പ്രകൃതിയിലെ എല്ലാ സസ്യജാലങ്ങളിലും പലവിധ ഔഷധഗുണങ്ങൾ ഒളിഞ്ഞിരിക്കുന്നുണ്ട്. ചുറ്റുമൊന്ന് വീക്ഷിച്ചാൽ തന്നെ എത്ര സന്തുലിതമായും സൂക്ഷമവുമായാണ് പ്രപഞ്ചം നിലകൊള്ളുന്നത് എന്ന് മനസ്സിലാകും. നമ്മളെ വിടാതെ പിന്തുടരുന്ന പല അസുഖങ്ങൾക്കും ജീവിതശൈലി രോഗങ്ങൾക്കുമുള്ള മരുന്ന് നമ്മുടെ വീട്ടുമുറ്റത്തുതന്നെ ഉണ്ടാവും. നമ്മുടെ പൂർവികർ അതൊക്കെ പണ്ടേ കണ്ടുപിടിച്ചിട്ടുണ്ടെങ്കിലും ചരിത്രം മനഃപൂർവം മറന്നുകൊണ്ട് ജീവിക്കുന്ന യുവതലമുറക്ക് ഇത്തരം കാര്യങ്ങളിൽ വലിയ അറിവൊന്നും ഉണ്ടാകണമെന്നില്ല. കേരളത്തിലെ എല്ലാ വീട്ടുമുറ്റങ്ങളിലും കാണാൻ സാധിക്കുന്ന ശവംനാറിയെന്ന് നാം വിശേഷിപ്പിക്കുന്ന ഒരു ചെടിയെ കുറിച്ചാണ് ഇവിടെ പറയുന്നത്.
സംസ്‌കൃതത്തിൽ ഉഷമലരിയെന്നും തമിഴിൽ നിത്യകല്യാണിയെന്നും ബംഗാളിഭാഷയിൽ നയൻതാരയെന്നും പേരുകൊടുത്ത ഈ ചെടിയെ നമ്മൾ ഒരു ദുശ്ശകുനത്തിനു സമാനമായ പേരുവെച്ചാണ് വിളിക്കാറ്. ശവംനാറിക്ക് പുറമെ ശവംകോട്ടപ്പച്ച എന്നും കേരളത്തിലിവയെ വിളിക്കാറുണ്ട്. സുഗന്ധം പരത്താൻ കുറച്ചു മടിയുള്ള കൂട്ടത്തിലാണ് ശവംനാറി. ശവകോട്ടകളിലാണ് ഇവയെ കൂടുതലും കാണുന്നതും. അതൊക്കെ കൊണ്ടാവാം കാണാൻ വരെ ഭംഗിയാർന്ന ഈ ചെടിയെ നാം ശവംനാറിയെന്ന് വിളിക്കുന്നത്. ഒരു മീറ്റർ വരെ ഉയരത്തിൽ വളരുന്ന ഈ ചെടി നിത്യവും പൂക്കുന്നത് കാണാം. കടും പച്ച നിറമുള്ള മിനുസമാർന്ന ഇലകളും ഇളം ചുവപ്പും വെള്ളയും നിറത്തിലുള്ള പൂക്കളുമാണ് ചെടിക്കുള്ളത്.
അർബുദ ചികിത്സയ്ക്ക് ഉപയോഗിക്കുന്ന വിംബ്ലാസ്റ്റിൻ വിൻക്രിസ്റ്റീൻ തുടങ്ങിയ മരുന്നുകളിലാണ് ശവംനാറിയുടെ ചില ഭാഗങ്ങൾ ഉപയോഗിച്ച് വരുന്നത്. ഈ ചെടിയുടെ ഉപയോഗത്തെ തുടർന്ന് രക്തത്തിലെ രക്താണുക്കളുടെ എണ്ണം കുറയുന്നതായി കണ്ടെത്തി. അതേത്തുടർന്ന് നടത്തിയ വിവിധ പരീക്ഷണങ്ങളുടെ അടിസ്ഥാനത്തിലാണ് ക്യാൻസർ ചികിത്സയ്ക്ക് ചെടിയുടെ ആൽക്കലോയിടുകൾ ഉപയോഗിക്കാമെന്ന നിഗമനത്തിൽ എത്തിയത്. വ്യാസായിക അടിസ്ഥാനത്തിൽ ഇത്തരം മരുന്നുകളുടെ നിർമ്മാണവും ഇതിനകം ആരംഭിച്ചിട്ടുണ്ട്.
രക്തസമ്മർദവും ശരീരത്തിലെ ഇൻസുലിന്റെ അളവും കുറക്കാൻ ശവംനാറി ഉപകരിക്കും. ചെടിയുടെ ഇലകൾ മാത്രം വേർതിരിച്ചെടുത്ത് പിഴിഞ്ഞ് നീരു മാത്രമായി കുടിച്ചാൽ മൂത്രാശയ സംബന്ധമായ പല രോഗങ്ങൾക്കും ശമനം ഉണ്ടാവും. മുറിവിൽ നിന്നുണ്ടാകുന്ന രക്തപ്രവാഹം നിലക്കാനും ചെടിയുടെ ഇല ചതച്ചത് ഉപയോഗിക്കാം. ശവംനാറി ചെടിയുടെ ഇലകൾ പ്രമേഹത്തിനുള്ള ഉത്തമ മരുന്നായി പല ആയുർവേദ ആചാര്യന്മാരും നിരകർഷിക്കുന്നുണ്ട്. എല്ലാ ചെടികളിലും അതിന്റേതായ ഗുണങ്ങൾ ഉള്ളതുപോലെ ദോഷങ്ങളും ഉണ്ടാവും. അത് മനസ്സിൽ വെച്ചുകൊണ്ട് വിദഗ്ധരുടെ അഭിപ്രായം തേടിയാവണം ഉപയോഗം തുടങ്ങേണ്ടത്.
