ജീവൻ നൽകിയ പെണ്ണിന് ജീവിതം കൊടുത്ത ജവാൻ

ഇന്നത്തെ ലോകം വളരെ സ്വാർത്ഥമാണ്. അത് കൊണ്ട് തന്നെ ഒട്ടുമിക്കവരും സ്വന്തം കാര്യങ്ങളിൽ വാപൃതരാണ്. അവിടെ മറ്റുള്ളവർക്ക് പ്രസക്തിയില്ല. അത് കൊണ്ടാണ് സ്വന്തം കാര്യങ്ങൾക്ക് വേണ്ടി ഒരാൾ മറ്റൊരാളെ കൊല്ലുക പോലും ചെയ്യുന്നത്. പക്ഷേ സ്വന്തം ജീവൻ കളഞ്ഞും മറ്റൊരാൾക്ക് നന്മ ചെയ്യുന്ന കുറച്ച് ആളുകളും ഉണ്ട്. അത്തരത്തിൽ വലിയ മനസിനുടമയായ ഒരു പെൺകുട്ടിയുണ്ട്. ജ്യോതി എന്നാണവളുടെ പേര്.

 

ചത്തീസ്ഗഡിലെ ഒരു ഗ്രാമത്തിലാണ് ജ്യോതി ജനിച്ചതും വളർന്നതുമെല്ലാം. പഠനത്തിലും കലാകായിക രംഗങ്ങളില് വളരെ മികച്ച പെൺകുട്ടിയായ ജ്യോതി എല്ലാവരുടെയും കണ്ണിലുണ്ണി ആയിരുന്നു. വീട്ടുകാർക്ക് അഭിമാനമായി മാറിയ ജ്യോതി പ്ലസ് ടുവിന് ശേഷം ദുർഗിലെ ഒരു കോളേജിൽ നഴ്സിങ് പഠിക്കുക ആയിരുന്നു.

 

അങ്ങനെയിരിക്കെ ഒരു അവധിക്കാലത്ത് ജ്യോതി വീട്ടിലേയ്ക്ക് ബസിൽ വരികയായിരുന്നു. അപ്പോഴാണത് സംഭവിച്ചത്. ജ്യോതി യാത്ര ചെയ്ത ബസിനെ ഇടിക്കാനായി നിയന്ത്രണം തെറ്റി ഒരു ലോറി പാഞ്ഞ് വരികയായിരുന്നു. അപ്പോഴാണ് ജ്യോതി ആ കാഴ്ച്ച കാണുന്നത്. മുൻ വശത്തെ സീറ്റിലിരുന്ന് ഉറങ്ങുന്ന യുവാവിൻ്റെ തല പുറത്തേയ്ക്ക് കിടക്കുകയാണ്.

 

നിയന്ത്രണമില്ലാതെ വന്ന വണ്ടി യുവാവിൻ്റെ ജീവനെടുക്കുമെന്ന് തോന്നിയ നിമിഷം ജ്യോതി തൻ്റെ കൈ കൊണ്ട് യുവാവിൻ്റെ തല വലിക്കുകയും ജ്യോതിയുടെ മുഖത്തേയ്ക്ക് രക്തം തെറിക്കുകയും ചെയ്തത് ഒരുമിച്ചായിരുന്നു. അവിടെ നഷ്ടമായത് യുവാവിൻ്റെ തല ആയിരുന്നില്ല. ജ്യോതിയുടെ വലതുകൈ ആയിരുന്നു.

ഞെട്ടി ഉണർന്ന യുവാവ് മറ്റ് യാത്രക്കാരിൽ നിന്നാണ് എന്താണ് സംഭവിച്ചതെന്നറിഞ്ഞത്. ഒരു നിമിഷം പകച്ച് നിന്ന യുവാവ് ജ്യോതിയെ ആശുപത്രിയിൽ എത്തിച്ചു. വളരെ നല്ല ഭാവിയുണ്ടാകേണ്ടിയിരുന്ന ഈ പെൺകുട്ടി ചെറുപ്പത്തിൽ തന്നെ താൻ കാരണം ഇങ്ങനെ ഒരു അവസ്ഥയിലെത്തിയത് ആ യുവാവിന് വലിയ വേദനയായി. ഇനിയുള്ള ജീവിതത്തിൽ ജ്യോതിയെയും കൂടെ കൂട്ടാൻ ആ ചെറുപ്പക്കാരൻ തീരുമാനിച്ചു. അങ്ങനെ പാലക്കാടുകാരനായ വികാസ് എന്ന പട്ടാളക്കാരൻ്റെ ജീവിതത്തിലേയ്ക്ക് അപ്രതീക്ഷിതമായി ജ്യോതി കടന്നു വന്നു. ഇപ്പോൾ രണ്ട് കുട്ടികളുമായി വികാസിനൊപ്പം ജ്യോതി തനി മലയാളി വീട്ടമ്മയായി ജീവിക്കുകയാണ്. ഇടയ്ക്ക് രാഷ്ട്രീയത്തിലേയ്ക്ക് ജ്യോതി ഇറങ്ങിയെങ്കിലും പരാജയപ്പെട്ടു.

Malayalam News Express