ആൻ ഫ്രാങ്ക് മുതൽ മലാല യൂസഫ് സായ് വരെയുള്ളവർ ചെറുപ്പം മുതൽ തന്നെ അവരുടെ പ്രവർത്തനങ്ങളാൽ ലോകത്തെ സ്വാധീനിച്ചവരാണ്. അത്തരത്തിൽ ഒരുപാട് മാതൃകകൾ നമുക്ക് മുന്നിലുണ്ട്. എന്നാൽ ലോകം ഇങ്ങനെയാണ്. അറിഞ്ഞോ അറിയാതെയോ ചില വ്യത്യസ്ത മുഖങ്ങൾ അത്തരം പ്രശംസകൾക്കിടയിൽ മറന്നുപോകുന്നു. അതിലൊരാളാണ് സ്വന്തം ജീവൻ ബലിയർപ്പിച്ച് നൂറു കണക്കിന് സഹപാഠികളുടെ ജീവൻ രക്ഷിച്ച ഐത്‌സാസ് ഹസൻ എന്ന പതിനാലുകാരൻ. ആയിരക്കണക്കിന് വിദ്യാർത്ഥികളുള്ള സ്കൂളിൽ ചാവേർ ബോംബറുമായുള്ള പോരാട്ടത്തിനിടെയാണ് ഹസ്സൻ കൊല്ലപ്പെടുന്നത്. 2014 ജനുവരിയിൽ നടന്ന ആ ധീരോത്തമായ കഥ ഇങ്ങനെയായിരുന്നു .
അഫ്ഗാനിസ്ഥാനുമായി അതിർത്തി പങ്കിടുന്ന ഹാംഗു ജില്ല ഭീകരാക്രമണങ്ങൾക്ക് കുപ്രസിദ്ധമാണ്. ഇരകൾ പലപ്പോഴും അവിടുത്തെ സ്കൂൾ കുട്ടികളാണ്. ഈ കേസുകളിൽ പലതിലും പാകിസ്ഥാൻ താലിബാനും തെഹ്രീക്-ഇ-താലിബാൻ പാകിസ്ഥാനും (ടിടിപി) അതിന്റെ അനുബന്ധ സ്ഥാപനങ്ങളുമാണ് സൂത്രധാരന്മാർ. സ്കൂളിൽ അസംബ്ലി നടക്കുന്ന സമയം, ഐത്‌സാസും സുഹൃത്തുക്കളും ഗേറ്റിൽ വെറുതെ നിൽക്കുകയായിരുന്നു. മറ്റെല്ലാ ദിവസവും പോലെ ഒരു ദിവസം,അതിനപ്പുറം, ആ വിദ്യാർത്ഥികൾ ഒന്നും ചിന്തിച്ചിരുന്നില്ല. പക്ഷേ, വിധി അതായിരുന്നില്ല. അതിനിടയിൽ, ഒരു 25-കാരൻ ഐത്‌സാസിന്റെയും സംഘത്തിന്റെയും അടുത്തേക്ക് നടന്നു വന്നു. അദ്ദേഹം ഒരു ഓവർ കോട്ട് ധരിച്ചിരുന്നു. അദ്ദേഹം വിദ്യാർത്ഥികളോട് സംസാരിച്ചുകൊണ്ടിരിക്കെ ,ഓവർകോട്ടിനുള്ളിൽ നിന്ന് ബോംബിന്റെ ഡിറ്റണേറ്റർ മുഴങ്ങി. കൂടെയുണ്ടായവരെല്ലാം ജീവനും കൊണ്ട് ഓടി. എന്നാൽ ഐത്‌സാസ് സഹപാഠികളുടെ എതിർപ്പിനെ അവഗണിച്ച്, ചാവേറിനെ പിന്തിരിപ്പിക്കാൻ ശ്രമിക്കുന്നതിനിടെ ബോംബ് പൊട്ടിത്തെറിച്ചു.കൂടെ താനും മരിക്കുമെന്ന് അറിയാമായിരിന്നിട്ടും സഹപാഠികളുടെ ജീവൻ രക്ഷിക്കാൻ കാണിച്ച ആ പതിനാലുകാരനെ പ്രവർത്തി പ്രശംസനീയമാണ്.
അവന്റെ ധീരോദാത്തമായ പ്രവൃത്തിയിൽ അന്ന് രക്ഷപ്പെട്ടത് 2000 വിദ്യാർഥികളാണ്. അൽ ഖ്വയ്ദയുമായും താലിബാനുമായും ബന്ധമുള്ള ലഷ്‌കർ ഇ ജാൻവിയായിരുന്നു ആ ഭീകരകൃത്യം പ്ലാൻ ചെയ്തത്. ഖൈബർ പഖ്തുൻഖ്വ സ്വദേശിയും ഗൾഫിലെ തൊഴിലാളിയുമായ മുജാഹിദ് അലിയുടെ മകനാണ് ഐത്‌സാസ് ഹസൻ. മകന്റെ വിയോഗം അറിഞ്ഞ് അന്തിമോചാരം അർപ്പിക്കാൻ എത്തിയ പിതാവ് അന്ന് പറഞ്ഞ വാക്കുകൾ ഇങ്ങനെ ആയിരുന്നു ‘അവന്റെ മരണം കൊണ്ട് അവന്റെ അമ്മയുടെ കണ്ണുനീർ തോരുകയില്ല. എന്നാൽ നൂറു കണക്കിനു അമ്മമാരുടെ കണ്ണീരാണ് അവനു ഇല്ലാതാക്കിയത്. ഈ വാക്കുകൾ ലോകത്തെ കീഴ്പെടുത്തിക്കളഞ്ഞു.
പാക്കിസ്ഥാനിൽ മലാലയെക്കാൾ വലിയ ധീരതയാണ് ഐത്‌സാസ് ചെയ്തതെന്ന് ട്വിറ്ററും ഫേസ്ബുക്കുമടക്കമുള്ള സോഷ്യൽ മീഡിയയിൽ അന്ന് ആയിരങ്ങൾ കുറിച്ചു. ധീരതയ്ക്കുള്ള രണ്ടാമത്തെ പരമോന്നത ബഹുമതിയായ സിത്താര-ഇ-ഷുജത്ത് മരണാനന്തരം ഐത്‌സസിന് നൽകി. ഇന്റർനാഷണൽ ഓർഗനൈസേഷൻ ഫോർ ഹ്യൂമൻ റൈറ്റ്സിന്റെ ഗ്ലോബൽ ബ്രൂവറി അവാർഡും അദ്ദേഹം നേടിയിട്ടുണ്ട്. ഖൈബർ പഖ്തുൻഖ്വയിൽ നിന്നുള്ള നൊബേൽ സമ്മാന ജേതാവായ മലാല, ഐത്‌സാസിനെ “ധീരൻ” എന്നാണ് അഭിസംബോധന ചെയ്തത് . ഒരുപാടുപേരുടെ ജീവൻ രക്ഷിച്ച വീരകൃത്യത്തിനിടയിൽ രക്തസാക്ഷിയായ ഒരുപാടുപേരുടെ ജീവൻ രക്ഷിച്ച വീരകൃത്യത്തിനിടയിൽ രക്തസാക്ഷിയായ ഐത്‌സാസിന്റെ ജീവിതകഥ പിന്നീട് സല്യൂട്ട് എന്ന പേരിൽ വെള്ളിത്തിരയിൽ എത്തുകയും നിരവധിപേർക്ക് മാതൃക ആവുകയും ചെയ്തു .
