പല വീടുകളിലുമുള്ള ഒരു പ്രധാന പ്രശ്നമാണ് തെരുവ് നായ്ക്കൾ സിറ്റൗട്ടിൽ കയറി കിടക്കുന്നത്. പലരും പല വിദ്യകളും പരീക്ഷിച്ച് തോറ്റവരാണ്. കാരണം, എന്തൊക്കെ വിദ്യകൾ പരീക്ഷിച്ചാലും തെരുവുനായ്ക്കൾ വീണ്ടും കടന്നു വരും. പ്രത്യേകിച്ച്, മഴക്കാലങ്ങളിൽ തെരുവുനായ ശല്യം വളരെ കൂടുതലാണ്. രാവിലെ നോക്കുമ്പോൾ നായയുടെ കാൽപ്പാടുകൾ സിറ്റൗട്ടിൽ കാണാൻ കഴിയും. തെരുവു നായ്ക്കൾ ആയതുകൊണ്ട് തന്നെ, നല്ല ഗന്ധവും ഉണ്ടാകും. ഇത്തരത്തിൽ നായ്ക്കൾ കയറിയാൽ അവിടെ അണു വിമുക്തമാക്കുക എന്നുള്ളത് ഒരു ചടങ്ങ് തന്നെയാണ്. പ്രത്യേകിച്ച് കുട്ടികളൊക്കെ ഉള്ള വീട്ടിൽ ഇത്തരത്തിൽ നായ്ക്കൾ കയറി വന്നാൽ കുട്ടികൾക്ക് പല അസുഖങ്ങളും വരാൻ സാധ്യതയുണ്ട്.
തെരുവുനായ്ക്കളെ തുരത്താൻ പലരും പല അടവുകൾ പരീക്ഷിച്ചു നോക്കാറുണ്ട്. ചിലർ കുപ്പിയിൽ വെള്ളം നിറച്ച് നിരത്തി വയ്ക്കാറുണ്ട്. എന്നാൽ പലപ്പോഴും കുപ്പിയൊക്കെ തട്ടി മാറ്റി നായ്ക്കൾ അകത്തു കയറും. ചിലർ, വീട്ടിലെ കസേരകൾ എടുത്ത് സിറ്റൗട്ടിന് ചുറ്റും വയ്ക്കാറുണ്ട്. എന്നാൽ കസേരകളേയും മറിച്ചിട്ടു കൊണ്ട് നായകൾ വീണ്ടും അകത്തേക്ക് കയറി വരാറുണ്ട്. പ്രത്യേകിച്ച് മതിലില്ലാത്ത വീടാണെങ്കിൽ നായ്ക്കൾ ദിവസവും ഇത്തരത്തിൽ കയറും.
ഇപ്പോഴിതാ, നായ്ക്കളെ തുരത്താൻ ഒരു എളുപ്പവഴിയുണ്ട്. ചിലവോ അധ്വാനമോ ഒന്നുമില്ലാതെ, സിമ്പിളായി ചെയ്യാൻ പറ്റുന്ന ഒരു വഴിയാണിത്. കടയിൽ നിന്ന് കുറച്ച് നാഫ്ത്തലിൻ ബോൾസ് വാങ്ങുക. പൊതുവേ വാഷ് ബെസിനിലും പാത്രം കഴുകുന്ന സ്ഥലത്തും നാഫ്ത്തലിൻ ബോൾസ് ഇടാറുണ്ട്. പാറ്റ ഒന്നും വരാതിരിക്കാനാണ് ഇത്തരത്തിൽ ചെയ്യുന്നത്. ഈ നാഫ്ത്തലിൻ ബോൾസ് പട്ടികളെ തുരത്താനും സഹായിക്കുമെന്ന് പറഞ്ഞാൽ വിശ്വസിക്കുമോ? തീർച്ചയായും ഇത് സഹായിക്കും. ഇത് ഉപയോഗിക്കേണ്ട വിധം ഇങ്ങനെയാണ്. നാലഞ്ച് നാഫ്ത്തലിൻ ബോൾസ് എടുക്കുക. സിറ്റൗട്ടിൽ അവിടവിടെയായി വയ്ക്കുക. ഇത്രയും മാത്രം നിങ്ങൾ ചെയ്താൽ മതി. ഇനി സുഖമായി കിടന്നുറങ്ങാം. നായ്ക്കൾ ആ പരിസരത്ത് പോലും വരില്ല.
അടുത്ത ദിവസം രാവിലെ ഈ നാഫ്ത്തലിൻ ബോൾസ് എല്ലാം എടുത്തു മാറ്റി വെക്കുക. രാത്രി വീണ്ടും ഈ ഉപയോഗിക്കാം. വളരെ തുച്ഛമായ വിലയ്ക്ക് ലഭിക്കുന്നതാണിത്. ഒരു നാഫ്ത്തലിൻ ബോൾസ് ഏകദേശം മൂന്ന് നാല് ദിവസങ്ങളോളം ഉപയോഗിക്കാൻ കഴിയും. ഇത് അലിഞ്ഞ് പോവുകയുമില്ല. ഇത് ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യം, കുട്ടികളുള്ള വീടാണെങ്കിൽ കുട്ടികൾ എടുക്കാതെ സൂക്ഷിക്കണം. കുട്ടികൾ എങ്ങാനും മിഠായി ആണെന്ന് വിചാരിച്ചു എടുത്തു വായിൽ ഇട്ട് കഴിഞ്ഞാൽ പണി കിട്ടും. അതുകൊണ്ട് നാഫ്ത്തലിൻ ബോൾസ് വളരെയധികം സൂക്ഷിച്ച് മാത്രം ഉപയോഗിക്കുക. വീട്ടിൽ സ്ഥിരമായ നായ്ക്കളുടെ ശല്യം ഉള്ളവർക്ക് ഇത് ഉപയോഗിച്ച് നോക്കാവുന്നതാണ്. വളരെ എളുപ്പത്തിൽ നായ്ക്കളെ തുരത്താൻ ഇത് സഹായിക്കും.
