപന്നങ്ങളും കൃഷി ചെയ്യുവാൻ കർഷകർ തയ്യാറാകുന്നുണ്ട്. കുറഞ്ഞ ചെലവിൽ ചെറിയ സ്ഥലത്ത് വളരെ മികച്ച രീതിയിൽ ലാഭം ഉണ്ടാക്കാൻ പറ്റുന്ന ഒരു ഉൽപന്നമാണ് ഇഞ്ചി പുല്ല് വളർത്തൽ.
ഈ വേറിട്ട രീതിയിലുള്ള ഉൽപ്പന്നങ്ങൾ കൃഷി ചെയ്താൽ വളരെ മികച്ച ലാഭം നേടിയെടുക്കാൻ സാധിക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെ ഒരു വേളയിൽ നാരങ്ങാ പുല്ല് അഥവാ ഇഞ്ചി പുല്ല് വളർത്തലിനെ പ്രോത്സാഹിപ്പിച്ചുകൊണ്ട് സംസാരിക്കുകയുണ്ടായി. വളം ആവശ്യമില്ല എന്നുള്ളതും വന്യമൃഗങ്ങളുടെ ശല്യം ഉണ്ടാവുകയില്ല എന്നുള്ളതും ഈ കൃഷിരീതിയെ ഏറെ ഗുണം ഉള്ളതാകുന്നു.
ഫെബ്രുവരി മാർച്ച് മാസത്തിലാണ് ഇഞ്ചിപ്പുല്ല് നടാൻ അനുയോജ്യമായ സമയം. അഞ്ചു മുതൽ ആറു തവണ വരെ ഒരു നടീലിൽ നിന്ന് വിളവെടുക്കാൻ സാധിക്കും. നട്ടതിനുശേഷം അഞ്ചുമാസമെടുക്കും വിളവെടുപ്പിന് അനുയോജ്യമാകാൻ. ചെറിയൊരു സ്ഥലത്ത് കൃഷി ഇറക്കിയാൽ ഇഞ്ചി പുല്ലിൽ നിന്ന് അഞ്ചുമുതൽ ആറു ലിറ്റർ വരെ എണ്ണ വേർതിരിച്ചെടുക്കാൻ നമ്മൾക്ക് സാധിക്കും. ഒരു ലിറ്റർ നാരങ്ങാ പുല്ലിന്റെ എണ്ണയ്ക്ക് 1000 മുതൽ 1500 രൂപ വരെ വില ലഭിക്കും.
ഇഞ്ചിപ്പുല്ല് വിളവെടുക്കാൻ പാകമായോ എന്ന് മനസ്സിലാക്കുന്നത് പുല്ല് മുറിച്ച് മണപ്പിച്ചു നോക്കുമ്പോഴാണ്. നല്ല നാരങ്ങയുടെ സുഗന്ധം കിട്ടിയാൽ വിളവെടുപ്പിന് അനുയോജ്യമായ സമയമായി എന്നാണർത്ഥം. ചിലവുകൾ കുറച്ചാൽ ഏകദേശം 70,000 മുതൽ 120000 വരെ ലാഭം നേടാൻ സാധിക്കും.
