മിക്ക ആളുകളുടെയും വീട്ടിൽ ചെറിയ രീതിയിലെങ്കിലും തോട്ടങ്ങളുണ്ടായിരിക്കും. ഇതിൽ പച്ചക്കറികളും പഴവർഗങ്ങളും പൂച്ചെടികളും ഉണ്ടായിരിക്കും. നമ്മൾ സാധാരണ രീതിയിൽ ചെടി നട്ട് വെള്ളം ഒഴിച്ചാൽ മാത്രം ഇവ പ്രതീക്ഷിച്ച ഫലം നൽകണം എന്നില്ല.
ഇവ വളർന്നുവരുന്ന സമയത്ത് പലതരത്തിലുള്ള പ്രശ്നങ്ങളുമുണ്ടാകും. ഈ പ്രശ്നങ്ങളെല്ലാം തരണം ചെയ്തുകൊണ്ട് വേണം ഇവ നന്നായി ഫലം നൽകാൻ. പലപ്പോഴും നമ്മുടെ വീട്ടിൽ നടുന്ന ചെടികൾക്ക് പ്രതീക്ഷിച്ച കായ്ഫലം ലഭിക്കാതെ പോകാറുണ്ട്. കൃത്യമായ രീതിയിലുള്ള പരിചരണം എല്ലാ ചെടികൾക്കും ആവശ്യമാണ്. ചെടികൾ കൂടുതലായി കായ് ഫലം നൽകുന്നതിനും നല്ല രീതിയിൽ പടർന്ന് പന്തലിക്കുന്നതിനും വളരെയധികം സഹായിക്കുന്ന ഒരു പൊടിക്കൈയാണ് ഇവിടെ പരിചയപ്പെടുത്തുന്നത്. നമ്മുടെയെല്ലാം വീടുകളിൽ ലഭ്യമായ മുരിങ്ങയില ഉപയോഗിച്ചുകൊണ്ടുള്ള ജ്യൂസ് ആണ് ഇതിനായി ഉപയോഗിക്കുന്നത്. ഇത് തയ്യാറാക്കുന്നതിന് ഒരു പിടി മുരിങ്ങയില എടുക്കുക. മുരിങ്ങയിലയുടെ മൂത്ത ഇലകൾ എടുക്കാൻ ശ്രദ്ധിക്കണം. ഇനി ഇത് മിക്സിയുടെ ജാറിൽ അല്പം വെള്ളം ചേർത്ത് നന്നായി അരച്ചെടുക്കുക. ശേഷം ഇത് ഒരു തുണി ഉപയോഗിച്ച് നന്നായി പിഴിഞ്ഞെടുക്കുക. ഇനി ഇത് ഒരു ഗ്ലാസ്സിലേക്ക് മാറ്റുക. ഒരു ഗ്ലാസ് നിറയെ ഈ മുരിങ്ങയില ജ്യൂസ് ലഭിച്ചാൽ ഇതിനോടൊപ്പം 25 ഗ്ലാസ് വെള്ളവും ചേർത്താണ് ഡൈലൂട്ട് ചെയ്യേണ്ടത്. അതിനുശേഷം ആണ് ഇത് ചെടികളിൽ തളിക്കേണ്ടത്. ചെടികളുടെ ഇലകളിലും ചുവട്ടിലും ഇത് തളച്ചു കൊടുക്കാവുന്നതാണ്. വളരെയധികം ഫലപ്രദമായ ഒരു മാർഗമാണിത്.
