“നിങ്ങൾക്ക് കല്യാണം കഴിച്ചുകൂടെ” എന്ന് ബന്ധുക്കളുടെ ചോദ്യം; വിജയ് മാധവുമായുള്ള വിവാഹത്തെ കുറിച്ച് ദേവിക നമ്പ്യാർ പറയുന്നു

മിനിസ്‌ക്രീനിലെ നിറസാന്നിധ്യവും കുടുംബ പ്രേക്ഷകരുടെ ഇഷ്ട താരവുമായ ദേവിക നമ്പ്യാരുടേയും ഐഡിയ സ്റ്റാർ സിംഗർ ഫെയിം ഗായകനും സംഗീത സംവിധായകനുമായ വിജയ് മാധവിൻ്റേയും വിവാഹനിശ്ചയം കഴിഞ്ഞ ഓഗസ്റ്റ് 25ന് നടന്നിരുന്നു. ഈ താര വിവാഹ നിശ്ചയത്തെ ആരാധകർ നിറഞ്ഞ മനസോടെയാണ് സ്വീകരിച്ചത്.  വിജയ് മാധവിനെ ഐഡിയ സ്റ്റാർ സിംഗറിൽ ഉള്ളപ്പോൾ തന്നെ പ്രേക്ഷകർക്ക് സുപരിചിതമാണ്. ദേവിയാകട്ടെ സിനിമകളിലും സീരിയലുകളിലും ഏറെ സജീവ സാന്നിധ്യവുമായിരുന്നു. ഇരുവർക്കും പ്രേക്ഷകരുടെ മുന്നിൽ ഒരു മുഖവുരയുടെ ആവശ്യമില്ല. ഇപ്പോഴിതാ ദേവികാ നമ്പ്യാർ തന്നെ തന്റെ ജീവിതത്തെക്കുറിച്ചും ജീവിത പങ്കാളിയെ കുറിച്ചും മനസ്സ് തുറക്കുകയാണ്.

വിജയ് മാധവിനെ വളരെ കാലമായി പരിചയം ഉണ്ടായിരുന്നുവെങ്കിലും ഇതൊരു പ്രണയ വിവാഹമല്ല എന്നാണ് ദേവിക നമ്പ്യാർ പറഞ്ഞത്. മഴവിൽ മനോരമയിൽ സംപ്രേക്ഷണം ചെയ്യുന്ന ‘പരിണയം’ എന്ന സീരിയലിൽ താരം അഭിനയിച്ചിരുന്നു. അതിന്റെ പ്രൊഡ്യൂസറായ സുധീപ് കാരാട് ഒരു ആൽബം ചെയ്യുന്നുണ്ട്, അതിലൊരു പാട്ട് പാടാമോ എന്ന് ദേവികയുടെ ചോദിച്ചു. പാട്ടുപാടാൻ വളരെ ചെറുപ്പം മുതലേ താല്പര്യം ഉള്ളതിനാൽ ദേവിക അതിനു സമ്മതം മൂളുകയും ചെയ്തു. ആ ആൽബത്തിൻ്റെ സംഗീത സംവിധായകൻ വിജയ് മാധവായിരുന്നു. അങ്ങനെയാണ് അദ്ദേഹവുമായി നേരിട്ട് പരിചയത്തിലാകുന്നത്. “എനിക്ക് ആദ്യമായി പാട്ട് പഠിപ്പിച്ചു തന്നത് അദ്ദേഹമാണ്, അതുകൊണ്ട്, മാഷേ എന്ന് തന്നെയാണ് ഇപ്പഴും ഞാൻ വിളിക്കുന്നത്” വിജയ് മാധവിനെ കുറിച്ച് നടി ദേവിക പറയുന്നു.

ആ പാട്ട് പാടി കഴിഞ്ഞ് പിന്നീട് കുറേക്കാലമായിട്ട് വിജയ് മാധവുമായി യാതൊരുവിധ കോൺടാക്ടും ദേവികയ്ക്ക് ഉണ്ടായിരുന്നില്ല. 2015 അമ്മയുടെ കുടുംബ ക്ഷേത്രത്തിൽ പോയപ്പോൾ അവിടെ വെച്ച് ആകസ്മികമായി കണ്ടപ്പോഴാണ് ഞങ്ങൾ അടുത്ത ബന്ധുക്കൾ ആണെന്ന് അറിയുന്നത് എന്ന് ദേവിക പറയുന്നു. അതിനുശേഷം ഇടയ്ക്ക് ഒക്കെ ദേവികയും വിജയ് മാധവും അവരുടെ ചില വർക്കുകളുടെ കാര്യം പറയാൻ പരസ്പരം വിളിക്കും. ലോക്ഡൗൺ കാലത്ത് ‘ലേ സഹസ്രാര’ എന്ന പേരിൽ വിജയ് മാധവ് ഒരു ഓൺലൈൻ യോഗ ക്ലാസ് തുടങ്ങിയപ്പോൾ അതിൽ ദേവികയും ക്ലാസ് എടുത്തിരുന്നു. അങ്ങനെയാണ് അവർ നല്ല സുഹൃത്തുക്കളാകുന്നത്.

ഇതേസമയത്ത് ദേവികയ്ക്ക് വിവിധ കല്യാണ ആലോചനകൾ വരുന്നുണ്ടായിരുന്നു. പക്ഷെ, ഓരോ കാരണങ്ങൾ കൊണ്ട് വന്ന കല്യാണാലോചനകൾ എല്ലാം മുടങ്ങി. അതെല്ലാം വിജയ് മാധവുമായി ദേവിക ഡിസ്കസ് ചെയ്യാറുണ്ടായിരുന്നു. അമ്മയുടെ നാട്ടിൽ പോകുമ്പോഴെല്ലാം ദേവിക വിജയ്യുടെ വീട്ടിലേയ്ക്കും പോകുമായിരുന്നു. ദേവികയ്ക്ക് വിജയ്യുടെ അമ്മയും അനുജത്തിയും ആയിട്ടൊക്കെ നല്ല അടുപ്പമാണ്. അങ്ങിനെയിരിക്കെ ആയിരുന്നു “നിങ്ങൾക്ക് കല്യാണം കഴിച്ചുകൂടെ” എന്ന ചോദ്യം ഇരുവരുടെയും ബന്ധുക്കൾ ചോദിക്കാൻ തുടങ്ങിയത്. പക്ഷെ അങ്ങനെ ഒരു കാര്യം ഞങ്ങൾ ഒരിക്കലും ചിന്തിച്ചിട്ട് ഇല്ലാത്തതിനാൽ വേണ്ട എന്നായിരുന്നു മറുപടി.

എന്നാൽ പിന്നീട് ചിന്തിച്ചപ്പോൾ തോന്നിയത്, ഒരു പരിചയമില്ലാത്ത ഒരാളെ കല്യാണം കഴിക്കുന്നതിനേക്കാൾ നല്ലത് പരിചയമുള്ള ഒരാളെ കല്യാണം കഴിക്കുന്നത് അല്ലേയെന്നാണ്. എങ്കിലും പിന്നീട് വീണ്ടും ഓരോ ആലോചനകൾ വന്നിരുന്നതൊന്നും ശരിയാവാതെ വരികയും കറങ്ങിത്തിരിഞ്ഞ് ഒടുവിൽ വിജയ് മാധവിന്റെ അടുത്തെത്തി ചേരുകയും ചെയ്തു. വിവാഹം നിശ്ചയം വളരെ പെട്ടെന്ന് നടത്തിയെങ്കിലും വിവാഹത്തീയതി തീരുമാനിച്ചിട്ടില്ലെന്ന് ദേവിക നമ്പ്യാർ വ്യക്തമാക്കി. ഇരുവരുടെയും നിശ്ചയത്തിന്റെ ഫോട്ടോകൾ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ദേവിക ധരിച്ച പച്ച നിറത്തിലുള്ള വസ്ത്രങ്ങളാണ് പ്രേക്ഷകർക്ക് കൂടുതൽ ഇഷ്ടമായത്. അതിന്റെ ക്രെഡിറ്റ് മുഴുവനും മാഷിനാണെന്നാണ് ദേവിക നമ്പ്യാർ പറയുന്നത്. ദേവിക ഇപ്പോൾ മഴവിൽ മനോരമയിൽ സംപ്രേഷണം ചെയ്യുന്ന “രാക്കുയിൽ” എന്ന സൂപ്പർഹിറ്റ് സീരിയലിൽ അഭിനയിച്ചുവരികയാണ്.

Malayalam News Express