May 20, 2022

200 കിലോമീറ്റർ മൈലേജുമായി പുതിയ ഇലക്ട്രിക് സ്കൂട്ടർ ഇന്ത്യയിൽ അവതരിക്കുന്നു

ഇന്ധന വില നാൾക്കുനാൾ ഉയരുന്ന സാഹചര്യത്തിൽ ഇലക്ട്രിക് വാഹനങ്ങളുടെ ആവശ്യക്കാരുടെ എണ്ണം ഇന്ത്യയിൽ കൂടി വരികയാണ്. അടുത്ത പത്തു വർഷത്തിനുള്ളിൽ ഇലക്ട്രിക്ക് വാഹന വിപ്ലവം ഇന്ത്യ കീഴടക്കും എന്നാണ് പറയപ്പെടുന്നത്. പ്രബലരായ ഇന്ത്യയിലെ വാഹന നിർമ്മാതാക്കൾ അടക്കം അവരുടെ പുതിയ ഇലക്ട്രിക് വാഹനങ്ങൾ പുറത്തിറക്കി തുടങ്ങിയിട്ടുണ്ട്. ഇന്ത്യയിലെ പ്രമുഖ ബാറ്ററി നിർമ്മാണ കമ്പനിയായ ഒകായ അവരുടെ പുതിയ ഇലക്ട്രിക് സ്കൂട്ടർ ഗ്രേറ്റർ നോയ്ഡയിൽ നടന്ന ഇവി എക്സ്പോയിൽ പുറത്തിറക്കിയിരിക്കുകയാണ്.

 

ഒകായയ്ക്ക് നിലവിൽ മൂന്ന് ഇലക്ട്രിക് വാഹനങ്ങളാണ് ഇന്ത്യൻ വിപണിയിലുള്ളത്. ഒകായ ഫാസ്റ്റ് എന്ന് പേരിട്ടിരിക്കുന്ന പുതിയ മോഡലിന് 89,999 രൂപയാണ് കമ്പനി വിലയിട്ടിരിക്കുന്നത്. കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ സബ്സിഡി ഒഴിവാക്കിയിട്ടുള്ള തുകയാണിത്. ജനുവരി അവസാനം മുതൽ ഈ മോഡൽ സ്കൂട്ടർ വിൽപ്പന ആരംഭിക്കുമെന്ന് അധികൃതർ പറഞ്ഞു.

 

പൂർണമായി എൽ ഓ ടി പ്രവർത്തനക്ഷമമാക്കിയിരിക്കുമ്പോൾ മുൻവശത്തെ ആപ്രോണിൽ ഘടിപ്പിച്ചിരിക്കുന്ന എൽഇഡി ഡിആർഎല്ലുകൾ, ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, സംയുക്ത ബ്രേക്കിംഗ് സിസ്റ്റം, എൽഇഡി ഹെഡ് ലാമ്പ് എന്നിവ ഇതിന് ലഭിക്കുന്നു. വൈറ്റ്, റെഡ്, ഗ്രീൻ, ഗ്രേ, ഡ്യുവൽടോൺ കളറിൽ വരുന്ന ഈ പുതിയ സ്കൂട്ടറിനു 4.4 കിലോവാട്ട് ലിഥിയം ഫോസ്ഫേറ്റ് ബാറ്ററിയാണ് കരുത്തേകുന്നത്.

 

ഒറ്റ ഫുൾ ചാർജിൽ 150 കിലോമീറ്റർ മൈലേജ് ആണ് കമ്പനി അവകാശപ്പെടുന്നത്. ചില പ്രത്യേക സാഹചര്യങ്ങളിൽ 200 കിലോമീറ്റർ വരെ മൈലേജ് ലഭിക്കുമെന്നാണ് കമ്പനി പറയുന്നത്. മുൻഭാഗത്ത് സ്റ്റാൻഡേർഡ് ടെലിസ്‌കോപിക് ഫോർക്കും പിന്നിൽ ഡ്യുവൽ ഷോക്ക് യൂണിറ്റും വഴിയാണ് സസ്പെൻഷൻ സജ്ജീകരിച്ചിരിക്കുന്നത്. ഇന്ത്യയിലൊട്ടാകെ 225 ഓളം ഡീലർഷിപ്പുകൾ ഉള്ള ഒകായക്ക് അതിവേഗ ചാർജിങ് യൂണിറ്റുകൾക്ക് രൂപം കൊടുത്തിട്ടുണ്ട്.