സ്കാനിങ്ങുകൾ കൊണ്ടുള്ള ഗുണവും ദോഷവും, വിശദമായി അറിയാം

പല തരത്തിലുള്ള ആരോഗ്യപ്രശ്നങ്ങളുമായി നാം വൈദ്യസഹായം തേടാറുണ്ട്. അപ്പോഴൊക്കെ ഡോക്ടർ രോഗം കണ്ടെത്താനും മറ്റും നമ്മളോട് സ്കാനിങ് ചെയ്യാൻ ആവശ്യപെടും. ചുളുങ്ങിയ നെറ്റിയോടെയായിരിക്കും നമ്മൾ പലപ്പോഴും ഡോക്ടറോഡ് സമ്മതവും മൂളാറ്. കാരണം മറ്റൊന്നുമല്ല, ഒരു സ്കാൻ ചെയ്യാനുണ്ടാവുന്ന ചിലവ് തന്നെയാണ്. എന്തൊക്കെയായാലും സ്കാനിംഗ് എന്നാൽ മെഡിക്കൽ രംഗത്തെ ഒഴിച്ച് കൂടാനാവാത്ത ഒന്നായി മാറിയിട്ടുണ്ട്. നമ്മുടെ ശരീരത്തിൽ പല ഭാഗങ്ങളിലായുണ്ടാവുന്ന പ്രശ്നങ്ങളിൽ ഏതെങ്കിലും തരത്തിലവ ആന്തരികാവയവങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നുണ്ടോ എന്ന് തിരിച്ചറിയാൻ വേണ്ടിയാണ് സ്കാനിങ് ഉപയോഗിക്കുന്നത്.

ഇന്ന് ലോകവ്യാപകമായി വളരെ എളുപ്പത്തിലും സുതാര്യവുമായി നടത്തുന്ന ടെസ്റ്റുകളെയാണ് നമ്മൾ പൊതുവെ സ്കാനിങ് എന്ന് വിളിക്കുന്നത്. ചെറുകുഞ്ഞുങ്ങളിൽ മുതൽ ഗർഭിണികളിൽ വരെ പല തരത്തിലുള്ള സ്കാനിങ്ങുകൾ നടത്താറുണ്ട്. ഏതെല്ലാം തരത്തിലുള്ള സ്കാനുകളാണ് നിലവിലുള്ളതെന്നും അതിന്റെ പ്രവർത്തനരീതികൾ എങ്ങനെയൊക്കെയാണെന്നും സ്കാനിങ് കൊണ്ടുള്ള ഗുണദോഷങ്ങൾ എന്തൊക്കെയാണെന്നും നമുക്ക് നോക്കാം.

ആദ്യം തന്നെ മലയാളികൾക്ക് ഏറെ പരിചിതമായ അൾട്രാ സൗണ്ട് സ്കാനിനെ കുറിച്ച് നോക്കാം. ഇരുന്നിട്ടും കിടന്നിട്ടുമൊക്കെ ചെയ്യാവുന്ന വളരെ ലളിതമായ ഒരു സ്കാനാണിത്. പ്രോബ് എന്ന ഉപകരണം കൊണ്ട് വയറ്റിന്റെ പുറം വശം മുഴുവൻ സ്കാൻ ചെയ്ത് യഥാസമയം ആന്തരികഘടന സ്‌ക്രീനിൽ കാണാൻ സാധിക്കുന്ന തരം സ്കാൻ ആണ് അൾട്രാ സൗണ്ട് സ്കാനിങ്. മനുഷ്യന്റെ കർണപടത്തിനു ഉൾകൊള്ളാൻ കഴിയുന്നതിനുമപ്പുറമുള്ള ആവൃത്തിയിൽ പുറപ്പെടുവിക്കുന്ന ശബ്ദത്തെയാണ് അൾട്രാ സൗണ്ട് എന്ന് പറയുന്നത്. ഈ ശബ്‌ദകിരണങ്ങൾ അവയത്തിനുളിൽ കടത്തി അതിന്റെ പ്രതിചലനം വീക്ഷിച്ചുകൊണ്ടാണ് സ്കാനിംഗ്‌ നടത്തുന്നത്. ഇങ്ങനെ ചെയ്യുമ്പോൾ ശരീരത്തിലെ അവയവങ്ങൾക് ഏതെങ്കിലും തരത്തിലുള്ള പ്രശ്നം നേരിടുന്നുണ്ടോ എന്ന് തിരിച്ചറിയാം. ഉപകരണത്തിന്റെ കൃത്യത കൂടാതെ ഡോക്ടറിന്റെ പരിചയസമ്പത്തും മിടുക്കുമൊക്കെ സ്കാനിങ്ങിനെ ബാധിക്കും.

അൾട്രാ സൗണ്ട് തരംഗങ്ങളെ ഉപയോഗിച്ച് പ്രവർത്തിക്കുന്ന മറ്റൊരു സ്കാനിങ് രീതിയാണ് ഡോപ്ലർ സ്കാൻ. അൾട്രാ സൗണ്ട് സ്കാനിങ് രീതിയിൽ നിന്നും ചെറിയ മാറ്റങ്ങൾ ഡോപ്ലർ സ്കാനിങ്ങിനുണ്ട്. ശരീരത്തിലെ വിവിധ കുഴലുകളിലെ രക്തപ്രവാഹവും മറ്റും അളക്കാനാണ് ഡോപ്ലർ സ്കാൻ ഉപയോഗിക്കുന്നത്. പൊതുവെ ഇത്തരം ശബ്ദതരംഗങ്ങൾ ഉപയോഗിച്ച് നടത്തുന്ന സ്കാനിങ്ങുകൾക്ക് പാർശ്വഫലങ്ങൾ കുറവാണ്. എന്നിരുന്നാലും സ്കാനിങ് ചെയ്യുമ്പോൾ ചെറിയ തോതിൽ അവയവങ്ങൾക്ക്‌ ചൂട് അനുഭവപ്പെടാറുണ്ട്. പക്ഷെ ചൂടിന്റെ അളവ് വളരെ കുറവായതിനാൽ ശരീരത്തിന് ഒരു ദോഷമായത് ഭവിക്കാനിടയില്ല. ചുരുക്കി പറഞ്ഞാൽ ശരീരത്തിന് ഒട്ടും ദോഷം വരാതെ ചെയ്യാവുന്ന സ്കാനുകളാണ് അൾട്രാ സൗണ്ട് സ്കാനും ഡോപ്ലർ സ്കാനും. 

എക്സ്-റേ സ്കാനിങിന്റെ മറ്റൊരു തലമാണ് സി.ടി സ്കാൻ. ശരീത്തിലെ എല്ലുകളും ആന്തരികാവയങ്ങളും ചിത്രങ്ങളായി മാറ്റുന്ന പ്രവർത്തനമാണ് സി.ടി സ്കാനിൽ നടക്കുന്നത്. എക്സ്-റേ യുടെ ത്രിമാന ദൃശ്യം എന്നപോലെയായിരിക്കും സി. ടി സ്കാൻ റിസൾട്ട്‌. അപകടത്തിൽപെട്ട് അസ്ഥിക്കോ മറ്റോ കേടുപാടുകൾ സംഭവിച്ചാൽ, അവയവങ്ങളുടെ പ്രവർത്തനം നിലച്ചാൽ, ആന്തരിക അവയവങ്ങളിൽ രക്തസ്രാവം ഉണ്ടയാലൊക്കെ സി.ടി സ്കാനാണ് ഡോക്ടർമാർ കൂടുതലും നിർദേശിക്കുക. സ്കാനിങ്ങിൽ കൂടുതൽ വ്യക്തത കൈവരിക്കാൻ വേണ്ടി കോൺട്രാസ്റ് ഫ്‌ല്യൂയിഡ് എന്ന ദ്രാവകം ശരീരത്തിൽ പ്രവേശിപ്പിക്കുന്ന രീതിയും ഇടക്ക് ചെയ്തുവരാറുണ്ട്.

കുറഞ്ഞ ചിലവും കൂടുതൽ ലഭ്യതയും സി.ടി സ്കാനിന്റെ പ്രേത്യേകതകളായി പറയാം. എന്നിരുന്നാലും എക്സ്-റേ കിരണങ്ങൾ ശരീരത്തിൽ തുടർച്ചയായി പതിപ്പിക്കുന്നത് കാരണം മറ്റു ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാവാനിടയുണ്ട്. കൂടാതെ ഗർഭിണികൾ പൂർണമായും ഒഴിവാക്കേണ്ട ഒന്നു കൂടെയാണ് സി.ടി സ്കാൻ. രോഗിക്ക് ചുറ്റും ഒരു കാന്തികപ്രവാഹം സൃഷിച്ചുകൊണ്ട് മെഷീൻ ഉപയോഗിച്ച് ചിത്രങ്ങൾ ഒപ്പിയെടുക്കുന്ന രീതിയാണ് എം.ആർ.ഐ സ്കാനിങ്. ആന്തരികാവയവാങ്ങളുടെ ഉള്ളിലെ ചിത്രങ്ങൾ എടുക്കാൻ ഈ സ്കാനിങ് രീതി മികച്ചതാണ്. ഒരു ശതമാനം പോലും റേഡിയേഷൻ ഇല്ലാത്ത സ്കാനിങ്ങാണ് എം ആർ ഐ സ്കാൻ. അതുകൊണ്ടു തന്നെ ഗർഭിണികൾക്ക് സുരക്ഷിതമായി ചെയ്യാവുന്ന സ്കാനാണിത്. ശരീരത്തിൽ ഏതെങ്കിലും തരത്തിലുള്ള ലോഹങ്ങൾ ഉപയോഗിച്ച വ്യക്തിക്ക് ഈ സ്കാൻ എടുക്കാൻ സാധിക്കില്ല. കാന്തികപ്രവാഹം കടത്തിവിടുന്നതുകൊണ്ടാണ് ഇത്തരക്കാർക്ക് 

എം ആർ ഐ സ്കാൻ ചെയ്യാൻ പറ്റാത്തത്. ഇങ്ങനെയുള്ള പല സ്കാനുകളും നിലവിൽ വന്നതിനു ശേഷമാണ് മെഡിക്കൽ രംഗത്ത് വലിയ വിപ്ലവങ്ങൾക്ക്‌ തുടക്കമായത്. ആദ്യമൊക്കെ കണ്ടുപിടിക്കാൻ ബുദ്ധിമുട്ടുണ്ടായ പല രോഗങ്ങൾക്കും ഇന്ന് ശരിയായ ചികിത്സ നൽകാൻ ആരോഗ്യ പ്രവർത്തകർക്ക് സാധിക്കുന്നുണ്ട്. സാധാരണകാർക്ക്‌ ഉണ്ടാവുന്ന ഈ സംശയങ്ങളൊക്കെ ഡോക്ടർ രാജേഷ് കുമാർ തന്നെയാണ് ഈ വിവരങ്ങളൊക്കെ തന്റെ യൂട്യൂബ് ചാനലിലൂടെ പങ്കുവച്ചത്.

 

 

Malayalam News Express