ഒരിക്കലെങ്കിലും ഗ്യാസ് അടുപ്പിന്റെ ലോ ഫ്ളയിം ഇഷ്യൂ കാരണം അല്പം ബുദ്ധിമുട്ടിയവരായിരിക്കും നമ്മൾ. ദിവസവും ഉപയോഗിക്കുന്ന ഉപകരണമായതിനാലും പാചകം ചെയ്യുമ്പോൾ പലവിധ അഴുക്കുകൾ ഉണ്ടാവുന്നതിനാലും സ്റ്റവ് വൃത്തിയാക്കി സൂക്ഷിക്കേണ്ടതുണ്ട്. പക്ഷെ സ്റ്റവിന്റെ അടിയിലെ സംഗതികളെ വൃത്തിയാക്കിവെക്കാൻ നമ്മൾ പലപ്പോളും മറക്കും. അപ്പോളാണ് സ്റ്റവിന്റെ പ്രവർത്തനത്തിൽ പലവിധ പ്രശ്നങ്ങളും ഉണ്ടാവുന്നത്. ഇവിടെയാണ് പാലക്കാട് സ്വദേശിയും വീട്ടമ്മയുമായ രഹി രാജേഷ് തന്റെ യൂട്യൂബ് ചാനലായ ‘പച്ചില ഹാക്‌സി’ലൂടെ നമുക്കൊരു വിദ്യ പരിചയപ്പെടുത്തിതരുന്നത്.
ലോ ഫ്ളയിം പ്രശ്നം നേരിടുമ്പോൾ സാധാരണ നമ്മൾ അടുത്തുള്ള സർവീസ് സെന്ററിനെയോ റിപ്പയറിങ് കടകളെയൊ ഒക്കെയാണ് ആശ്രയിക്കാറ്. അങ്ങനെ ചെയ്യുമ്പോൾ കുറഞ്ഞത് ഇരുന്നൂറോ മുന്നൂറോ രൂപ അവർക്ക് കൊടുക്കേണ്ടിവരും. കൂടാതെ അന്നത്തെ ദിവസം മുഴുവൻ സ്റ്റോവ് കടയിൽ വെക്കേണ്ടിയും വരും. ഈ ബുദ്ധിമുട്ടുകൾ ഒന്നും നേരിടാതെ തന്നെ നമ്മുടെ വീട്ടിൽ നിന്നു തന്നെ വെറും ഒരു ഉപകരണം ഉപയോഗിച്ച് ഇത് നന്നാക്കിയെടുക്കാം.
ഇനി ശരിയായ രീതിയിൽ എങ്ങനെ ഗ്യാസ് അടുപ്പ് വൃത്തിയാക്കി അതിന്റെ കാര്യക്ഷമത വീണ്ടെടുക്കാമെന്നു നോക്കാം. ആദ്യം തന്നെ ഗ്യാസ് സ്റ്റവും റെഗുലേറ്ററും ഓഫ് ആക്കിവെച്ചു എന്ന് ഉറപ്പുവരുത്തുക. അതിനുശേഷം എല്ലാ ബർണറുകളും എടുത്തു മാറ്റിവെക്കുക. ഒരു തുണി ഉപയോഗിച്ച് വേണം എടുത്തു മാറ്റാൻ, എന്തെന്നാൽ ബർണറിൽ ചൂട്,കരി ഒക്കെ ഉണ്ടാവാൻ സാധ്യതയുണ്ട്. എല്ലാ ബർണറും അഴിച്ചുമാറ്റിയശേഷം സ്റ്റവ് മറിച്ചുവെക്കുക. വലുതും ചെറുതുമായ ഏതാനും പൈപ്പുകൾ നിങ്ങൾക്കിപ്പോൾ കാണാൻ സാധിക്കും. സിലിണ്ടറിൽനിന്നും ബർണറിലേക്ക് ഗ്യാസ് വഹിച്ചുകൊണ്ട് പോകുന്ന പൈപ്പാണത്. ആ വലിയ പൈപ്പിനുള്ളിൽ സ്വർണ നിറത്തിൽ ഒരു ചെറിയ നോബ് കാണാം, അതിനുള്ളിൽ ഒരു ദ്വാരവും കാണാം. ഒരു ടോർച്ചിന്റെ സഹായം കൂടിയുണ്ടെങ്കിൽ എളുപ്പത്തിലത് ദൃശ്യമാകും. ഈ ദ്വാരമാണ് ക്ലീൻ ചെയ്യേണ്ടത്. അതിനു വേണ്ടി നമ്മളിവിടെ ഒരു കോപ്പർ വയറാണ് ഉപയോഗിക്കുന്നത്.
എല്ലാ വീട്ടിലും സുലഭമായി കിട്ടുന്ന സാധാ ഇലക്ട്രിക് വയറിന്റെ ഇൻസുലേഷൻ കളഞ്ഞാൽ കോപ്പർ വയർ ലഭിക്കും. പരമാവധി നേരിയ കോപ്പർ വയർ എടുത്തതിനു ശേഷം നോബിനുള്ളിലെ ദ്വാരത്തിൽ കയറ്റിയിറക്കുക. മൂന്ന്-നാല് വട്ടം ഇങ്ങനെ ചെയ്യുമ്പോൾ തന്നെ അകത്തുള്ള പൊടികളും അഴുക്കുകളും ഒക്കെ പോകും. സംഗതി ഇത്രയേ ഉള്ള, ഇനി സ്റ്റോവ് നേരെ വച്ച് കത്തിച്ചു നോക്കൂ, ആദ്യം വളരെ മന്ദഗതിയിൽ കത്തിയ ബർണർ ഇപ്പോൾ ശരിയായി കത്തുന്നത് കാണാം. പഴയ അടുപ്പാണ് നിങ്ങളുടെ കൈവശമുള്ളതെങ്കിൽ ഈ രീതി ഇടയ്ക്കിടെ ചെയ്യേണ്ടിവരും. ഗ്യാസ് അടുപ്പ് ഉപയോഗിക്കുന്ന എല്ലാവർക്കും ഉപകാരപ്പെടുന്ന ഒരു അറിവ് തന്നെയാണ് രഹി രാജേഷ് തന്റെ യൂട്യൂബ് ചാനലിലൂടെ പങ്കുവെച്ചിരിക്കുന്നത്.
Summary: Repair low flame issue in gas stoves
