സോഷ്യൽ മീഡിയയിൽ വൈറൽ ആകാൻ ഈ ഒരു സമൂഹത്തിൽ പ്രത്യേകിച്ച് കാരണമൊന്നും വേണ്ട. പലരും ഫോട്ടോ ഷൂട്ടുകളിലൂടെയും ഇൻസ്റ്റഗ്രാം റീൽസിലൂടേയും യൂട്യൂബ് വീഡിയോകളിലൂടെയുമെല്ലാം വൈറലാകാറുണ്ട്. അങ്ങനെ സോഷ്യൽ മീഡിയയിൽ ഈ അടുത്ത കാലത്ത് വൈറലായ വ്യക്തിയാണ് ബിസ്മിത. വളരെ പെട്ടെന്ന് തന്നെ സോഷ്യൽ മീഡിയയിൽ വൈറലായത് ബിസ്മിതയുടെ ചർമത്തിന്റെ പ്രത്യേക കാരണമാണ്. ജന്മനാൽ ത്വക്ക് രോഗമുള്ള ബിസ്മിതയുടെ മുഖത്തു മുഴുവൻ കറുത്ത കലകളാണ്.
പുള്ളി കുത്തിയ അവളുടെ മുഖം കണ്ട് ആദ്യം എല്ലാവരും അമ്പരന്നു. ചിലർ സഹതാപത്തോടെ നോക്കി. മറ്റുചിലരാകട്ടെ പരിഹസിച്ചു. എന്നാൽ സൗന്ദര്യം മുഖത്തല്ല മനസ്സിലാണ് വേണ്ടത് എന്ന് തെളിയിച്ചിരിക്കുകയാണ് ബിസ്മിത.
തിരുവനന്തപുരം കാരയ്ക്കാമണ്ഡപം സ്വദേശിയാണ്. ആദ്യമായി ബിസ്മിത വൈറലാകുന്നത് ടിക് ടോക് വീഡിയോകളിലൂടെയാണ്. ടിക് ടോക്ക് ബാൻ ചെയ്തതിനു ശേഷമാണ് ഇൻസ്റ്റാഗ്രാമിൽ സജീവമായത്. വളരെ മനോഹരമായ ഇൻസ്റ്റഗ്രാം റീൽസിലുടെ ബിസ്മിത പ്രേക്ഷക ശ്രദ്ധ ആകർഷിച്ചു. ധാരാളം പേർ ബിസ്മിതയെ സപ്പോർട്ട് ചെയ്തും ആശംസകൾ അറിയിച്ചും എത്തിയെങ്കിലും ഒരുകൂട്ടം പേർ പരിഹാസങ്ങളുമായെത്തി. മനസ്സിനെ വളരെയധികം വിഷമിപ്പിക്കുന്ന പരിഹാസ കമൻറുകളുമായി പലരും വന്നു.
എന്നാൽ ഇത്തരം പരിഹാസങ്ങൾക്ക് ഒന്നുംതന്നെ ബിസ്മിതയെ തളർത്താൻ കഴിഞ്ഞില്ല. ഈയടുത്ത കാലത്താണ് ബിസ്മിതയുടെ ഒരു മേക്കോവർ ഫോട്ടോഷൂട്ട് നടന്നത്. എല്ലാവരെയും അത്ഭുതപ്പെടുത്തുന്ന മേക്കോവർ ഫോട്ടോഷൂട്ട് സോഷ്യൽ മീഡിയയിലും വൈറലായിരുന്നു. ഇപ്പോഴിതാ തന്നെ പരിഹസിക്കുകയും പുച്ഛിക്കുകയും ചെയ്യുന്നവർക്കുള്ള മറുപടിയുമായി എത്തിയിരിക്കുകയാണ് ബിസ്മിത. ഒരുപാട് പേർ പരിഹസിച്ചിട്ടുണ്ടെങ്കിലും പലരും ഫോട്ടോ ഷൂട്ട് ചെയ്യാമോ എന്നൊക്കെ ചോദിച്ചത് ഒരു അംഗീകാരമായി തന്നെ തോന്നിയിട്ടുണ്ടെന്ന് ബിസ്മിത പറഞ്ഞു.
“ഈ മുഖം വച്ചിട്ട് എന്തിന് വിഡിയോ ചെയ്യുന്നു, കണ്ടിട്ട് അറപ്പു തോന്നുന്നു, നാണമില്ലേ, വീട്ടിൽ തന്നെ ഇരുന്നാൽ പോരെ, മറ്റുള്ളവരെകൊണ്ട് പറയിപ്പിക്കണോ” എന്നൊക്കെ ചോദിച്ചവരും ഒരുപാടുണ്ടെന്ന് വേദനയോടെ ബിസ്മിത പറഞ്ഞു. എന്നാൽ ഇത്തരത്തിലുള്ള കളിയാക്കലുകൾ കൂടി വന്നപ്പോൾ അത് സ്ക്രീൻഷോട്ട് എടുത്ത് ഇൻസ്റ്റഗ്രാമിൽ ബിസ്മിത പോസ്റ്റ് ചെയ്തു. അത് കണ്ടാണ് അമല്‍ ഷാജി മെയ്ക്ക് ഓവര്‍ ഫോട്ടോഷൂട്ടിനെ കുറച്ചു പറഞ്ഞത്. അന്ന് ബിസ്മിത അതിന് സമ്മതം മൂളി. അത് ബിസ്മിതയുടെ ജീവിതത്തിലെ വലിയൊരു മാറ്റത്തിലേക്കുള്ള തുടക്കമായിരുന്നു. ഒക്കെ പറയുകയായിരുന്നു.
ജീവിതത്തിൽ എപ്പോഴും ഏതു പ്രതിസന്ധിയിലും കൂടെ നിന്നിട്ടുള്ളത് അമ്മയും ഭർത്താവുമാണ്. ഭർത്താവ് ഓട്ടോ ഡ്രൈവർ ആണ്. അവരുടേത് പ്രണയവിവാഹമായിരുന്നു. തൻ്റെ കുറവിനെ ഒരിക്കലും പുച്ഛിക്കാത്ത ഭർത്താവിനെ കിട്ടിയതാണ് ജീവിതത്തിലെ ഏറ്റവും വലിയ ഭാഗ്യം എന്ന് ബിസ്മിത കരുതുന്നു. മുഹമ്മദ് അല്‍സം എന്നൊരു പൊന്നുമോനും ബിസ്മിതയ്ക്ക് ഉണ്ട്. മകൻറെ മുഖത്തിലും ബിസ്മിതയുടേത് പോലെതന്നെ പുള്ളികൾ ഉണ്ട്. അതു മാത്രമാണ് ഇപ്പോൾ ബിസ്മിതയുടെ നിരാശ. മലയാളിയുടെ വികലമായ സൗന്ദര്യബോധത്തിനു നേരെയുള്ള ഒരു ചോദ്യചിഹ്നമാണ് ബിസ്ത. ബിസ്മിത ഇനിയും ഉയരങ്ങളിലേക്ക് എത്തും. അവൾ ജീവിതത്തിൻറെ വർണ്ണങ്ങളിലേക്ക് പറന്നുയരുക തന്നെ ചെയ്യും.
