മലയാളികളുടെ ഒരു ഇഷ്ടവിഭവമാണ് കൂർക്ക ഉപയോഗിച്ച് ഉണ്ടാക്കുന്ന കറികൾ. കൂർക്ക പാകംചെയ്യാൻ നേരത്ത് നേരിടുന്ന പ്രധാന പ്രശ്നം കൂർക്കയുടെ തോൽ കളയുന്നതാണ്. വളരെ ചെറിയ കിഴങ്ങ് വർഗ്ഗത്തിൽപ്പെട്ട പച്ചക്കറി ആയതിനാലാണ് തോൽ നീക്കംചെയ്യാൻ കഷ്ടപ്പാട് ഉണ്ടാവുന്നത്.
കൂർക്കയുടെ തോൽ എളുപ്പത്തിൽ നീക്കം ചെയ്യാൻ പൊടിക്കൈകൾ പരിചയപ്പെടുത്തുകയാണ്. സാധാരണയായി കൂർക്കയുടെ തൊലി കളയുന്നതിനായി ചെയ്യുന്ന രീതി ചെറിയ ചാക്കിലോ തുണിയിലോ കൂർക്ക ഇട്ടതിനുശേഷം തറയിലോ ചുമരിലോ അടിക്കുക എന്നുള്ളതാണ്. ഈ പ്രക്രിയ വളരെ ആയാസാംമേറിയതും സമയമെടുക്കുന്നതുമാണ്.
ഈ പഴയ രീതിയെ അപേക്ഷിച്ച് വളരെ വേഗം തൊലി നീക്കം ചെയ്യാൻ സാധിക്കുന്ന ടിപ്പാണ് പരിചയപ്പെടുത്തുന്നത്. ഇതിനായി ആദ്യം പാകം ചെയ്യാൻ വേണ്ട അത്രയും കൂർക്ക നന്നായി മണ്ണെല്ലാം കളഞ്ഞു കഴുകിയെടുക്കുക. കഴുകിയെടുത്ത കൂർക്ക ഒരു കുക്കറിലേക്ക് മാറ്റുക. കുക്കറിൽ വളരെ കുറച്ചു മാത്രം വെള്ളം ഒഴിച്ചു കൊടുക്കാം. കുക്കറിലിട്ട് കൂർക്ക അടിയിൽ പിടിക്കാതിരിക്കാനാണ് വെള്ളം ഒഴിച്ചു കൊടുക്കുന്നത്.
കൂർക്കയിട്ട കുക്കർ അടച്ചതിനു ശേഷം സ്റ്റൗലേക്ക് മാറ്റാം. കുറച്ചുനേരം മാത്രം കുക്കറിലിട്ട് കൂർക്ക വേവിച്ചാൽ മതിയാകും. കുക്കറിന്റെ വിസിൽ അടിക്കുന്നത് വരെ കാത്തിരിക്കണം എന്നൊന്നുമില്ല. കൂർക്ക പാതി വേവ് ആകുമ്പോൾ തന്നെ കുക്കറിൽ നിന്ന് ഇവ മാറ്റാവുന്നതാണ്. ഒരുപാട് വേവ് ആകുന്നതിനു മുൻപ് തന്നെ കുക്കർ ഓഫ് ചെയ്യാൻ ശ്രദ്ധിക്കേണ്ടതാണ്.
കുക്കറിൽ നിന്ന് പാതി വേവ് ആയ കൂർക്ക എടുത്ത് കൈകൊണ്ടുതന്നെ നിഷ്പ്രയാസം കൂർക്കയുടെ തോൽ പൊളിച്ച് എടുക്കാവുന്നതാണ്. ഉരുളക്കിഴങ്ങ് ഒക്കെ പാതി വേവിച്ച് തോൽ പൊളിച്ച് എടുക്കുന്നതുപോലെ കൂർക്കയുടേയും വേഗത്തിൽ കൈകൊണ്ട് പൊളിച്ചെടുക്കാം. തോൽ പൊളിക്കാനായി പാതി വേവിച്ച കൂർക്ക ആയതിനാൽ കറി ഉണ്ടാക്കുമ്പോൾ വേഗത്തിൽ കൂർക്ക തയ്യാറാക്കി എടുക്കാൻ സാധിക്കും.
