തന്റെ 65 ശതമാനം കരൾ നൽകി അച്ഛന്റെ ജീവിതം രക്ഷിച്ച ധീരയായ മകൾ; രാഖിക്ക് അഭിനന്ദന പ്രവാഹം

അച്ഛന്റെ ജീവൻ രക്ഷിക്കാൻ വേണ്ടി സ്വന്തം കരളിന്റെ 65 ശതമാനവും പകുത്തുനൽകി ഒരു മകൾ ചെയ്ത ത്യാഗമാണ് സോഷ്യൽ മീഡിയയിൽ ചർച്ചയാവുന്നത്. പ്രിയപ്പെട്ട അച്ഛനെ കരൾ ദാനം ചെയ്തു രക്ഷിച്ച ആ പെൺകുട്ടിയുടെ പേര് രാഖി ദത്ത് എന്നാണ്. 19 വയസ്സ് മാത്രം പ്രായമുള്ള രാഖി എന്ന ഈ പെൺകുട്ടി സ്വന്തം അച്ഛന്റെ ജീവൻ രക്ഷിക്കാൻ കരൾമാറ്റ ശസ്ത്രക്രിയ അല്ലാതെ മറ്റൊരു മാർഗ്ഗവുമില്ല എന്ന് തിരിച്ചറിഞ്ഞ ശേഷം സാഹചര്യങ്ങളുടെ സമ്മർദ്ദത്തിന് കീഴ്പ്പെടാതെ തന്റെ കരൾ കരളിന്റെ കരളായ അച്ഛന് പകുത്തുനൽകാൻ അചഞ്ചലമായ തീരുമാനമെടുത്തു. സ്വന്തം ജീവൻ പണയം വച്ചു അച്ഛനെ രക്ഷിക്കാൻ ശ്രമിച്ച രാഖി ദത്തയെ അഭിനന്ദനങ്ങൾക്കൊണ്ട് മൂടുകയാണ് ജനങ്ങൾ. രാഖിയുടെ നന്മയുള്ള ഒരു മകളെ കിട്ടാൻ ആ അച്ഛൻ അത്ര പുണ്യം ചെയ്തിരിക്കണം എന്ന് പ്രേക്ഷകർ നിരൂപിക്കുകയാണ്.

കരൾ രോഗം വളരെ ഗുരുതരമായ രീതിയിൽ ബാധിച്ച രാഖിയുടെ അച്ഛനു വേണ്ട മികച്ച ചികിത്സ നൽകാൻ കൊൽക്കത്തയിലെ വിദഗ്ധ ഡോക്ടർമാർക്ക് കഴിയാത്ത ഒരു സാഹചര്യത്തിലാണ് രാഖിയും സഹോദരിയും തങ്ങളുടെ അച്ഛനെ ഹൈദരാബാദിലുളള ഏഷ്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഗ്യാസ്ട്രോ എൻഡ്രോളജിയിലേക്ക് കൊണ്ടുപോകുന്നത്. അപ്പോൾ തന്നെ അതീവ ഗുരുതരാവസ്ഥയിൽ എത്തിയിരുന്ന അച്ഛന്റെ സിറ്റുവേഷൻ അവിടെയുള്ള ഡോക്ടർമാർ രാഖിയോടും സഹോദരിയോടും വിശദീകരിച്ചു. അച്ഛനെ രക്ഷിക്കാൻ കരൾ മാറ്റ ശസ്ത്രക്രിയ മാത്രമാണ് ഏകമാർഗ്ഗം എന്നും ഡോക്ടർസ് നിർദ്ദേശം നൽകി.

അതിനുശേഷം കരൾ മാറ്റ ശസ്ത്രക്രിയ നടത്തുവാൻ അച്ഛന് വേണ്ടി ഒരു കരൾ എത്രയോക്കെ അന്വേഷിച്ചിട്ടും അവർക്ക് വേണ്ട ഒരു കരൾ ദാതാവിനെ കണ്ടെത്താൻ സാധിക്കാതെ വരികയും ഇനിയും കൂടുതൽ വൈകിപോയാൽ അച്ഛന്റെ ജീവൻ പ്രതിസന്ധിയിൽ ആകുമെന്ന സാഹചര്യം ഉൾക്കൊണ്ട് മകൾ രാഖി തന്നെ സ്വയം കരൾ ദാതാവായി മാറുകയായിരുന്നു. ഈ തീരുമാനം ഡോക്ടർമാരെ അറിയിച്ചു. അവർ പോലും ഒരു നിമിഷം തരിച്ചുപോയി. കരൾ മാറ്റം ചെയ്‌താൽ സംഭവിക്കാവുന്ന അനന്തര ഫലങ്ങളായ മുറിപ്പാടുകളും അസഹ്യ വേദനയും എല്ലാം ഡോക്ടർമാർ അവളോട് പറഞ്ഞുകൊടുത്തിട്ടും അതൊന്നും അവളുടെ തീരുമാനത്തെ മാറ്റിമറിച്ചില്ല. തുടർന്നു അച്ഛന് വേണ്ടി രാഖി എന്ന കൗമാരക്കാരി അവളുടെ കരളിന്റെ ഏകദേശം അറുപത്തിയഞ്ച് ശതമാനത്തോളം നൽകി.

അങ്ങിനെ രാഖിയുടെ കരൾ ദാനം ചെയ്തുകൊണ്ട്ഡോക്ടർമാർ നടത്തിയ വിജയകരമായ കരൾമാറ്റ ശസ്ത്രക്രിയിലൂടെ അവളുടെ അച്ഛന്റെ ജീവൻ തിരിച്ചുപിടിച്ചു. ലോകം മുഴുവൻ ഇപ്പോൾ രാഖി ദത്ത് എന്ന 19കാരിക്ക് അഭിനന്ദനങ്ങൾ ചൊരിയുകയാണ്. രാഖിയെ അഭിനന്ദിക്കാൻ വാക്കുകളില്ലാ എന്നാണ് ബഹുഭൂരിപക്ഷം പറയുന്നത്. പ്രത്യേകിച്ച് നമ്മുടെ ഇന്ത്യൻ സമൂഹത്തിൽ പെൺകുട്ടികൾ ജനിക്കുന്നത് തന്നെ ഒരു ശാപമാണ് എന്ന് കരുതുന്ന ഒരു വിഭാഗം ആളുകൾ ഇന്നുമുണ്ട്, പക്ഷെ അവർ പോലും തലകുനിച്ചു കുമ്പിട്ടു പോകും രാഖി എന്ന പെൺകുട്ടിയുടെ നന്മയ്ക്കു മുന്നിൽ. അസാധ്യം എന്ന ഒരു വാക്കോ ഭയമോ രാഖിയുടെ നിഘണ്ടുവിൽ ഇല്ലാ എന്ന ക്യാപ്ഷൻ കൊടുത്താണ്, രാഖി അച്ഛനൊപ്പം ശസ്ത്രക്രിയയ്ക്ക് ശേഷം ശരീരത്തിലെ മുറിപ്പാടുകളോടെ പുഞ്ചിരിച്ച് നിൽക്കുന്ന സുന്ദരചിത്രം സോഷ്യൽ മീഡിയയിൽ ലോകം പങ്കുവയ്ക്കുന്നത്. 

സമാനമായ രീതിയിൽ ഒരു സംഭവം 2017ലും നടന്നിരുന്നു. ഡോ. രചിത് ഭൂഷൺ ശ്രീവാസ്തവ അന്ന് സമൂഹ മാധ്യമങ്ങൾക്ക് മുന്നിൽ അച്ഛന് വേണ്ടി കരളിന്റെ ഒരു ഭാഗം പകുത്തുനൽകിയ പൂജ എന്ന ധീരയായ പെൺകുട്ടിയെ ലോകത്തിന് പരിചയപ്പെടുത്തിയിരുന്നു. അച്ഛനൊപ്പം ശസ്ത്രക്രിയയുടെ മുറിവുകളുമായി ഏറെ ധീരതയോടെ നിൽക്കുന്ന പൂജയുടെ ചിത്രം സോഷ്യൽ മീഡിയയിൽ ചർച്ചയായിരുന്നു. പൂജയെ അത്രത്തോളം സ്നേഹത്തോടേയും ആദരവോടെയും പ്രേക്ഷകർ അഭിനന്ദിച്ചിരുന്നു. പൂജയെ പോലെ രാഖിയേയും എല്ലാവരും അകമഴിഞ്ഞ് ആശംസിക്കുകയാണ്. പൂജയും രാഖിയും ധീരതയുടെയും യഥാർത്ഥ സ്നേഹത്തിന്റേയും പര്യായങ്ങൾ കൂടിയായി മാറുകയാണ്.

Malayalam News Express