ഇനി ആർക്കും ഡ്രൈവിങ്ങ് ടെസ്റ്റ് പാസാവാൻ ഇതാ ഒരു നല്ല മെഡിറ്റേഷൻ ടെക്നിക്

18 വയസ് പൂർത്തിയായ ഏതൊരു യുവതീ, യുവാക്കളുടേയും ആദ്യ ആഗ്രഹങ്ങളിൽ ഒന്നാണ് ഒരു ഡ്രൈവിങ്ങ് ലൈസൻസ് സ്വന്തമാക്കുക എന്നത്. പണ്ട് ഇത് വളരെ എളുപ്പമായിരുന്നു. അന്ന് ഇന്നത്തെപ്പോലെ ഡൈവിങ്ങ് ടെസ്റ്റ് നിയമങ്ങൾ അത്ര കർക്കശമായിരുന്നില്ല. ഏതെങ്കിലും ഡ്രൈവിങ്ങ് സ്കൂളിൽ ചേരുക. അവർ പറയുന്ന ഫീസടയ്ക്കുക. ഡ്രൈവിങ്ങ് സ്കൂളിൻ്റെ വണ്ടിയിൽ ഇടിച്ച് തള്ളി കയറുക. ആശാൻ പറയുന്ന പോലെ സ്റ്റീയറിങ്ങ് വീൽ വളയ്ക്കുക, തിരിക്കുക, ബേക്ക് ചവിട്ടുക, ക്ലച്ച് അമർത്തുക, ഗിയർ മാറ്റുക. രണ്ടോ മൂന്നോ കിലോമീറ്റർ പെട്ടെന്ന് കഴിയും. മരിയാദക്ക് ഒന്ന് സ്റ്റീയറിങ്ങ് പിടിച്ച് കൊതി തീരുന്നതിന് മുൻപേ തന്നെ അടുത്ത വളവിൽ നമ്മളെ ഇറക്കി വിടും.

ഇങ്ങനെ ഒന്ന് രണ്ട് ദിവസം ആവർത്തിക്കും. അപ്പോൾ ആശാൻ പറയും നാളെയാണ് ഡ്രൈവിങ്ങ് ടെസ്റ്റ് രാവിലെ 8 മണിയാകുമ്പോൾ ടെസ്റ്റ് നടക്കുന്ന ഗ്രൗണ്ടിൽ എത്തിയേക്കണം. നമ്മൾ കൃത്യസമയത്ത് എത്തുന്നു. സ്റ്റാർട്ടാക്കിയാൽ പിന്നെ എങ്ങനെ ശ്രമിച്ചാലും ഓഫാകാത്ത ഡ്രൈവിങ്ങ്‌ സ്കൂൾ വണ്ടി അങ്ങനെ തയ്യാറായി കിടക്കുന്നുണ്ടാകും. മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥൻ വണ്ടിയിൽ കയറുന്നു. ആശാൻ കണ്ണ് കാണിക്കുന്നു നമ്മൾ ഡ്രൈവിങ്ങ് സീറ്റിൽ ആസനസ്ഥനാകുന്നു. ആശാൻ പിൻസീറ്റിൽ കയറുന്നു നമുക്ക് നിർദ്ദേശം തരുന്നു. സ്റ്റാർട്ടാക്ക്, ഗിയർ ഫസ്റ്റിലേക്കിട്, പതിയെ കാല് കൊടുക്ക്. RTO അതൊന്നും ശ്രദ്ധിക്കുന്നു പോലുമുണ്ടാകില്ല. നമ്മൾ വണ്ടി സ്റ്റാർട്ട് ചെയ്ത് വിജയകരമായി മുന്നോട്ടെടുത്താൽ RTO പറയും വണ്ടി നിറുത്തൂ. നമ്മൾ വണ്ടി ഇടത്തേക്ക് ഒതുക്കി നിറുത്തിയാൽ RTO ചാടിയിറങ്ങുന്നു. അടുത്ത വണ്ടിയിൽ കയറുന്നു.

എല്ലാ ഗിയറും ഇട്ട് ഓടിക്കാനറിയാമോ? കയറ്റത്തിൽ നിറുത്തിയാൽ പുറകോട്ട് പോകാതെ വീണ്ടും മുന്നോട്ട് എടുക്കാൻ കഴിവുണ്ടോ? കവലകളിൽ ശരിയായ രീതിയിൽ സിഗ്നൽ കൊടുത്താണോ പോകുന്നത്, ഓവർ ടേക്ക് ചെയ്യാൻ അറിയുമോ? റിവേഴ്സ് എടുത്ത് ഒതുക്കി പാർക്ക് ചെയ്യാൻ അറിയുമോ? എന്നിവയൊന്നും പണ്ട് ശരിയായ വിധത്തിൽ പരിശോധിച്ചിരുന്നില്ല.

വണ്ടി സ്റ്റാർട്ടാക്കി മുന്നോട്ടെടുക്കാനും, നിറുത്താനും അറിയുമെങ്കിൽ ലൈസൻസ് റഡി. നമ്മൾ ആശാൻ മുഖേന കൊടുക്കുന്ന സംതിങ്ങ് ആയിരുന്നു ഡ്രൈവിങ്ങ് ലൈസൻസ് ടെസ്റ്റ് എന്ന പരീക്ഷണ കടമ്പ കടക്കാനുള്ള മുഖ്യ ആയുധം.എന്നാൽ ഇന്ന് കാലം മാറി. ലേണേഴ്സ് ലൈസൻസ് ഓൺലൈനായി എടുക്കുന്നതു മുതൽ ഡ്രൈവിങ്ങ്‌ ടെസ്റ്റിന് തീയതി ലഭിക്കുന്നത് വരെ എല്ലാം ഓൺലൈനിലാണ്. ശരിയായ വിധത്തിൽ പരിശീലനം നേടിയവർക്ക് മാത്രമേ ഇന്ന് ലൈസൻസ് ലഭിക്കൂ. ടൂ വീലറിന് 8 ഉം ഫോർ വീലറിന് H ടെസ്റ്റും മസ്റ്റാണ് .ഏതാനും കിലോമീറ്റർ എല്ലാ ഗിയറും വേണ്ടവിധത്താൽ ഉപയോഗിച്ച് വാഹനം ഓടിച്ചാൽ മാത്രമേ റോഡ് ടെസ്റ്റ് പാസാവൂ.റിവേഴ്സ് പാർക്കിങ്ങ് ,കയറ്റത്തിൽ നിറുത്തി വീണ്ടും എടുക്കുന്നതുൾപ്പടെയുള്ള സ്കില്ലുകൾ വിലയിരുത്തപ്പെടും.. മിക്ക ടെസ്റ്റ് ഗ്രൗണ്ടുകളിലും ക്യാമറ റിക്കോഡിങ്ങ് ഉള്ള തിനാൽ തരികിടകളൊന്നും നടക്കില്ല. ആശാനെ പിന്നിൽ കയറാനും അനുവദിക്കില്ല.

ഡ്രൈവിങ്ങ് ടെസ്റ്റ് എത്ര കർശനമാക്കിയാലും ഞാൻ ഇവിടെ വിവരിക്കുന്ന ചില ലളിതമായ ടെക്നിക്കുകൾ കൂടി കരഗതമാക്കിയാൽ ശരിയായ വിധത്തിൽ ഡ്രൈവിങ്ങ്പരിശീലനം നേടിയ ഒരാൾക്ക് വളരെ ആത്മവിശ്വാസത്തോടെ ടെസ്റ്റ് നേരിടാനും ആദ്യ പരിശ്രമത്തിൽ തന്നെ വിജയിക്കാനും കഴിയും. അവ ഇനി പറയാം. ഡ്രൈവിങ്ങ് പരിശീലനം നേടുമ്പോൾ നമ്മൾക്കുണ്ടാകുന്ന ഏതൊരു ചെറിയ സംശയവും ആശാനോട് ചോദിച്ച് മനസിലാക്കുക, അവ ഒരു നോട്ട് പാഡിൽ കുറിച്ച് വയ്ക്കുക.. ഉദാഹരണത്തിന് വാഹനം എത്ര കിലോമീറ്റർ വേഗത കൈവരിക്കുമ്പോൾ ഫസ്റ്റിൽ നിന്ന് സെക്കൻഡ് ഗിയറിലേക്ക് മാറ്റണം.. ആശാൻ പറഞ്ഞ് തരും 10 കിലോമീറ്റർ.. ആ ശരി ഉത്തരവും ചോദ്യവും കുറിച്ച് വയ്ക്കുക.

ടെസ്റ്റ് നടക്കുമ്പോൾ ആദ്യമായി വാഹനത്തിലേക്ക് പ്രവേശിച്ച് സീറ്റിൽ ഇരിക്കുമ്പോൾ സീറ്റിൻ്റെ പൊസിഷൻ നമുക്ക് കംഫർട്ടാകുന്ന വിധത്തിൽ ക്രമീകരിക്കുക. തുടർന്ന് സീറ്റ് ബെൽറ്റ് ഇടുക. ശേഷം റിയർ വ്യൂ മിററുകൾ വാഹനത്തിനകത്തും പുറത്തും ഉള്ളവ ഡ്രൈവിങ്ങ് സീറ്റിൽ ഇരിക്കുന്നയാൾക്ക് ശരിയായ കാഴ്ച കിട്ടുന്ന വിധത്തിൽ ക്രമീകരിക്കുക. ചില RTOമാർ വാഹനത്തിലെ മിറർ അവരുടെ നേരേ തിരിച്ച് വയ്ക്കും. യാതൊരു മടിയും കൂടാതെ അത് നമ്മളുടെ കാഴ്ച്ചക്ക് അനുരൂപമായ വിധത്തിൽ ക്രമീകരിക്കുക. വാഹനം ന്യൂട്രൽ ആണോ എന്ന് പരിശോധിക്കുക. ഫുട് ബ്രേക്ക് അമർത്തി ഹാൻഡ് ബ്രേക്ക് റിലീസ് ചെയ്യുക. വാഹനം സ്റ്റാർട്ട് ചെയ്യുക പതിയെ ആക്സിലറേറ്റർ കൊടുക്കുക ഒപ്പം ക്ലച്ച് റിലീസ് ചെയ്യുക.ഒറ്റയടിക്ക് ക്ലച്ചിൽ നിന്ന് കാലെടുക്കരുത് എടുത്താൽ വാഹനം പെട്ടെന്ന് ഒന്ന് ചാടി നിൽക്കും. പതിയെ വേണം കാലെടുക്കാൻ. വാഹനം സ്റ്റാർട്ട് ചെയ്യാനും, മുന്നോട്ടെടുക്കാനും നന്നായി പരിശീലിച്ച ശേഷം ഗിയർ മാറി ശീലിക്കുന്നത് പഠനം എളുപ്പമാക്കും. വാഹനം ഓടിക്കുമ്പോൾ എപ്പോഴും മുന്നിലെ റോഡിലായിരിക്കണം ശ്രദ്ധ. ഹോണടി കേട്ടാലും തിരിഞ്ഞ് നോക്കരുത് റിയർവ്യൂ മിറർ നോക്കുന്നത് ശീലിക്കുക. സീബ്രാ വരകളിലും, സ്കൂൾ പരിസരങ്ങളിലും വേഗത കുറയ്ക്കുക, കാൽനടയാത്രികർക്കും, റോഡ് മുറിച്ചു കടക്കുന്നവർക്കും, പ്രായമായവർക്കും, കുട്ടികൾക്കും സവിശേഷ ശ്രദ്ധ കൊടുക്കുക.

ഒരു വിധം ഓടിച്ച് പരിശീലനം നേടിയാൽ കയറ്റത്തിൽ വാഹനം നിറുത്തി വീണ്ടും എടുക്കാനും, റിവേഴ്സ് എടുക്കാനും, Hഎടുക്കാനും പരിശീലിക്കുക. സ്വന്തം വാഹനമില്ലെങ്കിൽ അൽപ്പ ദിവസത്തേക്ക് റെൻ്റ് എ കാർ എടുത്ത് നല്ലവണ്ണം വാഹനമോടിക്കാനറിയാവുന്ന ഒരാളുടെ സാന്നിദ്ധ്യത്തിൽ ഇവ പരിശീലിക്കുക.ടെസ്റ്റിന് മുൻപുള്ള ഏതാനും ദിവസങ്ങളിൽ അരമണിക്കൂർ എങ്കിലും ഞാനിവിടെ പറയുന്ന മെഡിറ്റേഷൻ ശീലിക്കുക, നമ്മുടെ ഉപബോധമനസിന് വളരെ ശക്തിമത്തായി നമുളുടെ ദൈനംദിന പ്രവർത്തനങ്ങളെ നിയന്ത്രിക്കാനാകുമെന്ന് തെളിയിക്കപ്പെട്ടിട്ടുള്ളതാണ്. പുലർകാല വേളകളും, സായന്തനങ്ങളും മെഡിറ്റേഷൻ ശീലിക്കാൻ അത്യുത്തമമാണ്. ആദ്യമായി ശാന്തമായ ഒരു സ്ഥലം തിരഞ്ഞെടുക്കുക. അയഞ്ഞ വസ്ത്രങ്ങൾ ധരിക്കുക. കണ്ണടച്ച് സ്വസ്ഥമായി ഇരിക്കുക. മനസിനെ ശാന്തമാക്കുക. ഞാൻ ഡ്രൈവിങ്ങ്‌ ടെസ്റ്റ് വിജയിക്കും എന്ന് മനസിൽ തുടർച്ചയായി ഉരുവിടുക. തുടർന്ന് വാഹനത്തിൽ കയറുന്നതിൻ്റെയും, സീറ്റിൽ ഇരിക്കുന്നതിൻ്റെയും ഹാൻഡ് ബ്രേക്ക് റിലീസ് ചെയ്യുന്നതിൻ്റെയും എല്ലാ ദൃശ്യങ്ങളും മനസിൽ കാണുക. അൽപ്പസമയത്തിനുള്ളിൽ ഒരു സിനിമ കാണുന്നത് പോലെ നിങ്ങൾക്ക് അവ അനുഭവവേദ്യമാകും. നിങ്ങൾ നല്ല ഒരു ഡ്രൈവറാണെന്ന് സങ്കൽപ്പിക്കുക. H എടുക്കൽ എനിക്ക് വളരെ ഈസിയാണ് ഞാനിതാ ഒരു തടസത്തിലും തട്ടാതെ സിമ്പിളായി വണ്ടി H എടുത്തു കൊണ്ടിരിക്കുന്നു.. ശരിയായ വിധത്തിൽ തിരക്കുള്ള ടൗണിലൂടെ വാഹനമോടിക്കുന്നു. സുരക്ഷിതമായി ഇതാ ഒരു ടിപ്പറിനെ ഓവർ ടേക്ക് ചെയ്തു. എന്നിങ്ങനെ നല്ല ഒരു ഡ്രൈവർ എന്തെല്ലാം ചെയ്യുമോ അതെല്ലാം നമ്മൾ ചെയ്യുന്നതായി മനസിനെ പറഞ്ഞ് പഠിപ്പിക്കുക. ഈ മെഡിറ്റേഷൻ ഏതാനും ദിവസം അവർത്തിക്കുന്നതിലൂടെയും ഒപ്പം ഡ്രൈവിങ്ങ് പരിശീലനം യഥാർത്ഥ ലോകത്തിൽ തുടരുകയും ചെയ്യുക. ടെസ്റ്റ് നടക്കുന്ന ദിവസം നല്ലൊരു പരിചയ സമ്പന്നനായ ഡ്രൈവറുടെ ആത്മവിശ്വാസം നിങ്ങളിൽ ഉണ്ടായിരിക്കും തീർച്ച.

Malayalam News Express