സ്വന്തമായി ഒരു വരുമാനമാർഗം ഉണ്ടാക്കാൻ എല്ലാ ആളുകൾക്കും താൽപര്യമാണ്. എന്നാൽ ഏത് രീതിയിൽ സംരംഭങ്ങൾ ആരംഭിച്ചാൽ ആണ് വരുമാനം ഉണ്ടാവുക എന്നത് പല ആളുകൾക്കും ഉള്ള സംശയമാണ്. പല ആളുകളും വളരെ എളുപ്പത്തിൽ ലാഭം ഉണ്ടാക്കാം എന്ന് കരുതി കോഴി വളർത്തൽ ഒരു വരുമാനമാർഗം ആക്കി ആരംഭിക്കുന്നത് കാണാറുണ്ട്. എന്നാൽ ഇങ്ങനെയുള്ള ആളുകളിൽ കാര്യമായ രീതിയിൽ ശ്രദ്ധിക്കാതെ നഷ്ടം വന്ന് കോഴി വളർത്തൽ ലാഭകരമല്ല എന്ന് പറഞ്ഞുപോകുന്നവർ ഉണ്ട്. ശരിയായ രീതിയിൽ ശ്രദ്ധിച്ചാൽ കോഴിവളർത്തൽ നിങ്ങൾക്ക് ലാഭകരം ആക്കി മാറ്റാൻ സാധിക്കും.
പ്രധാനമായും കോഴികൾക്ക് നൽകുന്ന ഭക്ഷണത്തിൽ ചിലവ് കുറച്ചു കൊണ്ട് മുട്ട ഉൽപാദനം കൂട്ടുക എന്നതാണ് കോഴി വളർത്തൽ ലാഭകരമാക്കാൻ സാധിക്കുന്ന ഒരു കാര്യം. ഇതിനായി വീട്ടിൽ തന്നെ തയ്യാറാക്കുന്ന ഭക്ഷണം ഇവർക്ക് നൽകാം. ഇതെങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് നോക്കാം. ഇതിനായി നമുക്ക് വാഴപ്പിണ്ടി ആവശ്യമുണ്ട്. വാഴപ്പിണ്ടി ചെറുതായരിഞ്ഞത് ഒരു ബേസിൻ നിറച്ച് എടുക്കുക.
ഇനി പേരയില, ചേമ്പില, കോവയ്ക്കയുടെ ഇല, വാഴയില എന്നിവ ഓരോ പിടി വീതം എടുത്ത് മിക്സിയിൽ നന്നായി അരച്ചെടുക്കുക. ഒരു കപ്പ് ചക്കക്കുരു പുഴുങ്ങി എടുക്കേണ്ടതാണ്. ഇതും മിക്സിയിൽ അരച്ചെടുക്കണം. ഇത് ഇലകൾ അരച്ചതിലേക്ക് ചേർത്ത് മിക്സ് ചെയ്യുക. ഇനി നമുക്ക് മീൻ വേസ്റ്റ് തയ്യാറാക്കി എടുക്കാം. ആവശ്യത്തിന് മീൻ വേസ്റ്റും വാങ്ങി ഇതിൽ ഉപ്പും മഞ്ഞപ്പൊടിയും ഇട്ട ശേഷം നന്നായി വേവിച്ച് എടുക്കണം. ഇനി ഇതിലെ മുള്ളുകൾ മാറ്റണം. ശേഷം ഇതിലേക്ക് നേരത്തെ തയ്യാറാക്കിവെച്ച ഇലകളുടെ മിക്സ് ചേർത്തിളക്കുക.
ഇനി ഇതിലേക്ക് ഗോതമ്പ്, ഗോതമ്പ് തവിട്, അരി, ചോള തവിട് എന്നിവ ചേർത്ത് നന്നായി മിക്സ് ചെയ്യുക. ഇനി ഇതിലേക്ക് അല്പം ചോറും ഒരു ഗ്ലാസ് മോരും ഒഴിച്ച് നന്നായി ഇളക്കുക. മൊത്തത്തിൽ ലൂസ് ആകാത്ത രീതിയിൽ ഇളക്കിയതിനു ശേഷം കോഴികൾക്ക് ആഴ്ചയിലൊരിക്കൽ നൽകാവുന്നതാണ്. ഇങ്ങനെ ചെയ്താൽ തന്നെ ഇവയിലുള്ള ഗുണങ്ങളെല്ലാം കോഴികൾക്ക് നേരിട്ട് ലഭിക്കും. ഇതനുസരിച്ച് കോഴികളുടെ വളർച്ചയും മുട്ടയുടെ ഉൽപാദനവും കൂടും. കോഴി വളർത്തൽ ആഗ്രഹിക്കുന്ന ആളുകൾ ഈ രീതിയിൽ ചെയ്യാം.
