May 20, 2022

വാസ്തുശാസ്ത്രം പറയുന്നു വീട്ടുമുറ്റത്ത് ഈ അഞ്ചു ചെടികൾ വളർത്തിയാൽ സമ്പൽസമൃദ്ധി ഉണ്ടാവും

വാസ്തുശാസ്ത്രം നോക്കി വീട് വയ്ക്കുന്ന ആളുകളുടെ എണ്ണം കേരളത്തിൽ നിരവധിയുണ്ട്. വീടിനോട് ചേർന്ന് മുറ്റത്ത് വയ്ക്കുന്ന പലതരം ചെടികളുടെയും മരങ്ങളുടെയും പേരിൽ ഇതുപോലുള്ള വിശ്വാസങ്ങൾ ഇന്നും നിലനിൽക്കുന്ന ഒന്നാണ്. ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടില്ല എങ്കിലും ഇത്തരം വാസ്തു ശാസ്ത്രങ്ങൾ വെറുതെയല്ല എന്നാണ് പലരുടെയും അനുഭവങ്ങൾ സൂചിപ്പിക്കുന്നത്. ചില ചെടികൾ വീട്ടുമുറ്റത്ത് അതാത് സ്ഥാനത്ത് നട്ടുവളർത്തിയാൽ ഐശ്വര്യവും സമ്പൽസമൃദ്ധിയും ഉണ്ടാവും എന്ന് പറയപ്പെടുന്നു.

 

തുളസിച്ചെടി ഒരുമാതിരിപ്പെട്ട എല്ലാ വീടുകളിലും കാണപ്പെടുന്ന ഒന്നാണ്. ഇവ നട്ടു പിടിപ്പിക്കേണ്ട യഥാർത്ഥ സ്ഥാനത്ത് ആയിരിക്കില്ല എല്ലാവരും നട്ടിരിക്കുന്നത്. തുളസി ഐശ്വര്യത്തിന്റെയും സമ്പൽസമൃദ്ധിയുടെയും പ്രതീകമായിട്ടാണ് ഹിന്ദു വിശ്വാസത്തിൽ കാണപ്പെടുന്നത്. ലക്ഷ്മി ദേവി ആയിട്ടാണ് തുളസിയെ ഹിന്ദു മത വിശ്വാസത്തിൽ കരുതുന്നത്. തുളസിച്ചെടി വീടിന്റെ കിഴക്കുവശത്ത് വച്ചുപിടിപ്പിക്കുകയും ദൈനംദിനം അതിനെ പൂജിക്കുകയും ചെയ്താൽ ധന സമ്പാദനത്തിന് വഴിയൊരുക്കുമെന്ന് പറയപ്പെടുന്നു.

 

വീട്ടുവളപ്പിൽ വാഴ നട്ടുവളർത്തുന്നത് വീട്ടിലെ പല ആവശ്യങ്ങൾക്ക് ആയിട്ടാണ്. പഴം കിട്ടാനും, വാഴയില ഭക്ഷണം വിളമ്പാനും, വാഴ കൂമ്പും വാഴ തണ്ടും തോരൻ വെക്കാനും എല്ലാം ഒരു വാഴച്ചെടി കൊണ്ട് സാധിക്കും. എന്നാൽ വിശ്വാസങ്ങൾ പറയുന്നത് വാഴ കൊണ്ടുള്ള ഉപകാരം ഇതുമാത്രമല്ല എന്നാണ്. വാഴ മഹാവിഷ്ണുവുമായി ബന്ധപ്പെട്ടിരിക്കുന്നു എന്ന് പറയപ്പെടുന്നു. പൂജക്ക് മറ്റും വാഴ ചെടികൾ ഉപയോഗിക്കാറുണ്ട്. വടക്ക്- കിഴക്കന്‍ ദിശയില്‍ വാഴ നട്ടുവളര്‍ത്തിയാൽ മാനസിക സന്തോഷവും ഐശ്വര്യവും പ്രദാനം ചെയ്യുമെന്ന് വാസ്തു ശാസ്ത്രത്തിൽ പറയപ്പെടുന്നു.

 

കേരളത്തിൽ അധികം പ്രചാരമില്ലാത്ത ഒരു ചെടിയാണ് റോസ്മേരി. ഒരുപാട് ഔഷധഗുണങ്ങളുള്ള റോസ്മേരി എന്ന ചെടി മതപരമായി വിശുദ്ധ ചെടി ആയിട്ടാണ് കണക്കാക്കുന്നത്. ആയുർവേദത്തിൽ ഓർമ്മക്കുറവ് പരിഹരിക്കാനും, ദഹനപ്രക്രിയകൾ സുഗമമാക്കാനും റോസ് മേരി മരുന്നായി ഉപയോഗിക്കാറുണ്ട്. വീട്ടിൽ ഐശ്വര്യത്തിനും സമൃദ്ധിയ്ക്കും റോസ്മേരി നട്ടുവളർത്തുന്നത് നല്ലതാണെന്ന് പറയപ്പെടുന്നു.

 

ഷമി വൃക്ഷം വീടിന്റെ വടക്കുകിഴക്കോ തെക്കോ നട്ടുവളർത്തി സ്ഥിരമായി പൂജ ചെയ്താൽ സന്തോഷവും സമൃദ്ധിയും ലഭിക്കുമെന്ന് വിശ്വാസം. വീടിന്റെ തെക്കു കിഴക്കേ മൂലയായ അഗ്നികോണില്‍ മുള നടുന്നത് വീട്ടിലേക്ക് ഭാഗ്യവും സമ്പത്തും കൊണ്ടുവരും എന്ന് ശാസ്ത്രം പറയുന്നു. ചിലർ ചെറിയ മുള ചെടി വീടിനുള്ളിലും വളർത്താറുണ്ട്. ഇതെല്ലാം ഈ വിശ്വാസത്തിന്റെ ഭാഗമാണ്.