പൊതുവേ, തമാശകൾ എല്ലാവർക്കും ഇഷ്ടമാണ്. എത്ര വിഷമിച്ചിരിക്കുന്ന സാഹചര്യമായാലും നല്ലൊരു തമാശ കേട്ടാൽ അത് ആസ്വദിക്കാത്തവരായി ആരുമുണ്ടാവില്ല. എല്ലാ തമാശകളും അങ്ങിനെയാണോ? അല്ല, ചില തമാശകൾ അതിരു കടക്കാറുണ്ട്. മുന്നും പിന്നും ഒന്നും നോക്കാതെ അപ്പോഴത്തെ ഒരു മനഃസുഖത്തിന് തമാശ രൂപേണ നമ്മൾ പറയുന്ന ചില തമാശകൾ, അത് കേൾക്കുന്ന വ്യക്തിയെ ഏതു തരത്തിൽ ബാധിക്കും എന്ന് നമ്മൾ ആലോചിക്കാറില്ല. അങ്ങിനെയും ഒരു കുഴപ്പം ഈ പറയുന്ന തമാശകൾക്കുണ്ട്. ചില സന്ദർഭങ്ങളിൽ മറ്റുള്ളവർ സാഹചര്യം മനസിലാക്കാതെ പറയുന്നതായ തമാശകൾ നമ്മളെയും അതിയായി വേദനിപ്പിക്കാറുണ്ട് എന്നുള്ളത് തന്നെയാണ് സത്യം. പക്ഷേ, ‘അതൊക്കെ വരും തമാശയല്ലേ?’ എന്ന രീതിയിൽ നമ്മൾ തള്ളിക്കളയുന്നു.
ഇപ്പോൾ തമാശ എന്ന വാക്കിൻറെ ശരിക്കുള്ള അർത്ഥം തന്നെ പലരും മറന്നുപോയതായി തോന്നുന്ന സംഭവ വികാസങ്ങളാണ് നമുക്ക് ചുറ്റും അരങ്ങേറിക്കൊണ്ടിരിക്കുന്നത്. ഒരാളുടെ നിറത്തിന്റെ, സൗന്ദര്യത്തിൻറെ പേരിൽ, ശരീരപ്രകൃതിയുടെ പേരിൽ, മതത്തിന്റേയോ ജാതിയുടെയോ ഒക്കെ പേരിൽ തമാശ എന്നോണം എന്തേലും പറഞ്ഞു കളിയാക്കിയിട്ട്, അത് കേട്ട് കുറേ പേര് ചിരിച്ചുമറിഞ്ഞിട്ട്, ‘അതൊരു തമാശ അല്ലേ? അങ്ങനെ കണ്ടാൽ പോരെ?’ എന്ന് പറയുന്നവരാണ് ഇന്ന് കൂടുതൽ. എന്നാൽ ഇതെല്ലാം വെറുമൊരു തമാശയല്ല, ഒരുതരം മാനസിക – സാമൂഹിക പ്രശ്നമാണ് എന്ന് തിരിച്ചറിയേണ്ട കാലമാണിത്. ഇതിനെകുറിച്ച് ആക്റ്റിവിസ്റ്റ് കുക്കു ദേവകി ഒരു കുറിപ്പിലൂടെ അവരുടെ പ്രതികരണം അറിയിച്ചിരിക്കുകയാണ്.
കുക്കു ദേവകി എഴുതിയിട്ട കുറിപ്പ് ഇങ്ങനെയാണ്.. “തമിഴ് ഏതോ ഒരു ചാനലിലെ പരിപാടിയിൽ കുറച്ച് തടിച്ച കറുത്ത സ്ത്രീ അതിൽ കോമഡി പരിപാടി ചെയ്തോണ്ടിരുന്ന നടനോട് ചില കാര്യങ്ങൾ പറയുന്നുണ്ട്. അവർ പറയുന്നത് ബോഡി ഷെയ്മിംഗിനെ കുറിച്ചാണ്. അയാൾ അവരുടെ തടിയെ ഒക്കെ കളിയാക്കി കോമഡി ഉണ്ടാക്കി പോലും. എന്തൊരു മാരകമാണിത്. ഇന്നലെ പോലും നമ്മുടെ പല ചാനലിലും ഇതുപോലെയുള്ള കോമഡി പരിപാടികൾ കണ്ട് മനസ്സ് മടുത്തതേയുള്ളൂ. തങ്കച്ചൻ എന്ന കറുത്ത കോമഡിക്കാരനായ മനുഷ്യനെ മറ്റുള്ള കോ-ആർട്ടിസ്റ്റുകൾ കളിയാക്കി നിർവൃതിയടയുന്ന പോലെ തന്നെ.” കുക്കു ദേവകി പറഞ്ഞു.
“നാടോടി ജീവിതങ്ങൾ, കൂലി പണിയെടുക്കുന്നവർ, തടിച്ചവർ, കറുത്തവർ എല്ലാം ഇവരുടെ കളിയാക്കലിൽ എന്നും ഇരയാക്കപ്പെടുന്നവരാണ്. കഴിഞ്ഞ ദിവസം പോലീസ് ഒരു പ്രശ്നവുമില്ലാതെ നാട്ടുക്കാരുടെ മുന്നിൽ വെച്ച് ഒരു അച്ഛനേയും ഒരു കുഞ്ഞുമകളേയും കള്ളനും കള്ളിയും ആക്കാൻ കഴിയുന്നുണ്ടേൽ അതിന് ഇത്തരം പരിപാടികൾക്കും പങ്കുണ്ടെന്നാണ് എനിക്ക് തോന്നുന്നത്. അതെ ഇവരുടെ കളിയാക്കൽ സ്റ്റോറിയിൽ എന്നും കരുവാക്കപ്പെടുന്നത് കറുത്തവരും അരികു ജീവിതങ്ങളുമാണല്ലോ. ആ തമിഴ് സ്ത്രീ എന്ത് വ്യക്തമായാണ് ഇത്തരം കളിയാക്കലിനെ ചോദ്യം ചെയ്യുന്നത്. ഇവിടെ അതിനു സാധ്യമാണോ? ഒരു സ്ത്രീ അത്തരമൊരു ചോദ്യമെറിഞ്ഞാൽ അവരെ ഇവിടെ വെച്ചു പൊറുപ്പിക്കുമോ?” കുക്കു ദേവകി കുറിപ്പിലൂടെ ചോദിക്കുകയാണ്.
“എന്തായാലും ഞാൻ മിണ്ടാതിരിക്കാൻ ഉദ്ദേശിക്കുന്നില്ല. ചിരിയുണ്ടാക്കേണ്ടതും ചിരിപ്പിക്കേണ്ടതും മറ്റു മനുഷ്യരുടെ ജീവിതത്തിൽ ഇടപെട്ടല്ല. അതുപോലെ തന്നെ ബോഡി ഷെയ് മിംഗ് നടത്തിയല്ല” കുക്കു ദേവകി വ്യക്തമാക്കുന്നു. ശരിക്കും അമർഷം നിറഞ്ഞ ഒരു പ്രതികരണമാണ് ഈ വിഷയത്തിൽ ആക്ടിവിസ്റ്റായ കുക്കു ദേവകി പ്രകടിപ്പിച്ചിരിക്കുന്നത്. ഇപ്പോഴും കോമഡി എന്ന പേരിൽ തുടരുന്ന കലാപരിപാടികളിൽ എല്ലാം തന്നെ മേൻപൊടിയായി ചേർക്കുന്നത് ബോഡി ഷേമിംഗ് കളിയാക്കലുകളും വിവേചനങ്ങളും ഒക്കെയാണ്. എന്നാൽ ഇതെല്ലാം പരിധി കടക്കുമ്പോൾ അത് മുറിവേൽപ്പിക്കുന്നത് കേൾക്കുന്നവരുടെ മനസ്സിനെ ആണെന്ന സത്യം ഇനിയും നാം മനസ്സിലാക്കേണ്ടതായിട്ടുണ്ട്. കുക്കു ദേവകിയുടെ പ്രതികരണം ഏറെ കാലിക പ്രസക്തി അർഹിക്കുന്നതാണ്.
