ലോണായി 5 ലക്ഷം രൂപ വരെ ലഭിക്കും; സർക്കാരിന്റെ പുതിയ പദ്ധതിയെ കുറിച്ചറിയാം

രണ്ടു വർഷത്തോളമായി നമ്മളെ പിന്തുടരുകയാണ് കോവിഡ് മഹാമാരി. ഇതിനോടകം കൊവിഡ് തകർത്തത് നിരവധിപേരുടെ ജീവിതമാർഗ്ഗമാണ്. പലർക്കും ഈ മഹാമാരിക്കിടയിൽ ജോലി നഷ്ടപ്പെട്ടു. വീടിനുള്ളിലെ നാലു ചുവരുകൾക്കുള്ളിൽ ഒതുങ്ങി കൂടിയപ്പോൾ പലരുടെയും ജീവിതമാർഗ്ഗം അവതാളത്തിലായി. സർക്കാർ നിയന്ത്രണങ്ങൾ പാലിക്കണമെന്നതു മാത്രമല്ല കൊവിഡ് വരുമോ എന്ന ഭീതിയും ജനങ്ങൾക്കിടയിൽ ഏറെയുണ്ടായി. ഇതിനിടയിൽ കൊവിഡ് വന്ന് മാത്രമല്ല, നിരവധി പേരാണ് കടം കയറിയും ആത്മഹത്യ ചെയ്തത്. അത്തരത്തിലുള്ള വാർത്തകൾ സോഷ്യൽമീഡിയകളിൽ സജീവമായിരുന്നു.

ഈ ഒരു ബുദ്ധിമുട്ടേറിയ സാഹചര്യത്തിൽ സാധാരണക്കാരെ സഹായിക്കാൻ സംസ്ഥാനസർക്കാർ പല പദ്ധതികളും രൂപീകരിച്ചിരുന്നു. അത്തരത്തിലൊരു പദ്ധതിയാണിത്, വീട്ടിലെ പ്രധാന വരുമാനം ഉള്ള വ്യക്തി കോവിഡ് ബാധിച്ച് മരണപ്പെട്ടാൽ, അദ്ദേഹത്തിൻറെ വീട്ടിലെ മറ്റുള്ളവർക്ക് ലഭിക്കാവുന്ന ലോൺ പദ്ധതിയാണ് ഇപ്പോൾ വാർത്തകളിൽ ഇടം പിടിക്കുന്നത്. ഗവൺമെൻറ് നൽകുന്ന ഈ ഇൻസ്റ്റൻറ് ലോൺ പ്രകാരം 5 ലക്ഷം രൂപ വരെ ധനസഹായം ലഭിക്കും. ഒരു വീട്ടിലെ പ്രധാന വരുമാനം കണ്ടെത്തുന്ന വ്യക്തി കോവിഡ് ബാധിച്ചു മരിച്ചു കഴിഞ്ഞാൽ, വീട്ടിലെ മറ്റ് അംഗങ്ങൾക്ക് പുതിയൊരു വരുമാന മാർഗ്ഗം, തൊഴിൽ തുടങ്ങാൻ ഉതകുന്നതാണ് ഈ ലോൺ പദ്ധതി. കേരള പട്ടികജാതി പട്ടികവർഗ്ഗ കോർപ്പറേഷൻ ആണ് ഇത്തരത്തിൽ ഒരു ലോൺ പദ്ധതിക്ക് തുടക്കമിട്ടത്.

കോവിഡിന്റെ രണ്ടാംഘട്ടത്തിൽ മരണപ്പെട്ട പട്ടികജാതി-പട്ടിക വിഭാഗത്തിൽപ്പെട്ടവരുടെ കുടുംബാംഗങ്ങൾക്കാണ് ഈ ലോണിൻറെ ആനുകൂല്യം ലഭിക്കുക. ഈ ലോൺ ലഭിക്കാൻ കുടുംബത്തിലെ പ്രധാന വരുമാനമുള്ളയാൾ കോവിഡ് മൂലമാണ് മരിച്ചതെന്ന് ബോധിപ്പിക്കുന്ന സർട്ടിഫിക്കറ്റ് ഹാജരാക്കേണ്ടതായിട്ടുണ്ട്. കോവിഡ് മൂലം പ്രധാന വരുമാനമാർഗം നഷ്ടപ്പെട്ട പട്ടികജാതി കുടുംബങ്ങളിലെ ആശ്രിതരെ സ്വയംതൊഴിൽ തുടങ്ങാൻ പ്രാപ്തരാക്കുന്ന ഒരു പദ്ധതിയാണിത്. ഈ പദ്ധതിയിൽ ദേശീയ പട്ടികജാതി ധനകാര്യ വികസന കോർപ്പറേഷൻ വായ്പയും, അതോടൊപ്പം തന്നെ സബ്സിഡിയും ഒരുമിപ്പിച്ചു കൊണ്ടാണ് ആവിഷ്കരിച്ചിരിക്കുന്നത്. മുഴുവൻ വായ്പാതുകയുടേയും, അതായത് അഞ്ചു ലക്ഷം രൂപയുടേയും 20% അല്ലെങ്കിൽ ഒരു ലക്ഷം രൂപ സർക്കാരിൽ നിന്നും സബ്സിഡിയായി ഇവർക്ക് ലഭിക്കും. ഇങ്ങനെ ലോണായി ലഭിക്കുന്ന അഞ്ചു ലക്ഷം രൂപ കൊണ്ട് ഒരു സ്വയം തൊഴിൽ കണ്ടെത്താൻ അവർക്ക് കഴിയും. ഈ പദ്ധതിക്കായി അപേക്ഷിക്കുന്നയാളുടെ വാർഷികവരുമാനം മൂന്നു ലക്ഷം രൂപയിൽ കവിയാൻ പാടുള്ളതല്ല.

ഈ പദ്ധതിയുടെ പലിശ നിരക്ക് 6 % ആണ്. കോവിഡ് ബാധിച്ച് മരിച്ച വ്യക്തിയുടെ പ്രായം 18 വയസ്സിനും 60 വയസ്സിനും ഇടയിൽ ആയിരിക്കണമെന്നതാണ് മറ്റൊരു നിബന്ധന. മരണപ്പെട്ട വ്യക്തി കൊവിഡ് മൂലമാണ് മരിച്ചത് എന്ന് തെളിയിക്കുന്ന സർട്ടിഫിക്കറ്റ്നോടൊപ്പം, കോർപ്പറേഷന്റെ മറ്റ് വായ്പ നിബന്ധനകളും അപേക്ഷകൻ പാലിക്കേണ്ടതാണ്. മാത്രമല്ല, വായ്പാ തുക ലഭിക്കുന്നതിനായി കോർപ്പറേഷൻ നിബന്ധനകൾക്ക് അനുസൃതമായി വസ്തു ജാമ്യം അല്ലെങ്കിൽ ഉദ്യോഗസ്ഥ ജാമ്യം എന്നിവയിൽ ഏതെങ്കിലും ഒന്ന് നിർബന്ധമായും ഹാജരാക്കേണ്ടതായിട്ടുണ്ട് . ഈ വായ്പ പദ്ധതിയിൽ അപേക്ഷിക്കാൻ അർഹരായവർ അതാത് ജില്ലയിലെ ഓഫീസുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ ശേഖരിക്കാവുന്നതാണ്. കോവിഡ് മൂലം സാമ്പത്തിക തകർച്ചയിൽ അകപ്പെട്ടവർക്കും ജീവിതമാർഗം നഷ്ടപ്പെട്ടവർക്കും വലിയൊരു സഹായമാണ് ഈ പദ്ധതി.

 

Malayalam News Express