നമ്മുടെ വീടുകളിൽ സമ്മാനം ലഭിച്ച ഗ്ലാസ്സുകളും പാത്രങ്ങളും ഉണ്ടായിരിക്കും. പ്രത്യേകിച്ച് പല കടകളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും പാരിതോഷികമായി ലഭിച്ച നല്ല ഭംഗിയുള്ള ഗ്ലാസ്, പാത്രങ്ങൾ എന്നിവ ഉണ്ടായിരിക്കും. ഇത്തരത്തിലുള്ള ഗ്ലാസ്, പാത്രങ്ങൾ എന്നിവയിൽ എല്ലാം ആ കടയുടെയോ സ്ഥാപനത്തിന്റെയോ പേര് പ്രിന്റ് ചെയ്തിട്ടുണ്ടാകും.
ഇക്കാരണത്താൽ വിരുന്നുകാർ വരുമ്പോൾ നമ്മൾ ഇത്തരം ഗ്ലാസുകൾ ഉപയോഗിക്കാറില്ല. ഇതൊരു ഭംഗി കേടായാണ് എല്ലാവരും കരുതാറുള്ളത്. അതിനാൽ തന്നെ എത്ര ഭംഗിയുള്ള ഗ്ലാസുകൾ ആയാലും ഇവ ഉപയോഗിക്കാൻ എടുക്കാതെ അടുക്കളയുടെ ഒരു മൂലയിൽ നമ്മൾ വയ്ക്കുകയാണ് പതിവ്. എന്നാൽ ഇവിടെ പരിചയപ്പെടുത്തുന്ന ടിപ്പ് ഉപയോഗിക്കുകയാണെങ്കിൽ ഇത്തരം ഗ്ലാസുകൾ പിന്നീട് ഉപയോഗിക്കാതെ മാറ്റിവയ്ക്കേണ്ടി വരില്ല.
പകരം ഇവയിൽ പ്രിന്റ് ചെയ്തിരിക്കുന്ന പേരുകൾ എല്ലാം തന്നെ ഒരു പാട് പോലുമില്ലാതെ വളരെ എളുപ്പത്തിൽ ക്ലീൻ ചെയ്തെടുക്കാം. ഇതെങ്ങനെയാണ് ചെയ്യുന്നതെന്ന് നോക്കാം. ആദ്യമായി പ്രിന്റ് ചെയ്ത ഗ്ലാസുകളും പാത്രങ്ങളും എടുക്കുക. ഇതിനുശേഷം ഇവ തുടച്ചു വൃത്തിയാക്കുക. ശേഷം അൽപം വിനാഗിരി എടുക്കുക. ഇതൊരു ബ്രഷിലോ തുണിയിലോ മുക്കി പ്രിന്റ് ചെയ്തിരിക്കുന്നതിന്റെ മുകളിലൂടെ നന്നായി ഉരച്ചു കൊടുക്കുക. അതിനുശേഷം ഒരു കുഴിവുള്ള പാത്രത്തിൽ അല്പം വിനാഗിരി ഒഴിച്ച് പ്രിന്റ് ചെയ്തിരിക്കുന്ന ഗ്ലാസുകളിലെ പ്രിന്റ് വിനാഗിരിയിൽ മുങ്ങിക്കിടക്കുന്ന രീതിയിൽ അനക്കാതെ വയ്ക്കുക. അരമണിക്കൂർ നേരം ഇങ്ങനെ ഗ്ലാസ് വിനാഗിരിയിൽ മുങ്ങി കിടക്കണം. അതിനുശേഷം തുണി ഉപയോഗിച്ച് ബ്രഷ് ഉപയോഗിച്ച് തുടച്ചു കൊടുക്കാവുന്നതാണ്. ഇങ്ങനെ ചെയ്താൽ വളരെ പെട്ടെന്ന് തന്നെ പ്രിന്റ് മാഞ്ഞു പോകുന്നത് കാണാം. ഇനി ഭംഗിയുള്ള ഗ്ലാസുകൾ ആരും കാണാതെ ഒതുക്കി വയ്ക്കേണ്ട ആവശ്യമില്ല.
