ഇന്ന് മൊബൈൽ ഫോൺ ഉപയോഗിക്കാത്തവരായി ആരും തന്നെ ഉണ്ടാവില്ല. ഒരു വീട്ടിൽ തന്നെ കുറഞ്ഞത് രണ്ടു ഫോണെങ്കിലും കാണും. കൂടാതെ മൊബൈലിന്റെ എണ്ണത്തെക്കാളും കൂടുതൽ ചാർജറുകൾ നമ്മുടെ കയ്യിൽ എന്തായാലും കാണും. കാരണം സാദാരണ ഒരു ചാർജറിന്റെ ആയുസ്സ് കൂടിപ്പോയാൽ രണ്ടു കൊല്ലമേ കാണത്തുള്ളു. അങ്ങനെ അതൊരു പാഴ്‌വസ്തുവായി വീട്ടിലിങ്ങനെ കിടക്കും. ഇത്തരം കേടായ ചാർജറുകളൊക്കെ ഭംഗിയുള്ള ഒരു ഹാങ്ങിങ് ഫ്രെയിമാക്കി മാറ്റം.
മുമ്പ് പറഞ്ഞതുപോലെ ഒരു ചാർജർ (ഡാറ്റാ കേബിൾ ആയാലും മതി), കളർ പേപ്പറുകൾ, കട്ടിയുള്ള കാർബോർഡ് കഷണം, ഫെവിക്കോൾ, കത്രിക, നൂൽ എന്നിവയൊക്കെ വേണം. ഇനി ചെയ്യേണ്ടേ രീതിയിലേക്ക് കടക്കാം. ആദ്യം തന്നെ ചാർജർ കേബിൾ മുറിച്ചെടുക്കണം. പിന്നും പ്ലഗുമെല്ലാം ഒഴിവാക്കി വയർ മാത്രമായാണ് മുറിച്ചെടുക്കേണ്ടത്. അതിനുശേഷം മുറിച്ചുമാറ്റിയ വയർ കളർ ചെയ്യേണ്ടതുണ്ട്. ഇതിനുവേണ്ടി ഫാബ്രിക് പെയിന്റോ ഓയിൽ അടങ്ങിയ ഇനാമൽ പെയിന്റോ ഉപയോഗിക്കാം. പച്ച നിറത്തിലുള്ള ചായം തന്നെ എടുക്കുക. ഇനി നമുക്ക് ഫ്രെയിം ഉണ്ടാക്കാനുള്ള കാർബോർഡ് കഷണം മുറിച്ചെടുക്കാം. വീട്ടിൽ ലഭ്യമായ ഏതെങ്കിലും പെട്ടിയിൽ നിന്നു നിങ്ങൾക്ക് ഇഷ്ടമുള്ള വലുപ്പത്തിൽ കാർബോർഡ് മുറിച്ചെടുക്കണം. എന്നിട്ട് അതിലൊരു കളർ പേപ്പർ ഒട്ടിച്ചു ഫിൽ ചെയ്യണം. അതിന്റെ പുറകുവശത്തായി ഒരു നൂലുപയോഗിച്ചു കൊളുത്ത് പോലെ ഒന്ന് ഉണ്ടാക്കണം. ഇത്രെയും ചെയ്യുമ്പോൾ ഫ്രെയിം റെഡിയാവും.
അടുത്തതായി ഫ്രെയിമിനെ അലങ്കരിക്കാനായി പേപ്പർ ഫ്ലവര്സ് ഉണ്ടാക്കണം. അതിനായി ഇഷ്ടനിറത്തിലുള്ള ഒരു പേപ്പർ എടുത്തതിനു ശേഷം കോണുകൾ തമ്മിൽ ബന്ധിപ്പിച്ചു മടക്കുക. എന്നിട്ട് ഇംഗ്ലീഷ് അക്ഷരം ‘എം’ എന്ന ആകൃതിയിൽ പേപ്പറിൽ വരക്കണം. തുടർന്ന് ആ വരച്ച ഭാഗം മുറിച്ചെടുത്ത് അതിന്റെ അടിവശവും ചെറുതായി മുറിക്കണം. ഇതുപോലെ നാല് എണ്ണം കൂടി നിർമ്മിക്കേണ്ടതുണ്ട്. അതിനുശേഷം എല്ലാ പേപ്പറിൽനിന്നും ഓരോ ഇതളായി മുറിച്ചെടുക്കണം. അവസാനം എല്ലാ ഇതളും കൂട്ടിവെച്ച് ഒട്ടിക്കണം.ഇതിനായി ഫെവിക്കോൾ ഉപയോഗിക്കാം. എല്ലാം ഒന്നിന് മുകളിൽ ഒന്നായി ഒട്ടിച്ചുവെച്ചാൽ ഒരു പൂവിന്റെ ആകൃതിയിൽ പേപ്പറിനെ മാറ്റിയെടുക്കാം.
ഇതുപോലെ രണ്ടെണ്ണം കൂടി ഉണ്ടാക്കണം. ഇനി പച്ചനിറത്തിലുള്ള ഒരു പേപ്പർ കൊണ്ട് ഇലകൾ ഉണ്ടാക്കണം. അതും കൂടി ചെയ്തു കഴിയുമ്പോൾ നമ്മുടെ ഏറെക്കുറെ പണികൾ ഒക്കെ തീരും. അടുത്തത് മുമ്പ് ഉണ്ടാക്കിവെച്ച ഫ്രെയിമിൽ ഈ പേപ്പർ ഫ്ലവർസും വയറും ഇലകളുമൊക്കെ ഒട്ടിക്കണം. നിങ്ങളുടെ ഇഷ്ടമനുസരിച്ച് പല ആകൃതിയിലും ഒട്ടിക്കാം. അതൊരുവിധം ഒട്ടിക്കഴിഞ്ഞാൽ നമുക്ക് ഈ ഫ്രെയിം എവിടെയെങ്കിലും തൂക്കി വെക്കാം. ഈ അലങ്കാരവസ്തുവിന്റെ പ്രധാന ഹൈലൈറ്റ് പച്ച നിറത്തിലുള്ള വയർ തന്നെയാണ്. ഒരു ഫ്രെയിമിൽ ത്രിമാന ദൃശ്യം വരച്ചുവെച്ചതുപോലെയുണ്ടാവും കാണാൻ. അധികം ചിലവും സമയവും ഇല്ലാതെ തന്നെ എല്ലാവർക്കും ഉണ്ടാക്കാൻ പറ്റിയ ഒരു ക്രാഫ്റ്റ് തന്നെയാണിത്.
