May 18, 2022

നല്ല സാമ്പാർ പൊടി വീട്ടിൽ തന്നെ എളുപ്പം ഉണ്ടാക്കാം

മലയാളികളുടെ ഏറ്റവും പ്രിയപ്പെട്ട ഒരു കറിയാണ് സാമ്പാർ. കാലത്തുള്ള പലഹാരങ്ങളായ ഇഡ്ഡലിയുടെയും, ദോശയുടെയും കൂടെയൊക്കെ സാമ്പാർ ഇല്ലാതെ മലയാളികൾക്ക് പറ്റില്ല. ഉച്ചയ്ക്ക് ചോറുണ്ണുമ്പോൾ കൂടെ സാമ്പാർ കൂടെ ഉണ്ടെങ്കിൽ അതിന്റെ സ്വാദ് ഒന്നു വേറെ ആയിരിക്കും. മലയാളികൾക്ക് സാമ്പാർ ഒഴിച്ചുകൂടാനാവാത്ത ഒരു വിഭവമാണ്. സാമ്പാർ തയ്യാറാക്കുമ്പോൾ സാമ്പാർ പൊടി നമ്മൾ ചേർക്കാറുണ്ട്. ഇവ കടയിൽ നിന്ന് മേടിച്ചതായിരിക്കാം. മാർക്കറ്റിൽ ഇറങ്ങുന്ന എല്ലാത്തരം സാമ്പാർ പൊടിയും ഗുണമേന്മയുള്ളതായിരിക്കില്ല.

വീട്ടിൽ തന്നെ സാമ്പാർ പൊടി എങ്ങനെ ഉണ്ടാക്കണം എന്ന് പറഞ്ഞു തരികയാണ് പ്രതാപ്സ് ഫുഡ് ടിവി എന്ന യൂട്യൂബ് ചാനൽ. സാമ്പാർ പൊടി ഉണ്ടാക്കുന്നതിനായി ആദ്യമായി വേണ്ടുന്നത് കട്ട കായം ആണ്. പൊടി കായവുംഇതിനായി ഉപയോഗിക്കാം. ഒരു ഫ്രൈയിങ് പാൻ സ്റ്റൗവിൽ വച്ച് ചൂടാക്കിയ ശേഷം കട്ട കായം അതിലേക്കിട്ട് നന്നായി വറുത്തെടുക്കുക. ഒന്നര ടേബിൾസ്പൂൺ അരി എടുത്തശേഷം ഫ്രൈയിങ് പാനിലിട്ട് നന്നായി വറുത്തെടുക്കുക. മട്ടയരിയോ, വെള്ള അരിയോ, പച്ചരിയോ ഇതിനായി ഉപയോഗിക്കാവുന്നതാണ്.

ഒരു ടേബിൾ സ്പൂൺ ഉഴുന്ന് എടുത്തശേഷം ഫ്രൈയിങ് പാനിൽ ഇട്ട് നന്നായി വറുത്തെടുക്കുക. ശേഷം രണ്ട് ടേബിൾ സ്പൂൺ മല്ലി എടുത്ത് ഇതേ മാതിരി വാർത്തെടുക്കുക. അര ടേബിൾസ്പൂൺ ഉലുവ എടുത്തശേഷം വറുത്ത് മാറ്റിവയ്ക്കുക. ഒരു ടേബിൾസ്പൂൺ സാമ്പാർ പരിപ്പ് എടുത്തതിനുശേഷം വറുത്തു മാറ്റി വെക്കുക. ആറ്‌ വറ്റൽമുളകും മൂന്ന് ഇതൾ കറിവേപ്പിലയും ചൂടാക്കി വറുത്തെടുക്കുക.

വറ്റൽമുളക് വറുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യം വറ്റൽമുളക്ൻറെ തണ്ട് ഒഴിവാക്കാതെ വറുത്തെടുക്കണം. ആവശ്യത്തിന് ഉപ്പ് എടുത്ത് നന്നായി ചൂടാക്കിയെടുക്കുക. ഉപ്പിൽ ഉള്ള ജലാംശം പോകുന്നതിന് ആയിട്ടാണ് ഉപ്പ് ചൂടാക്കുന്നത്. വറുത്തെടുത്ത് മാറ്റിയ എല്ലാ സാധനങ്ങളും അൽപ്പനേരം ചൂടാറാൻ ആയി മാറ്റിവെക്കുക. ഇത്തരത്തിൽ വറുത്തെടുത്ത സാമഗ്രികൾ എല്ലാം ഒരു മിക്സിലേക്ക് ഇടുക അതിലേക്ക് അര ടേബിൾസ്പൂൺ മഞ്ഞപ്പൊടി, രണ്ട് ടേബിൾസ്പൂൺ മുളകുപൊടി ഇട്ടശേഷം നന്നായി പൊടിച്ചെടുക്കുക. വളരെ ഗുണമുള്ള സാമ്പാർ പൊടി റെഡിയായിക്കഴിഞ്ഞു.