ട്രെയിനിലെ വ്യാജ ടിടിആറിനെ തിരിച്ചറിയാനുള്ള വഴികൾ; ടിടിആറിൻ്റെ ഉത്തരവാദിത്വങ്ങളും അറിയാം

ദൈനംദിന ജീവിത ആവശ്യത്തിനു വേണ്ടിയും അല്ലാതെയും ട്രെയിനിൽ യാത്ര ചെയ്യുന്നവരാണ് മിക്കവരും. ജീവിതത്തിൽ ഒന്ന് രണ്ട് തവണയെങ്കിലും ട്രെയിനിൽ യാത്ര ചെയ്യാത്തവർ അപൂർവ്വമാണ്. ടിക്കറ്റ് എടുക്കാതെ ട്രെയിനിൽ കയറുന്നവരുടെ പേടി സ്വപ്നമാണ് ടിടിഇ. ടിക്കറ്റ് എടുക്കാതെ കള്ളവണ്ടി കയറിവർ ടിടിഇയുടെ കാലൊച്ച കേട്ടാൽ തന്നെ ഓടി ഒളിക്കാറുണ്ട്. ട്രെയിനിൽ യാത്ര ചെയ്യുന്നവർ  അത്യന്താപേക്ഷിതമായി അറിഞ്ഞിരിക്കേണ്ട പേരാണ് ടിടിഇ അഥവാ ട്രാവലിംഗ് ടിക്കറ്റ് എക്‌സാമിനർമാർ. ടിടിഇയുടെ ചെക്കിങ്ങിനിടയിൽ എങ്ങാനും ടിക്കറ്റെടുക്കാതെ പെട്ട് കഴിഞ്ഞാൽ നല്ല പണി കിട്ടാറുണ്ട്. അതുപോലെ തന്നെ യാത്രക്കാർക്കിടയിൽ വ്യാജ ടിടിഇ ചമഞ്ഞ് തട്ടിപ്പ് നടത്തുന്നവർ ഏറെയാണ്. അത്തരത്തിലുള്ള പല വാർത്തകളും സോഷ്യൽ മീഡിയയിലൂടെ പുറത്ത് വന്നിട്ടുണ്ട്. എന്നാൽ അത്തരത്തിലുള്ള വ്യാജ ടിടിഇമാരെ കണ്ടുപിടിക്കാൻ ചില വഴികളുണ്ട്.

നമ്മളോട് ഇടപഴകുന്നത് വ്യാജ ടിടിഇ ആണെന്ന് സംശയം തോന്നുകയാണെങ്കിൾ അവരുടെ യൂണിഫോമും ഐഡി കാർഡും സസൂക്ഷ്മം പരിശോധിക്കാവുന്നതാണ്. മാത്രമല്ല യൂണിഫോം ഇടാതെ കടന്നുവരുന്ന ഒറിജിനൽ ടിടിഇ ആണെങ്കിലും കൂടി യാത്രക്കാർക്ക് റെയിൽവേ പോലീസിൽ പരാതി പെടുന്നതാണ്. ദീർഘദൂര യാത്രകളിൽ ആണെങ്കിൽ അവരുടെ കയ്യിൽ പിഴ ചുമത്താവുന്ന രസീതും  ഉണ്ടാവും. നിങ്ങൾക്ക് ഏതെങ്കിലും തരത്തിൽ സംശയം തോന്നുകയാണെങ്കിൽ പരിശോധിക്കാവുന്നതാണ്. മാത്രമല്ല, ട്രെയിനിലെ ഏതെങ്കിലും യാത്രക്കാരുടെ വിലപിടിപ്പുള്ള ഏതെങ്കിലും വസ്തുക്കൾ കാണാതെ പോയാൽ അവരിൽ നിന്നും പരാതി സ്വീകരിക്കാനായി എഫ്ഐആർ കോപ്പിയും ടിടിഇമാർ കൈയിൽ കരുതാറുണ്ട് അതും പരിശോധിക്കാവുന്നതാണ്. പൊതുവേ ഒരു സമൂഹത്തിന് ഒരു തെറ്റായ ധാരണയുണ്ട്. ടിക്കറ്റെടുക്കാതെ പോകുന്നവരെ പൊക്കുക മാത്രമാണ് ടിടിഇയുടെ ജോലി എന്നത്. എന്നാൽ അതിനുമപ്പുറം ട്രെയിനിലെ മറ്റു പല കാര്യത്തിലും അദ്ദേഹത്തിന് ഉത്തരവാദിത്വം ഉണ്ട്. അവ എന്തൊക്കെയാണെന്ന് അറിയാം. ആദ്യത്തേത് എല്ലാവർക്കും അറിയാവുന്നതു പോലെ ടിക്കറ്റ് ചെക്ക് ചെയ്യുക എന്നുള്ളത് തന്നെയാണ്. ടിക്കറ്റ് കൈവശമില്ലാത്ത യാത്രക്കാരനെതിരെ പിഴ ചുമത്താനും അധികാരമുണ്ട്.

അടുത്തത് റെയിൽവേയിലെ ടിടിഇമാർ ട്രെയിൻ യാത്ര ആരംഭിക്കുന്നതിനു അരമണിക്കൂർ മുൻപേ തന്നെ അന്നത്തെ ഡ്യൂട്ടിയ്ക്കായി റിപ്പോർട്ട് ചെയ്യണം. മാത്രമല്ല യൂണിഫോം ഡ്യൂട്ടി സമയത്ത് ധരിക്കേണ്ടതും നിർബന്ധമാണ്. കറുത്ത കോട്ടും പാന്റ്സും ടിടിഇമാരുടെ യൂണിഫോം കോഡാണ്. ബാഡ്‌ജ്‌, നെയിം പ്ളേറ്റ് എന്നിവ എല്ലാവർക്കും കാണാവുന്ന വിധത്തിൽ ധരിച്ചിരിക്കുന്നതും യൂണിഫോമിൽ ഉൾപ്പെടുന്നു. അതുപോലെ തന്നെ യാത്ര ചെയ്യുന്ന ട്രെയിനിലെ റിസർവേഷൻ സീറ്റുകൾ സംബന്ധിച്ചുള്ള വിവരങ്ങൾ ടിടിഇ ചാർട്ടാക്കി തയ്യാറായിരിക്കണം. ഇതിൽ ഒഴിവുള്ള സീറ്റുകളും ബെർത്തുകളുമെല്ലാം ഉൾപ്പെടുത്തണം. പല യാത്രക്കാർക്കും അറിയാത്ത ഒരു കാര്യമാണ് വിമാനത്തിലേതു പോലെ തന്നെ, ട്രെയിനിൽ യാത്ര ചെയ്യുമ്പോൾ കൊണ്ടു പോകേണ്ട ലഗേജിന് കൃത്യമായ കണക്ക് ഉണ്ട്. അതിൽ കൂടുതൽ ലഗേജുകൾ കൊണ്ടു പോകുന്നവരെ കണ്ടെത്താനും അവർക്കെതിരെ നടപടി സ്വീകരിക്കാനുള്ള ഉത്തരവാദിത്തം. ലഗ്ഗേജ് പരിധി കഴിഞ്ഞുള്ളവയ്ക്ക് പിഴയീടാക്കുവാനും ടിടിഇമാർക്ക് കഴിയും.

അതുപോലെ തന്നെ ചീറിപ്പാഞ്ഞു പോകുന്ന ട്രെയിലെ ഓരോ ഡോറുകളും അടച്ചിട്ടുണ്ടോ എന്ന് ഉറപ്പുവരുത്തേണ്ട ഉത്തരവാദിത്വവും ടിടിഇക്ക് ഉണ്ട്. വെസ്റ്റിബ്യുൾ കോച്ചുകളുടെ അവസാന ഡോറുകൾ രാത്രി 10 മണിയ്ക്കും രാവിലെ 6 മണിയ്ക്കുമിടയിലുള്ള സമയത്ത് അടച്ചിട്ടിരിക്കുകയാണെന്നു ഉറപ്പുവരുത്തേണ്ടതും ടിടിഇമാരാണ്. അതുപോലെ തന്നെ മുഖ്യ സ്റ്റേഷനുകളിൽ എത്തുമ്പോൾ, അല്ലെങ്കിൽ റെയിൽവേ നിശ്ചയിച്ചിട്ടുള്ള സ്റ്റേഷനുകളിൽ എത്തുമ്പോൾ ക്ലീനിങ് സ്റ്റാഫുകൾ വന്ന കോച്ച് വൃത്തിയാക്കുന്നുണ്ടോ എന്നും ശ്രദ്ധിക്കേണ്ടതുണ്ട്.
മാത്രമല്ല യാത്രയ്ക്കിടയിൽ ഏതെങ്കിലും യാത്രക്കാർക്ക് എന്തെങ്കിലും ബുദ്ധിമുട്ടുകളോ അസൗകര്യങ്ങളോ ഉണ്ടെങ്കിൽ അത് ടിടിഇയുടെ ശ്രദ്ധയിൽപ്പെടുത്തിയാൽ, അത് പരിഹരിക്കേണ്ടതും ടിടിഇയുടെ ഉത്തരവാദിത്വമാണ്.

രാത്രികാലങ്ങളിൽ പ്രത്യേകിച്ച് ടിടിഇ ജാഗ്രതയോടെ ഇരിക്കേണ്ടതായിട്ടുണ്ട്. ട്രെയിൻ കോച്ചുകളിലേക്ക് ആരെങ്കിലും അനധികൃതമായി കയറിയാൽ അവർക്കെതിരെ നടപടി സ്വീകരിക്കേണ്ടത് ഉത്തരവാദിത്വമാണ്. ഇത്തരത്തിലുള്ള സാഹചര്യങ്ങളിൽ ടിടിഇക്ക് റെയിൽവേ പോലീസിന്റെ സഹായവും തേടാവുന്നതാണ്. അതുപോലെ മേൽപ്പറഞ്ഞത് പോലെ, യാത്രക്കാരുടെ വിലപിടിപ്പുള്ള എന്തെങ്കിലും വസ്തുക്കൾ മോഷണം പോയാൽ, പ്രസ്തുത യാത്രക്കാരനിൽ നിന്നും പരാതി സ്വീകരിച്ച് FIR തയ്യാറാക്കുന്ന ഉത്തരവാദിത്വവും ടിടിഇക്കാണ്. ഇതിനായി ടിടിഇമാർ ഡ്യൂട്ടിയ്ക്കിടയിൽ എപ്പോഴും ബ്ലാങ്ക് FIR ഫോമുകൾ കൂടെ കരുതണം. ട്രെയിനിൽ യാത്ര ചെയ്യുന്നവർക്ക് മേൽപ്പറഞ്ഞ കാര്യങ്ങൾ ഒക്കെ ഓർത്തു വച്ച് പരിശോധിക്കാവുന്നതാണ്.

Malayalam News Express