ഫ്രീസറിൽ ഐസ് നിറഞ്ഞു കട്ട പിടിക്കുന്നുണ്ടോ? എങ്കിൽ ഇനി നിസാരമായി അതൊഴിവാക്കാം

നമ്മുടെ അടുക്കളയിൽ സ്ഥിരം കണ്ടുവരുന്ന ചെറുതല്ലാത്ത ഒരു പ്രശ്നമാണ് റെഫറിജിറേറ്റർ ഫ്രീസറിൽ ഐസ് നിറയുന്നത്. പൊതുവെ, ഫ്രീസറിൽ സൂക്ഷിക്കുന്ന സാധനങ്ങൾ, ഫ്രീസർ ഭിത്തികളോട് ഐസുമായി ചേർന്ന് അടർത്തി മാറ്റാൻ കഴിയാത്ത വിധം ഒട്ടി പോകുന്നത് നാമൊക്കെ എന്നെങ്കിലും അനുഭവിച്ചിട്ടുള്ള ഒരു പ്രശ്നം തന്നെയാണ്. വളരെ നിസാരമായ സാങ്കേതിക അറിവ് കൊണ്ട് ഈ പ്രശ്നം പരിഹരിക്കാൻ കഴിയും. ഓരോ റെഫെറിജിറേറ്ററിന്റെ ഫ്രീസറിലും താപം നിയന്ത്രിക്കുന്ന ഒരു ചെറിയ ഉപകരണം ഉണ്ട്. ഫ്രീസറിന്റെ പ്രവർത്തനത്തിൽ വലിയ പങ്ക് വഹിക്കുന്ന ഈ ചെറിയ ഉപകരണത്തിന്റെ പേര് ‘തെർമോസ്റ്റാറ്റ്’ എന്നാണ്. ഇത് ഒരു സെൻസിങ്ങ് ഡിവൈസ് ആണ്.  ഫ്രീസറിന്റെ ഉള്ളിലെ താപത്തെ നിയന്ത്രിച്ച് നമുക്ക് ആവശ്യമായ അനുപാതത്തിൽ മാത്രം ഫ്രീസർ പ്രവർത്തിക്കുവാൻ തെർമോസ്റ്റാറ്റ് ആവശ്യമാണ്. ഈ ഉപകരണത്തിന് സംഭവിക്കുന്ന കേടുപാടുകൾ കൊണ്ടാണ് ഫ്രീസറിൽ ഐസ് നിറയുന്നത്.

 

തെർമോസ്റ്റാറ്റ് പ്രവർത്തന രഹിതമാകുമ്പോൾ ഫ്രീസറിലെ തണുപ്പ് നിയന്ത്രണാതീതമാകുകയും അത് മൂലം ഐസ് ഫ്രീസറിന്റെ പ്രതലങ്ങളിൽ ഉറയ്ക്കുവാനും തുടങ്ങുന്നു. ഒരുപാട് നേരം ഇങ്ങനെ പ്രവർത്തിക്കുന്നതിലൂടെ ഫ്രീസർ ഐസ് കൊണ്ട് നിറയുവാൻ കാരണമാകുന്നു. തെർമോസ്റ്റാറ്റ് സർവ്വ സാധാരണമായ ഒരു ഉപകരണമാണ്. നമ്മുടെ വീടുകളിൽ നിത്യോപയോഗ സാമഗ്രികളിൽ തെർമോസ്റ്റാറ്റ് ഒഴിച്ചു കൂടാനാവാത്ത ഒരു ഭാഗമാണ്. ഏസി, ഫ്രിഡ്ജ്, മൈക്രോവേവ് ഓവൻ, ഹീറ്ററുകൾ എന്നിങ്ങനെ പല ഗാർഹിക സാമഗ്രികളിലും തെർമോസ്റ്റാറ്റ് എന്ന കുഞ്ഞൻ ഉപകരണം പ്രവർത്തിക്കുന്നു. ആവശ്യമായ താപനില നിലനിർത്തുക എന്നതാണ് തെർമോസ്റ്റാറ്റിന്റെ ധർമം.

 

ആവശ്യമായ താപനില എത്തി കഴിഞ്ഞാൽ പ്രവർത്തിച്ചു കൊണ്ടിരിക്കുന്ന ഉപകരണം നിർത്തുവാനും താപനിലയിലെ മാറ്റങ്ങൾ അനുസരിച് വീണ്ടും പ്രവർത്തിപ്പിക്കുവാനും തെർമോസ്റ്റാറ്റിനു കഴിയും. ഉപകരണങ്ങളുടെ പ്രവർത്തന ക്ഷമത ഉയർത്തുവാനും, ഊർജം ലാഭിക്കുവാനും തെർമോസ്റ്റാറ്റ് വഹിക്കുന്ന പങ്ക് വളരെ വലുതാണ്. റെഫെറിജേറ്ററുകളിൽ ഇവ പ്രവർത്തനരഹിതമാകുമ്പോൾ കേടായത് മാറ്റി പുതിയത് സ്ഥാപിക്കുന്നതാണ് ഏറ്റവും നല്ലത്. ഒരു ചെറിയ പെട്ടിയും അതിൽ നിന്ന് വാല് പോലെ നീളുന്ന ഒരു ട്യൂബുമാണ് തെർമോസ്റ്റാറ്റിന്റെ ഘടന. ഈ ട്യൂബിൽ ഫ്രിയോൺ (Freon) പോലുള്ള വാതകം നിറയ്ക്കുന്നു, ഈ ട്യൂബിന്റെ അറ്റത്തായി ഒരു ലോഹ ഗോളവും കാണാം. ഈ ലോഹ ഗോളമാണ് ഫ്രീസറിൽ ഉറപ്പിച്ചിട്ടുണ്ടാവുക.

 

ചൂട് കൂടുന്നതിനും കുറയുന്നതിനും അനുസരിച് ട്യൂബിൽ ഉള്ള വാതകത്തിനു വരുന്ന വികാസത്തിനും സങ്കോചത്തിനും അനുസൃതമായാണ് തെർമോസ്റ്റാറ്റ് താപം നിയന്ത്രിക്കുക. ഫ്രീസറിൽ താപം നിയന്ത്രിക്കുവാൻ കാണുന്ന നോബ് (Knob) ആണ് തെർമോസ്റ്റാറ്റിന്റെ പുറത്തു നാം കാണുന്ന ഭാഗം. ആ ഭാഗം അഴിച്ചു വേണം തെർമോസ്റ്റാറ്റ് മാറ്റി സ്ഥാപിക്കാൻ. മാത്രമല്ല ഫ്രീസറിന്റെ ഭിത്തിയിൽ കാണുന്ന ചെറിയ ലോഹഗോളവും അഴിച്ച് മാറ്റാവുന്നതാണ്. വളരെ ലളിതമായ വൈദ്യുത കണക്ഷൻ മാത്രമേ തെർമോസ്റ്റാറ്റിൽ ഉള്ളൂ. അത് അഴിക്കുവാനും ഉറപ്പിക്കുവാനും വളരെ എളുപ്പമാണ്. പുതിയ തെർമോസ്റ്റാറ്റ്, വീട്ടുപകരണങ്ങൾ വിൽക്കുന്ന കടകളിലും, സ്പെയർ പാർട്സ് കടകളിലും ലഭ്യമാണ്.

തുച്ഛമായ വിലയ്ക്ക് ഇവ ലഭിക്കും. അഴിച്ചു മാറ്റിയ തെർമോസ്റ്റാറ്റിന്റെ സ്ഥാനത്ത് പുതിയ തെർമോസ്റ്റാറ്റ് ഉറപ്പിക്കുവാനും എളുപ്പമാണ്. തെർമോസ്റ്റാറ്റിന്റെ ട്യൂബ് ഒടിയാതെയും വളഞ്ഞു പോകാതെയും ശ്രദ്ധിക്കണം എന്ന് മാത്രം. ഈ രീതിയിൽ ഏത് റെഫെറിജേറേറ്റർ ഫ്രീസറിലും ഐസ് നിറയുന്ന പ്രശ്നത്തെയും വളരെ നിസാരമായി ആർക്കും പരിഹരിക്കാവുന്നതാണ്. ഫ്രീസറിൽ സൂക്ഷിക്കുന്ന സാധനങ്ങൾ കൂടുതൽ തണുത്ത് ഉറഞ്ഞു പോകാതെയും ഐസിനുള്ളിൽ പെട്ട് ഉപയോഗശൂന്യമാകാതെയും ഇരിക്കുവാൻ ഈ ചെറിയ ഒരു ഉപകരണം മാറ്റി സ്ഥാപിക്കുന്നതിലൂടെ കഴിയും.

 

Malayalam News Express