റേഷൻ കാര്‍ഡിന്റെ രൂപം മാറുന്നു; റേഷൻ കാർഡും ഇനി സ്മാർട്ട് ആകും

കേരളപ്പിറവി ദിനമായ നവംബര്‍ ഒന്ന് മുതല്‍ റേഷൻ കാര്‍ഡിന്റെ രൂപം മാറുന്നു. ഇനി  റേഷൻ കാർഡും സ്മാർട്ടാകും. റേഷൻ കാർഡ് എന്ന് പറയുമ്പോഴും പരമ്പരാഗതമായി ഇത് പുസ്തക രൂപത്തിലാണ് ഉള്ളത് ഇതിനു പകരം എ.ടി.എം. കാർഡിൻറെ വലുപ്പത്തിൽ സ്മാർട്ട് റേഷൻ കാർഡ് എത്തുകയാണ്. നവംബർ ഒന്നു മുതൽ വിതരണവും തുടങ്ങും. സംസ്ഥാന ഭക്ഷ്യ വകുപ്പ് ഇതിനോടകം ഇതിനുള്ള നടപടികള്‍ സ്വീകരിച്ചു കഴിഞ്ഞു.

 

ക്യൂ ആര്‍ കോഡ്, ബാര്‍ കോഡ് എന്നിവയുള്ള കാര്‍ഡില്‍ ഉടമയുടെ പേര്, ഫോട്ടോ, വിലാസം തുടങ്ങിയാണ് മുന്‍വശത്ത് രേഖപ്പെടുത്തുക. അതേസമയം, പ്രതിമാസ വരുമാനം, റേഷന്‍ കട നമ്പർ, വീട് വൈദ്യുതീകരിച്ചതാണോ, എല്‍പിജി കണക്ഷന്‍ ഉണ്ടോ തുടങ്ങിയ വിവരങ്ങൾ മറുവശത്തും രേഖപ്പെടുത്തും. റേഷൻ വാങ്ങുന്ന വിവരം ഉപഭോക്താവിനെ മൊബൈൽ ഫോണിലൂടെ ലഭിക്കും. സ്മാർട്ട് കാർഡ് ലഭിക്കാൻ 25 രൂപയാണ് ഫീസായി ഈടാക്കുന്നത്. സാധാരണക്കാരായ ജനങ്ങൾക്ക് കൂടി വേണ്ടിയാണ് 25 രൂപയിൽ നിജപ്പെടുത്തിയത്. മുൻഗണനാ വിഭാഗത്തിന് സൗജന്യമായി കാർഡ് ലഭിക്കും. മാത്രമല്ല മുൻഗണനാ വിഭാഗത്തിന് ചിത്രം പതിച്ച തിരിച്ചറിയൽ കാർഡായും ഈ കാർഡ് ഉപയോഗിക്കാൻ കഴിയുമെന്നത് ഒരു ഗുണമാണ്. യാത്രകളിൽ കൂടെ കരുതാമെന്നതാണ് മറ്റൊരു പ്രത്യേകത. താലൂക്ക് സപ്ലൈ ഓഫീസില്‍ നേരിട്ടോ അല്ലെങ്കിൽ സിവില്‍ സപ്ലൈസ് വകുപ്പിന്റെ പോര്‍ട്ടല്‍ വഴിയോ പുതിയ സ്മാർട്ട് കാർഡിന് അപേക്ഷിക്കാം. എന്നിട്ട് പിഡിഎഫ് രൂപത്തിലുള്ള കാർഡിലെ പ്രിൻറ് എടുത്ത് ഉപയോഗിക്കാം.

പിന്നീട് അറിയിപ്പ് കിട്ടുന്ന മുറയ്ക്ക് നേരിട്ട് ചെന്ന് കാർഡ് കൈപ്പറ്റുകയും ചെയ്യാം. കഴിഞ്ഞ ഫെബ്രുവരിയില്‍ ഒന്നാം പിണറായി സർക്കാരിൻറെ ഭരണ കാലത്ത് കൊണ്ടുവന്ന ഇ- റേഷന്‍ കാര്‍ഡ് എന്ന പദ്ധതി പരിഷ്‌കരിച്ചാണ് സ്മാര്‍ട്ട് കാര്‍ഡ് ആക്കിയത്. ആധാര്‍ കാര്‍ഡിൻ്റെ മാതൃകയിലാണ് ഈ കാർഡ് നിർമ്മിച്ചിരിക്കുന്നത്. ഇ കാർഡ് വിതരണം ആരംഭിക്കുന്നതോടെ റേഷൻ കടകളിൽ ഇപ്പോൾ ഉപയോഗിച്ച് വരുന്ന ഈപോസ് യന്ത്രങ്ങളിൽ ക്യു ആർ സ്കാനർ സ്ഥാപിക്കും.

സ്മാർട്ട്  കാര്‍ഡ് ഒരുക്കുന്നതിനു മുമ്പ് റേഷൻ‍ കാര്‍ഡിലെ വിവരങ്ങള്‍ വ്യക്തവും കൃത്യവുമായിരിക്കണമെന്ന് ഭക്ഷ്യ വകുപ്പ് അറിയിച്ചു. നിലവിലെ റേഷന്‍ കാര്‍ഡില്‍ പേര്, വയസ്, ലിംഗം, ബന്ധം, തൊഴില്‍, ഫോണ്‍ നമ്പർ, വിലാസം എന്നിവയില്‍ തെറ്റുണ്ടെങ്കില്‍ തിരുത്തണമെന്ന് അറിയിച്ചിട്ടുണ്ട്. മരണപ്പെട്ടവരെ കാർഡിൽ നിന്നും ഒഴിവാക്കണം.

സെപ്തംബർ 30 വരെ വിവരങ്ങൾ തിരുത്താൻ അവസരം നല്‍കും. ഇതിനുള്ള അപേക്ഷകൾ ഓണ്‍ലൈനായി അക്ഷയ സെന്റര്‍ വഴിയും വെബ്സൈറ്റിലെ സിറ്റിസണ്‍ ലോഗിന്‍ വഴിയും സമർപ്പിക്കാം. ബന്ധപ്പെട്ട താലൂക്ക് സപ്ലൈ/സിറ്റി റേഷനിങ് ഓഫീസുകളില്‍ സെപ്റ്റംബര്‍ 30 ന് മുമ്പാണ് സമര്‍പ്പിക്കേണ്ടത്. പുസ്തകരൂപത്തിലുള്ള പഴയ റേഷൻ കാർഡിന് അപേക്ഷിച്ച് ഒരുപാട് മാറ്റങ്ങൾ ഉള്ളതാണ് പുതിയ റേഷൻ കാർഡ്. ഉപഭോക്താക്കൾക്ക് ഏറെ ഗുണം ചെയ്യുന്നതാണ്. പുതിയ ഇ കാർഡിനായി കാത്തിരിക്കുകയാണ് ഉപഭോക്താക്കൾ.

Malayalam News Express