ഗ്രാമീണ ജീവിതങ്ങളുടെ നേർക്കാഴ്ചയും ഭംഗിയും ആസ്വദിക്കാൻ ദിവാർ ഐലൻഡ്; ഗോവയുടെ മറ്റൊരു മുഖം

യാത്രകൾ ഇഷ്ടപ്പെടുന്നവർ ധാരാളമാണ്. ഏതൊരു യാത്രാ പ്രേമിയുടെയും ഏറ്റവും വലിയ ആഗ്രഹമാണ് ഗോവയിലേക്ക് പോകുക എന്നുള്ളത്. ഇന്ത്യയിലെ ഏറ്റവും വലിയ ടൂറിസ്റ്റ് കേന്ദ്രമാണ് ഗോവ. വിദേശികൾ പോലും ഇന്ത്യയിൽ ഏറ്റവും അധികം എത്തുന്ന സ്ഥലം ഗോവയാണ്. ഗോവയിലേക്ക് ആളുകളെ ഏറ്റവുമധികം ആകർഷിക്കുന്നത് ദ്വീപുകളും, ബീച്ചുകളും, കടൽത്തീരവും നഗരങ്ങളുമൊക്കെ തന്നെയാണ്.

ഇന്ത്യയിലെ ഏറ്റവും ചെറിയ സംസ്ഥാനം ആയിരുന്നിട്ടും, നിരവധി ബീച്ചുകളാലും തിരക്കേറിയ നഗരങ്ങളാലും നിറഞ്ഞതാണ് ഗോവ. എന്നാൽ തിരക്കേറിയ നഗരങ്ങൾക്ക് അപ്പുറം ഗ്രാമീണ ജീവിതങ്ങളുടെ നേർക്കാഴ്ച കാണിക്കുന്ന ഒരു ദ്വീപുണ്ട് ഗോവയിൽ. ഏറെ ആരും സഞ്ചരിക്കാത്ത വഴിയിലൂടെ യാത്ര ചെയ്യാൻ താൽപര്യമുള്ളവർക്ക് ഗോവയിലെ ഈ ദ്വീപിലേക്ക് പോകാം. അതാണ് ദിവാർ ഐലൻഡ്.

ഗോവയിലെ നദീ ദ്വീപുകളിൽ ഏറ്റവും വലുതാണിത്. വടക്കൻ ഗോവയിൽ മണ്ഡോവി നദിയിലെ ഒരു ദ്വീപാണ് ദിവാർ ഐലൻഡ്. ഓൾഡ് ഗോവയുടെ മണ്ഡോവി തീരത്തിനു സമീപമാണ് സഞ്ചാരികളെ ഏറെ ആകർഷിക്കുന്ന ഈ ദ്വീപ്. കൊറോവോ, തിസ്‌വദ്ദി എന്നീ രണ്ടു വലിയ ദ്വീപുകളുടെ ഇടയിലാണ് ഇത് സ്ഥിതി ചെയ്യുന്നത്. ശ്രീ മഹാമായ, ഗണേഷ്, സപ്തകോടേശ്വർ, ദ്വാരക എന്നിങ്ങനെ നാലു മഹാക്ഷേത്രങ്ങൾ ഈ ദ്വീപിൽ ഉണ്ടായിരുന്നു. അതുകൊണ്ടു തന്നെ 12,13 നൂറ്റാണ്ടുകളിൽ കൊങ്കണ ഹിന്ദു സമൂഹത്തിന്റെ പ്രധാന തീർഥാടനകേന്ദ്രമായിരുന്നു ഈ ദ്വീപ്. നാലു ഗ്രാമങ്ങളിലായി രണ്ടായിരം പേർ ഇവിടെ ഇന്നും താമസിക്കുന്നു. നൂറ്റാണ്ടുകൾക്കു മുൻപ് ഈ ഐലൻഡും വലിയൊരു ജനവാസകേന്ദ്രമായിരുന്നു . എന്നാൽ, പോർച്ചുഗീസ് അധിനിവേശ കാലത്ത് ഇവിടെ താമസിക്കുന്ന ജനങ്ങൾ ഈ സ്ഥലം ഉപേക്ഷിച്ചുപോയി.

നറോറ ഗ്രാമത്തിലെ പ്രധാന കാഴ്ചയാണ് പന്ത്രണ്ടാം കദംബ രാജവംശത്തിന്റെ നൂറ്റാണ്ടിൽ നിർമിച്ച സപ്തകോടേശ്വർ ക്ഷേത്രവും ക്ഷേത്രക്കുളവും. പൈദേദ് ഗ്രാമത്തിൽ കദംബരാജവംശത്തിന്റെ അവശേഷിപ്പുകളും ശവകുടീരങ്ങളും കാണാം. ഈ ഗ്രാമത്തിൽ തന്നെയാണ് ക്രൈസ്തവ ദേവാലയം അവർ ലേഡി ഓഫ് പൈദേദ് സ്ഥിതിചെയ്യുന്നത്. ഈ ദേവാലയത്തിന് ഭംഗി ആസ്വദിക്കാനും ധാരാളം സഞ്ചാരികൾ ഇവിടെ എത്താറുണ്ട്. പഴയകാല ഗോവൻ ജനവാസകേന്ദ്രങ്ങളുടെ ഇന്നും അവശേഷിക്കുന്ന മാതൃകയാണെന്ന് പറയാം മലാർ ഗ്രാമത്തെ. പച്ചപ്പുനിറഞ്ഞ ഗ്രാമവും മലനിരകളും ഈ ഗ്രാമത്തിൻറെ മാറ്റുകൂട്ടുന്നു.

പനാജിയിൽ നിന്ന് 10 കിലോമീറ്റർ അകലെയാണ് ഈ ഐലൻഡ്. മണ്ഡോവി നദിയിലെ കടത്തു കടന്നു മാത്രമേ ദിവാർ ഐലൻഡിലേക്ക് എത്തിച്ചേരാൻ കഴിയുള്ളൂ. ഓൾഡ് ഗോവ, നാറോറ, റിബൺഡർ എന്നിവിടങ്ങളിൽ നിന്ന് പുലർച്ചെ 7 മുതൽ രാത്രി 8 വരെ ഫെറി സർവീസ് ഉണ്ട്. ഗ്രാമീണ ജീവിതവും പ്രകൃതിസൗന്ദര്യവും ആസ്വദിക്കാൻ ആഗ്രഹിക്കുന്നവർക്ക് വളരെ നല്ലൊരു അനുഭവമായിരിക്കും ഈ ഒരു ഗ്രാമത്തിൽ നിന്ന് ലഭിക്കുക. ഗോവ എന്ന് കേൾക്കുമ്പോൾ തന്നെ തിരക്കേറിയ നഗരങ്ങളും ബീച്ചുകളും മാത്രമാണെന്ന് വിചാരിക്കുന്നവർക്ക് ഗോവയുടെ മറ്റൊരു പുറം കാട്ടുന്നതാണ് ഈ ഐലൻഡ്.

Malayalam News Express