“വഞ്ചിക്കപ്പെട്ടു, മറ്റൊരു വിവാഹത്തിന് തയ്യാറാണ്”; ആര്യ മനസ്സ് തുറക്കുന്നു

ഏഷ്യാനെറ്റിലെ ബഡായി ബംഗ്ലാവ് എന്ന പരിപാടിയിലൂടെ വന്ന് ജനപ്രീതി നേടിയ താരമാണ് അവതാരകയും മോഡലും ആയ ആര്യ. ഇപ്പോൾ മിനിസ്ക്രീൻ പ്രേക്ഷകർക്ക് ആര്യയെ അറിയാൻ ഒരു മുഖവുരയുടെ ആവശ്യമില്ല. ഏഷ്യാനെറ്റിലെ റിയാലിറ്റി ഷോ ആയ ബിഗ്‌ബോസിലും ആര്യ സാന്നിധ്യം അറിയിച്ചിരുന്നു. ബിഗ്‌ബോസ് സീസൺ 2 ൽ ആര്യ നടത്തിയ തുറന്ന് പറച്ചലിലൂടെയാണ് താരത്തിന്റെ കുടുംബ പശ്ചാത്തലവും, വിവാഹമോചന വാർത്തകളും പ്രേക്ഷർക്ക് കൂടുതൽ മനസിലായത്. ബിഗ് ബോസിലെ തന്റെ നിലപാടിന്റെ പേരിൽ സോഷ്യൽ മീഡിയയിൽ പലപ്പോഴും ആര്യ കടുത്ത സൈബർ ആക്രമണത്തിന് ഇരയായിരുന്നു.

തന്റെ വിവാഹമോചിത ജീവിതത്തിലേക്ക് വന്ന പ്രണയത്തെക്കുറിച്ച് ബിഗ് ബോസ് ഷോയിൽ ആര്യ തുറന്നു പറഞ്ഞിരുന്നു. ആര്യ തന്റെ കാമുകനെ ജാൻ എന്ന പേരിലാണ് പരിചയപ്പെടുത്തിയിരുന്നത്. എന്നാൽ കോവിഡ് മൂലം സീസൺ പാതിവഴിയിൽ ഉപേക്ഷിക്കുകയും മത്സരാർത്ഥികളെല്ലാം വീട്ടിലേക്ക് മടങ്ങുകയും ചെയ്തപ്പോഴും പ്രേക്ഷകർ ആര്യയുടെ ജാനിനെ തിരയുന്ന തിരക്കിലായിരുന്നു. എന്നാൽ അവസാനം ആര്യ തന്നെ വെളിപ്പെടുത്തലുമായി മുന്നോട്ട് വന്നു. ജാൻ തേച്ചിട്ടുപോയി എന്നാണ് ആര്യ പറഞ്ഞത്.

ആ ബന്ധം തകർന്നുവെന്നും താൻ വളരെക്കാലമായി വിഷാദത്തിലായിരുന്നുവെന്നും ആര്യ വെളിപ്പെടുത്തുന്നു. ആ ബന്ധം എന്നെ സംബന്ധിച്ചെടുത്തോളം സീരിയസ് ആയിരുന്നു. പക്ഷേ ഞാൻ ബിഗ് ബോസിൽ കണ്ട ആളെയല്ല തിരിച്ചെത്തിയപ്പോൾ. ആദ്യം എനിക്കത് ഒരു ഞെട്ടലായിരുന്നു. ബന്ധം തുടരാൻ ആഗ്രഹിക്കുന്നില്ലെന്ന് അയാൾ തന്നെ തുറന്നു പറഞ്ഞു. എന്റെ മകളും അദ്ദേഹവുമായി വളരെ അടുപ്പത്തിലായിരുന്നു. അവൾക്കും സങ്കടമുണ്ടായിരുന്നു. ആ ബന്ധത്തിന് ഭാവിയില്ലാത്തപ്പോൾ ഞങ്ങൾ പിരിഞ്ഞു. ഇപ്പോൾ ഞാൻ സന്തോഷവതിയാണ് ആര്യ പറയുന്നു. ബിഹൈൻഡ് വുഡ്സിന് നൽകിയ അഭിമുഖത്തിലാണ് ആര്യ മനസ്സ് തുറന്നത്.

അയാൾ ഇപ്പോൾ തന്റെ സുഹൃത്തുമായി പ്രണയത്തിലാണ്. ഒരുമിച്ച് പഠിച്ചവരായിരുന്നു ഞങ്ങൾ. ജാനിന് അവളെ പരിചയപ്പെടുത്തിയത് പോലും താനാണെന്ന് താരം പറഞ്ഞു. ഇന്ന്, മറ്റൊരു വിവാഹത്തിന് താൻ തയ്യാറാണെന്ന് ആര്യ പറയുന്നു. വിവാഹം കഴിക്കാൻ ആഗ്രഹിക്കുന്നു. ഒരു പങ്കാളിയെ വേണം. ലൈഫ് ഒരാളുമായി ഷെയർ ചെയ്യണമെന്ന് അതിയായ ആഗ്രഹമുണ്ട് എന്നും ആര്യ തുറന്ന് പറഞ്ഞു. ആളുകളെ ശരിക്ക് മനസിലാക്കാനാകാത്തത് ഒരു പോരായ്മയാണെന്നും ആര്യ സമ്മതിക്കുന്നു. അതുകൊണ്ടാണ് താൻ വഞ്ചിക്കപ്പെട്ടതെന്നും അവർ പറയുന്നു.

2008ൽ ആയിരുന്നു ആര്യ രോഹിത് സുശീലിനെ വിവാഹം കഴിക്കുന്നത്. 2018ൽ ഇരുവരും വിവാഹമോചനം നേടി. 18 വയസ്സിലാണ് ആര്യയുടെ വിവാഹം. അവർക്ക് റോയ എന്ന പേരിലുള്ള മകൾ ഉണ്ട് . മകൾ ആരോടൊപ്പമാണ് താമസം. താനും രോഹിത്തും തമ്മിൽ പ്രശ്‌നങ്ങൾ ഉണ്ടായിട്ടുണ്ട്. ആ സമയത്ത് പിരിയുക എന്നതാണ് നല്ലതെന്ന് രണ്ട് പേർക്കും തോന്നി. കോംപ്രമൈസ് ചെയ്ത് കൊണ്ടുളള ഒരു ബന്ധം ഒരിക്കലും സന്തോഷകരമായിരിക്കില്ലെന്നും ആര്യ പറയുന്നു.

Malayalam News Express