റഷ്യയിൽ ബൈക്ക് റൈഡ് നടത്തി അജിത് കുമാർ; ട്വിറ്ററിൽ വൈറലായി ചിത്രങ്ങൾ

തമിഴ്നാടിൻ്റെ സൂപ്പർതാരമാണ് അജിത് കുമാർ. നിരവധി സൂപ്പർ ഹിറ്റ് ചിത്രങ്ങളിലൂടെ മലയാളികളുടെയും പ്രിയപ്പെട്ട നായകനാവാൻ അജിത്തിന് കഴിഞ്ഞിട്ടുണ്ട്. ‘തല’യെന്നാണ് ആരാധകർ സ്നേഹത്തോടെ അദ്ദേഹത്തെ വിളിക്കുന്നത്. നിരവധി വർഷത്തെ കഠിനാധ്വാനത്തിലൂടെയും മികച്ച പ്രകടനത്തിലൂടെയുമാണ് ‘തല’ എന്ന വിളിപ്പേര് താരം നേടിയെടുത്തത്. തമിഴ്നാട്ടിനപ്പുറം തെന്നിന്ത്യയിലും തന്റെ സ്ഥാനമുറപ്പിക്കാൻ അജിത്തിന് കഴിഞ്ഞിട്ടുണ്ട്.

‘വലിമൈയ്’ എന്ന സിനിമയുടെ അവസാന ഷെഡ്യൂളിനുവേണ്ടി റഷ്യയിലായിരുന്നു അദ്ദേഹം. ബൈക്ക് റൈഡ് വളരെയധികം താല്പര്യമുള്ള താരം ദീർഘദൂര റോഡ് ട്രിപ്പുകൾ ബൈക്കിൽ നടത്താറുണ്ട്. ഇപ്പോഴിതാ അത്തരത്തിലുള്ള അദ്ദേഹത്തിൻറെ ഒരു യാത്രയാണ് സോഷ്യൽ മീഡിയകളിൽ വൈറലായിരിക്കുന്നത്. അജിത് പൊതുവേ സോഷ്യൽ മീഡിയകളിൽ അത്ര സജീവമല്ല. എന്നാലും അദ്ദേഹത്തിൻറെ വാർത്തകൾ ആവേശത്തോടെ ആരാധകർ സ്വീകരിക്കുകയും അത് സോഷ്യൽ മീഡിയകളിലെ ഫാൻസ് ഗ്രൂപ്പുകളിൽ നിറഞ്ഞു നിൽക്കുകയും ചെയ്യാറുണ്ട്.

 

റഷ്യൻ നഗരത്തിലുള്ള അദ്ദേഹത്തിൻറെ ഒരു റോഡ് ട്രിപ്പാണ്  ഇപ്പോൾ തരംഗമാകുന്നത്. ബിഎംഡബ്ല്യു ആര്‍ 1250 ജിഎസിലാണ് യാത്ര നടത്തിയത്. ടൈംസ് ഓഫ് ഇന്ത്യ അദ്ദേഹത്തിൻറെ ഈ ബൈക്ക് റൈഡിനെ റിപ്പോർട്ട് ചെയ്തിരുന്നു. കോവിഡ് ലോക്ക്ഡൗണ്‍ കാലത്തിനു ശേഷമുള്ള ഒരു വിശ്രമവേളയായാണ് ബൈക്ക് ട്രിപ്പിനെ കാണുന്നതെന്നും ബൈക്കില്‍ ഒരു ലോകപര്യടനം നടത്തുന്നതിനെക്കുറിച്ച് അദ്ദേഹം ഗൗരവത്തോടെ ആലോചിക്കുന്നുണ്ടെന്നുമാണ് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തത്.


‘വലിമൈയ്’ ഷൂട്ടിംഗ് ഇടവേളയിൽ ഹൈദരാബാദിൽ നിന്നും വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലേക്കും തിരിച്ചു ചെന്നൈയിലേക്കും അദ്ദേഹം ബൈക്കിൽ യാത്ര ചെയ്തിരുന്നു. ഇത് ലോക പര്യടനത്തിനുള്ള ഒരു പരിശീലനം എന്ന നിലയ്ക്കാണെന്നും റിപ്പോർട്ടുകൾ പറയുന്നു. ഇത്തരത്തിലുള്ള യാത്രകൾ ഇഷ്ടപ്പെടുന്ന അജിത്ത്, നിരവധി ബൈക്ക് യാത്രകൾ ഇതിനോടകം നടത്തിയിരുന്നു. അവയെല്ലാം ആരാധകരെ ഹരം കൊള്ളിക്കുന്നവയായിരുന്നു. ‘വലിമൈയ്’ ചിത്രത്തില്‍ തന്‍റെ ഭാഗങ്ങളുടെ ചിത്രീകരണം എല്ലാം പൂര്‍ത്തീകരിച്ചതിനു ശേഷമാണ് അജിത്ത് കുമാര്‍ റഷ്യയിലെ ബൈക്ക് യാത്ര ആരംഭിച്ചത്. അജിത്ത് കുമാറിന്‍റെ പുതിയ ബൈക്ക് ട്രിപ്പിന്‍റെ ചിത്രങ്ങള്‍ ട്വിറ്ററില്‍ വളരെ പെട്ടെന്ന് തന്നെ വൈറലായി. ആരാധകരെ ത്രസിപ്പിക്കുന്ന ചിത്രങ്ങൾ ഫെയ്സ്ബുക്കിലും ഇൻസ്റ്റഗ്രാമിലുമുള്ള ഫാൻസ് പേജുകളിൽ ചിത്രം ഇടം പിടിക്കുകയും ചെയ്തു.


ഇതിനു മുന്നേ ഉള്ള ഹൈദരാബാദ് സിക്കിം യാത്രയ്ക്കിടയിലെ ചിത്രങ്ങളും ഇത്തരത്തിൽ സോഷ്യൽ മീഡിയയിലും ഫാൻസ് ഗ്രൂപ്പുകളിലും വൈറലായിരുന്നു. ‘എന്നെ അറിന്താൽ’ എന്ന സൂപ്പർഹിറ്റ് ചിത്രത്തിനുശേഷം അജിത് കുമാർ പോലീസ് വേഷത്തിൽ എത്തുന്ന പുതിയ സിനിമയാണ് ”. നിരവധി ആക്ഷൻ രംഗങ്ങൾ ഉള്ള ചിത്രത്തിൻറെ ചിത്രീകരണസമയത്ത് രണ്ടുപ്രാവശ്യം അജിത്തിന് പരിക്കേറ്റതും വാർത്തയായിരുന്നു. എച്ച് വിനോദിന്റെ സംവിധാനത്തിലാണ് ചിത്രമൊരുങ്ങുന്നത്. ഈ ചിത്രത്തില്‍ യാമി ഗൗതം, ഇലിയാന ഡിക്രൂസ്, ഹുമ ഖുറേഷി എന്നിവരാണ് അജിത്തിൻ്റെ നായികമാരായി എത്തുന്നത്. അജിത്തിന്റെ പുതിയ ആക്ഷൻ സിനിമ കാണാൻ കാത്തിരിക്കുകയാണ് പ്രേക്ഷകർ.

 

Malayalam News Express