കേരളീയരുടെ ഭക്ഷണത്തിന്റെ പ്രധാന ഭാഗമാണ് കപ്പ എന്നറിയപ്പെടുന്ന മരച്ചീനി. കപ്പകളിലെ ഭീമനാണ് സുമോ കപ്പ. പേര് സൂചിപ്പിക്കും പോലെ തന്നെ വലിയ കിഴങ്ങുകൾ ആണ് സുമോയുടെ പ്രത്യേകത. കിന്റൽ കപ്പയിൽ പെടുന്ന ഇനമാണ് സുമോ. ഓരോ ചുവടിലും 50 മുതൽ 60 കിലോ വരെ വിളവ് കിട്ടും . നല്ല പരിപാലനം ആണെങ്കിൽ 100 മുതൽ 150 കിലോ വരെ തൂക്കം വയ്ക്കും.
സാധാരണ കപ്പ നടുന്നതിൽ നിന്ന് അല്പം വ്യത്യസ്തമായ രീതിയിലാണ് സുമോ കപ്പ നടേണ്ടത്. കുറച്ചുകൂടി ആഴത്തിൽ കുഴിയെടുക്കുക. നാലടി നീളത്തിലും നാലടി വീതിയിലും രണ്ടടി ആഴത്തിലും കുഴിയെടുക്കുക. കോഴിവളം മണ്ണിലിട്ട് ഒന്ന് കൊത്തി മിക്സ് ആക്കിയിട്ടാണ് നമ്മൾ കമ്പ് നടുന്നത് . നമുക്കിത് ഏത് കാലത്ത് വേണമെങ്കിലും കൃഷി ചെയ്ത് എടുക്കാം. കമ്പ് നടും മുൻപ് കുമ്മായം ലേശം ഒന്ന് മിക്സ് ചെയ്തു മണ്ണിൽ കൊത്തിയിടാം.
8 – 10 മാസം ആകുമ്പോഴേക്കും കപ്പ മൂത്ത് പാകമാകും. സുമോ കപ്പയിൽ ഗ്ലൂക്കോസ് കുറവായതിനാൽ പ്രമേഹ രോഗികൾക്കും കഴിക്കാവുന്നതാണ്. സാധാരണ കപ്പയെക്കാൾ കൂടുതൽ രുചിയും ഗുണവും ആണ് സുമോ കപ്പയ്ക്ക്.
