“ഞങ്ങൾ പോകട്ടെ പിൻതുടരരുത്. നിങ്ങൾക്ക് പെട്ടന്ന് പോവാനായി ഞങ്ങൾക്ക് മുന്നിൽ കിടന്ന് മാർഗ തടസം ഉണ്ടാക്കരുത്”; ആംബുലൻസ് ഡ്രൈവറുടെ അനുഭവക്കുറിപ്പിലൂടെ….

പലപ്പോഴും റോഡിലൂടെ ഒരു ആംബുലൻസ് കടന്നുപോയാൽ അതിനു വഴി കൊടുക്കാൻ പലർക്കും മടിയാണ്. ആംബുലൻസിന്റെ സൈറൺ കേൾക്കുമ്പോൾ തന്നെ നെറ്റി ചുളിക്കുന്നവർ ഏറെയുണ്ട്. ചിലരാകട്ടെ ആംബുലൻസ് കടന്നു പോകുന്ന വഴിക്ക് തൊട്ടുപിന്നാലെ ചീറിപ്പാഞ്ഞു ആംബുലൻസിന് ഒപ്പം പോകും. ചിലപ്പോൾ ജീവനോട് പോരാടുന്ന ഒരു വ്യക്തിയേയും കൊണ്ടായിരിക്കും ആംബുലൻസ് കടന്നു പോകുന്നത്. ഇത്തരത്തിൽ നെറ്റി ചുളിക്കുന്നവർക്കും പിന്നാലെ ചീറിപ്പാഞ്ഞു വരുന്നവർക്കും അത് മനസ്സിലാക്കാൻ പറ്റില്ല. ഇപ്പോഴിതാ ഒരു ആംബുലൻസ് ഡ്രൈവർ കുറച്ചു നാളുകൾക്കു മുന്നേ ഫേസ്ബുക്കിൽ കുറിച്ചതാണ് സോഷ്യൽ മീഡിയകളിൽ വൈറലാകുന്നത്. പാച്ചി വല്ലപ്പുഴ എന്ന ആംബുലൻസ് ഡ്രൈവർ ജീവിതത്തിൽ ഉണ്ടായ അനുഭവങ്ങൾ ഒരു ഫേസ്ബുക്ക് കുറിപ്പിലൂടെ കുറിക്കുന്നു. ഇങ്ങനെയാണ് കുറുപ്പ്.

“ഞങ്ങൾ പോകട്ടെ പിൻതുടരരുത്. നിങ്ങൾക്ക് പെട്ടന്ന് പോവാനായി ഞങ്ങൾക്ക് മുന്നിൽ കിടന്ന് മാർഗ തടസം ഉണ്ടാക്കരുത്. ഉച്ചത്തിലുള്ള ആ സൈറണിന്റെ ശബ്ദം നിങ്ങളോടുള്ള ഞങ്ങളുടെ അതിൽ കിടക്കുന്നവരുടെ അവർക്ക് കൂട്ട് വരുന്നവരുടെ യാചനയാണ് അതിനോട് നിങ്ങൾ മുഖം തിരിക്കരുത്. അപേക്ഷയാണ്. മരണത്തിനും ജീവിതത്തിനുമിടയിൽ ചുരുങ്ങിയ ദിവസങ്ങൾ കൊണ്ട് നിസ്സഹായരായ ഒരു പാട് മനുഷ്യരെ കണ്ടിട്ടുണ്ട്. കൂടെയുള്ളവർ പൊട്ടി കരയുമ്പോഴും തളർന്ന് വീഴുമ്പോഴും ദേഹത്ത് നിന്ന് ഒലിച്ചിറങ്ങുന്ന രക്തം കാണുമ്പോഴും മനസ്സോ,ശരീരമോ തളരാറില്ല.

അത് മനുഷ്യത്വമില്ലാഞ്ഞിട്ടോ
മനസ്സ് കല്ലായത് കൊണ്ടൊ ഒന്നുമല്ല ലക്ഷ്യം ആ ജീവൻ രക്ഷിക്കുക എന്നുള്ളതു കൊണ്ടു മാത്രമാണ്. വാഹനം എത്താൻ വൈകുന്നത് കൊണ്ട് ജീവൻ നഷ്ടപ്പെടാം അല്ലെങ്കിൽ ജീവിക്കുമ്പോൾ തന്നെ മരിച്ച അവസ്ഥയിലേക്ക് ആ ശരീരം തള്ളപ്പെടാം അങ്ങനെ സംഭവിക്കരുത് എന്നുള്ളതു കൊണ്ടാണ് പതറാതെ ആക്സിലേറ്ററിൽ ആ നിസ്സഹായ കാഴ്ചകൾ കാണുമ്പോഴും കാൽ വെക്കുന്നത്. ഞാൻ കൂടി അംഗമായിട്ടുള്ള വല്ലപ്പുഴ കനിവ് സാംസ്ക്കാരിക വേദിയുടെ കീഴിലുള്ളതാണ് ഈ ആംബുലൻസ് സർവീസ്. ഇതിലെ നിലവിലുള്ള ഡ്രൈവർക്ക് ആക്സിഡന്റ് ആയത് കൊണ്ട് വാഹനം നിർത്തി ഇടേണ്ടി വന്നു. വല്ലപ്പുഴയിലുള്ള ഒരേ ഒരു ആംബുലൻസാണിത് ഇവിടുത്തെ ഹോസ്പിറ്റലുകളിൽ നിന്നും,പരിസര പ്രദേശങ്ങളിൽ നിന്നും ആശ്രയിക്കുന്നത് ഈ വാഹനത്തെയാണ്. ധാരാളം വിളികൾ വരുന്നത് കൊണ്ട് 16.12.18 ന് ഞാൻ ഡ്രൈവറായി കയറി. ആദ്യത്തെ ഓട്ടം വരുന്നത് 23.12.18 ന്. വല്ലപ്പുഴ മദീന ഹോസ്പിറ്റലിൽ നിന്നുമാണ് തൃശൂർ ജൂബിലി മിഷൻ ഹോസ്പിറ്റലിലേക്ക് പോകുവാൻ വേണ്ടി.

ഉച്ചക്ക് ഭക്ഷണം കഴിക്കാൻ ഇരിക്കുമ്പോളാണ് വിളി വരുന്നത് ഉടനെ ഭക്ഷണം മാറ്റിവെച്ച്‌ ആംബുലൻസ് എടുത്ത് മദീന ഹോസ്പിറ്റലിൽ എത്തി. അവിടെ ഒരുപാട് പേർ കൂടി നിൽക്കുന്നു. 6 വയസായ എന്ന ഒരു പൊന്നു മോൻ ആകെ തളർന്നു അച്ഛന്റെ കയ്യിൽ കിടക്കുന്നു. പേര് സാജൻ, തിരുവാതിര ദിവസമായത് കൊണ്ട് അവന് ഊഞ്ഞാൽ ഇട്ട് കൊടുത്തതാണ് ഊഞ്ഞാലിൽ നിന്നും തെറിച്ചു വീണത് കല്ലിലേക്കായിരുന്നു. പുറത്ത് അവന് ഒരു പോറൽ പോലും ഇല്ല. തല അടിച്ചായിരുന്നു വീണത്. ഉടനെ ജൂബിലിയിൽ എത്തിക്കാനാണ് അവിടുത്തെ ഡോക്റ്റർ ഹംസ പറഞ്ഞത്. ആദ്യമായാണ് വല്ല്യ വണ്ടി കൊണ്ട് എമർജൻസിയായി പോകേണ്ടി വരുന്നത് ചെറിയ പേടി ഉണ്ടേലും ആ കുഞ്ഞിന്റെ മുഖം കണ്ടപ്പോൾ പേടിയെല്ലാം അസ്ഥാനത്തായി. സൈറണും,ലൈറ്റും ഇട്ട് വേഗതയിൽ കുതിച്ചു. 45 km അടുത്ത് ദൂരമുണ്ട് വല്ലപ്പുഴയിൽ ജൂബിലി മിഷൻ ഹോസ്പിറ്റലിലേക്ക്. ഇടക്ക് കണ്ണാടിയുടെ നോക്കുമ്പോൾ മകനെ കെട്ടിപ്പിടിച്ചു വിയർത്ത് കുളിച്ചു ഭയപ്പെട്ടിരിക്കുന്ന സാജന്റെ അച്ഛൻ പ്രമോദിന്റെ മുഖമാണ് കാണുന്നത് അത് വാഹനത്തിന്റെ വേഗത കൂട്ടി. ആംബുലൻസ് വിയ്യൂരിലെത്തി. അവിടെ റോഡ് പണി നടക്കുന്നു. ഇടത് വശത്തൂടെ ഒരിക്കലും പോകാൻ പറ്റില്ല കാരണം അത്രക്ക് വാഹനങ്ങളുണ്ട്. ആംബുലൻസായത് കൊണ്ട് വലത് വശത്തൂടെ മുന്നിൽ നിന്നും വരുന്ന വാഹനം തടഞ്ഞു നിർത്തി അവിടെയുള്ള റോഡ് പണിക്കാർ വഴി ഒരുക്കി തന്നു. വാഹനം സൈഡിലേക്ക് എടുത്ത് പോകാൻ നിൽക്കുമ്പോൾ ഇടത് ഭാഗത്ത് എന്റെ മുന്നിൽ നിന്നിരുന്ന ഓട്ടോറിക്ഷ ആംബുലൻസിന് പോകാൻ ഒരുക്കിയ വഴിയിലേക്ക് എടുത്തു. ആ ഓട്ടോറിക്ഷക്ക് പുറകിൽ ഇടിച്ചു. പിന്നെ ആംബുലൻസിന് മുന്നോട്ട് പോകാൻ കഴിയില്ല പുറകോട്ട് എടുത്ത് തിരിക്കണം വണ്ടി പവർ സ്റ്റയറിങ്ങുമല്ല. ഉടനടി പുറകിലേക്ക് എടുത്തു ഒരു വാഹനത്തിൽ തട്ടി വണ്ടി പുറകോട്ട് എടുക്കാൻ കഴിയാതെ ആയി പിന്നീട് അവിടെയുള്ളവരുടെ ഇടപെടൽ കൊണ്ട് പിറകിലുള്ള വാഹനം മാറ്റി ഹോസ്പിറ്റലിലെത്തി ആ മോനെ എമർജൻസി കെയറിലേക്ക് കൊണ്ടുപോയി. ആംബുലൻസിന്റെ മുൻവശം പോയി നോക്കുമ്പോൾ ബമ്പർ ഒടിഞ്ഞു കിടക്കുന്നു. പുറകിൽ ഒന്നും സംഭവിച്ചില്ല കയറുന്ന പടി ഇരുമ്പായത് കൊണ്ട് അതാണ് പുറകിലുള്ള വാഹനത്തിൽ തട്ടിയത്. അത് ഒരു ആൾട്ടോ കാർ ആയിരുന്നു എന്ന് ഹോസ്പിറ്റലിൽ എത്തിയ ശേഷമാണ് പ്രമോദ് പറഞ്ഞത്.

വാഹനത്തിന് ഉണ്ടായ നഷ്ടത്തിന്റെ കണക്ക് വിവരിക്കുകയല്ല ഇവിടെ അതൊക്കെ പൈസ കൊടുത്താൽ ശരിയാക്കാൻ കഴിയുന്നതാണ് പക്ഷെ ഇങ്ങനെയുള്ള സന്ദർഭം കൊണ്ട് ഒരു ജീവനും പൊലിയരുത്. ഒരു പക്ഷെ 15 സെക്കന്റ് അവിടെ നിർത്തിയാൽ ആ രണ്ട് വാഹനങ്ങളുടെ നമ്പർ എനിക്ക് എടുക്കാമായിരുന്നു. അങ്ങനെ ചെയ്യാൻ തോന്നിയില്ല ആ 15 സെക്കന്റ് കൊണ്ട് എത്ര ദൂരം പോകാം എന്നായിരുന്നു മനസ്സിൽ. ചിലപ്പോൾ കേൾക്കാറുണ്ട് ഒരു അര മണിക്കൂർ മുന്നേ എത്തിച്ചാൽ രക്ഷപ്പെടുമായിരുന്നു എന്നൊക്കെ. അതുകൊണ്ടാണ് ലക്ഷ്യം മാത്രം ഉൾക്കൊണ്ട് പതറാതെ ആക്സിലേറ്ററിൽ വീണ്ടും കാൽ വെച്ചത്. ഈ സംഭവം കഴിഞ്ഞു 2 മാസമായി ഇപ്പോൾ, ഇപ്പോൾ ഇതെഴുതനുള്ള കാര്യം സമാന അവസ്ഥകൾ ഇപ്പോഴും ഉണ്ടാവുന്നു എന്നുള്ളത് വളരെ അധികം ബുദ്ധിമുട്ടിക്കുന്നു. ഇത്‌ എന്റെ മാത്രം അനുഭവമല്ല ഈ വളയം പിടിക്കുന്ന ഓരോരുത്തരുടെയുമാണ്. ഈ പോസ്റ്റ് എഴുതുന്നതിന് മുന്നേ പ്രമോദിനെ വിളിച്ചിയുന്നു സാജന്റെ വിശേഷം അറിയാൻ അവൻ സുഖമായി ഇരിക്കുന്നു. ഇനിയും എഴുതാനുണ്ട് അനുഭവങ്ങൾ എല്ലാം എന്നിൽ തന്നെ നിർത്തുന്നു. ഓരോ യാത്രയും അനുഭവങ്ങൾക്ക് അപ്പുറം എന്നിൽ അവശേഷിക്കുന്ന ഓർമകളാണ് അതിൽ നിങ്ങൾ കണ്ണുനീരിന്റെ ഉപ്പ്‌ കലർത്തരുത്.”

യാത്ര ചെയ്യുന്ന എല്ലാവരും അത്യാവശ്യക്കാർ തന്നെയാണ്. എന്നാൽ ആംബുലൻസിൽ ജീവനുവേണ്ടി മല്ലടിക്കുന്നവരുണ്ടാവും. സമയത്തിന് ജീവൻറെ വിലയുണ്ട്. അതുകൊണ്ടു തന്നെ ആംബുലൻസിന്റെ സൗണ്ട് കേൾക്കുമ്പോൾ നെറ്റി ചുളിക്കാതെയോ അതിനു പിന്നാലെ പായാതെയോ ചെയ്യാതിരിക്കാം.

Malayalam News Express