പലരുടെയും വീടുകളിൽ ശല്യക്കാരാവാറുണ്ട് പല്ലികൾ. ക്ലോക്കിന്റെ താഴെയും ട്യൂബ് ലൈറ്റിന്റെ അടിയിലുമൊക്കെ ഇവർ മുട്ടയിടുകയും വളരുകയും ചെയ്യാറുണ്ട്. പലപ്പോഴും അടുക്കളയിൽ ഒക്കെ പള്ളികൾ ഓടി നടക്കുന്നത് നമുക്ക് അലോസരമുണ്ടാക്കുന്നതാണ്. പ്രത്യേകിച്ച് രാത്രി കാലമാകുമ്പോൾ വീട്ടിലേക്ക് വരുന്ന മറ്റു ചെറിയ പ്രാണികളെ പിടിച്ചു തിന്നാൻ പല്ലികളും വരും. നമ്മൾ എന്തെങ്കിലും സംസാരിക്കുമ്പോൾ പല്ലി ചിലച്ചാൽ അത് സത്യം ആകും എന്നൊക്കെ പഴമക്കാർ പറയാറുണ്ടെങ്കിലും പല്ലികൾ പലർക്കും ഒരു ശല്യം തന്നെയാണ്. പ്രത്യേകിച്ച് കൊച്ചു കുഞ്ഞുങ്ങൾ ഒക്കെ ഉള്ള വീട്ടുകാർ പല്ലികളെ സൂക്ഷിക്കണം.
പല്ലികളെ തുരത്താൻ ഉള്ള ഒരു സൂപ്പർ വിദ്യയാണ് ആണ് ഇവിടെ പറയുന്നത്. നിറയെ പല്ലികൾ വീട്ടിലുള്ളവർക്ക് ഈ വിദ്യ പരീക്ഷിച്ചു നോക്കാവുന്നതാണ്. ഇതിനായി കെമിക്കലുകൾ ഒന്നും ഉപയോഗിക്കേണ്ടതില്ല. വീട്ടിലെ അടുക്കളയിൽ എപ്പോഴും ലഭിക്കുന്ന കുറച്ച് സാധനങ്ങൾ മാത്രം ഉപയോഗിച്ച് പല്ലികളെ എളുപ്പത്തിൽ തുരത്താൻ കഴിയും. ഇതിനായി ആവശ്യമുള്ളത് ഒരു സവാളയും രണ്ട് വെളുത്തുള്ളിയും കുറച്ചു കുരുമുളകും മാത്രമാണ്. ആദ്യം സവാള ചെറിയ കഷണങ്ങളായി മുറിച്ചെടുക്കുക. എന്നിട്ട്, വെളുത്തുള്ളിയുടെ ഓരോ അല്ലിയും രണ്ടായി പിളർത്തി കൊടുക്കുക. ഇവിടെ പ്രത്യേകം ശ്രദ്ധിക്കേണ്ട ഒരു കാര്യം, ഒരു കാരണവശാലും വെളുത്തുള്ളിയുടെ തൊലി കളയരുത്. കാരണം വെളുത്തുള്ളിയുടെ തൊലിയുടെ രൂക്ഷഗന്ധം പല്ലികൾക്കു അസഹനീയമാണ്. ആ ഗന്ധം ശ്വസിക്കുമ്പോൾ തന്നെ പല്ലികൾ ഓടി പോകും.
എന്നിട്ട് ഒരു മിക്സിയുടെ ജാറിൽ ആദ്യം വെളുത്തുള്ളി ചേർത്ത് നല്ല രീതിയിൽ അരച്ചെടുക്കുക. എന്നിട്ട് അതിലേക്ക് കുരുമുളകും സവാളയും കൂടി ചേർത്ത് വീണ്ടും നല്ല രീതിയിൽ അരയ്ക്കാം. ഇനി ഒരു പാത്രത്തിൽ കുറച്ചു വെള്ളം എടുത്ത് തിളപ്പിക്കാൻ വയ്ക്കാം. ഈ വെള്ളം നല്ല രീതിയിൽ തിളച്ച് കഴിഞ്ഞാൽ ഇതിലേക്ക് അരച്ചു വച്ചിരിക്കുന്ന വെളുത്തുള്ളിയും സവാളയും കുരുമുളകും കൂടി ചേർത്ത് കൊടുക്കുക. എന്നിട്ട് തീ ലോ ഫ്ലൈമിലേക്ക് മാറ്റിയ ശേഷം ഏകദേശം 10 മിനിറ്റ് വരെ ചൂടാക്കുക. വെളുത്തുള്ളിയിലും സവാളയിലും കുരുമുളകിലും ഉള്ള മുഴുവൻ ഔഷധഗുണവും വെള്ളത്തിലേക്ക് എത്തണം. വെള്ളം ഒരു കഷായ രൂപത്തിലുള്ള ലായനിയായി മാറും.
അതിനു ശേഷം ആ ലായിനി തണുപ്പിക്കാൻ വയ്ക്കുക. നല്ല രീതിയിൽ തണുത്തു കഴിഞ്ഞാൽ അതൊരു അരിപ്പ ഉപയോഗിച്ച് അരിച്ചെടുക്കുക. ഇനി ഇത് ഒരു കുപ്പിയിലാക്കി അടച്ചുവയ്ക്കുക. പല്ലി സ്ഥിരമായി വരുന്ന സ്ഥലങ്ങളിലായി ഈ ലായനി സ്പ്രേ ചെയ്ത് കൊടുത്താൽ മതിയാകും. സ്പ്രേ ചെയ്യുന്നതിന് മുന്നേ ഈ ലായനി ഫ്രിഡ്ജിൽ സൂക്ഷിക്കുന്നത് നല്ലതാണ്. കാരണം തണുത്ത വെള്ളവും പല്ലികൾക്ക് അസഹനീയമായ ഒരു കാര്യമാണ്. തണുത്ത വെള്ളം കൊണ്ടാൽ പെട്ടെന്ന് തന്നെ പല്ലികൾ കുഴഞ്ഞു വീഴും. അതുകൊണ്ട് കുറച്ചുനേരം ഫ്രിഡ്ജിൽ വെച്ചതിനു ശേഷം ഇതെടുത്ത് പല്ലികൾ വരുന്ന ഭാഗത്ത് ഉപയോഗിക്കുക. ഒരാഴ്ച കാലത്തോളം ഇത്തരം സ്പ്രേ ഉപയോഗിച്ചു കഴിയുമ്പോൾ വീട്ടിൽ നിന്ന് പല്ലിയുടെ ശല്യം പൂർണമായും ഇല്ലാതാകും.
