ഇസ്തിരി ചൂടേറ്റ് 41 ആം വയസിൽ അമ്പിളി തേച്ചുമിനുക്കിയെടുത്തത് ഡോക്ടറേറ്റ്, അറിയാം അമ്പിളിയുടെ കഥ

ജീവിതം നിലനിൽപ്പിനെ ചോദ്യം ചെയ്യുമ്പോൾ അതിൽ നിന്ന് പിന്തിരിഞ്ഞോടാൻ എളുപ്പമാണ്. പക്ഷെ അതിനെ നേരിട്ട് വിജയിക്കാൻ വളരെ ബുദ്ധിമുട്ടുമാണ്. അങ്ങനെ നേരിട്ട് വിജയിച്ചവരുടെ കഥകളാവും മറ്റുള്ളവരുടെ ജീവിതത്തിനും പ്രചോദനം നൽകുന്നത്. അങ്ങനെ ഒരു അസാധാരണ ജീവിതമാണ് തൃശൂർ സ്വദേശി അമ്പിളിയുടേത്. നഷ്ടങ്ങൾ കൊണ്ട് പടുത്തുയർത്ത വിജയമാണ് അമ്പിളി എം. വി എന്ന സ്ത്രീയുടെ ജീവിതം. പത്തൊൻപമത്തെ വയസിൽ അച്ഛനെ നഷ്ടപ്പെട്ട്, പഠനം ഉപേക്ഷിച്ച് ഇസ്തിരിയിടൽ തൊഴിലായി സ്വീകരിക്കേണ്ടി വന്ന അമ്പിളി, ഇന്ന് കാലിക്കറ്റ്‌ സർവകലാശാലയിൽ നിന്ന് മലയാളത്തിൽ ഗവേഷണം നടത്തി ഡോക്ടറേറ്റ് നേടിയിരിക്കുന്നു.

അച്ഛന്റെ മരണം അമ്പിളിയുടെ മുന്നിൽ ബാക്കിയാക്കിയത് നിലനിൽപിന് വേണ്ടി അധ്വാനിക്കുക എന്ന ഒരു മാർഗം മാത്രമായിരുന്നു. സ്വാഭാവികമായും അച്ഛന്റെ തൊഴിലായ ഇസ്തിരിയിടൽ അമ്പിളി തിരഞ്ഞെടുത്തു. ആദ്യമൊക്കെ പാടായിരുന്നുവെങ്കിലും അച്ഛന്റെ പതിവുകാർ തന്നെ ഒരുപാട് സഹായിച്ചുവെന്ന് അമ്പിളി പറയുന്നു. വശമില്ലാതിരുന്ന ഒരു തൊഴിൽ അങ്ങനെ സ്വായത്തമാക്കുവാൻ അമ്പിളിക്ക് കഴിഞ്ഞു. ജീവിക്കുവാൻ വേണ്ടി ജോലി ചെയ്യേണ്ടി വന്നെങ്കിലും തന്റെ പഠന മോഹങ്ങളെ കൈവിടാൻ അമ്പിളി തയാറായിരുന്നില്ല. കാലിക്കറ്റ് സർവകലാശാലയിലെ വിദൂര വിദ്യാഭ്യാസ വിഭാഗത്തിൽ നിന്ന് മലയാളത്തിൽ ബിരുദം കരസ്തമാക്കുവാൻ അമ്പിളിയ്ക്ക് കഴിഞ്ഞു. പകൽ ജോലിയും രാത്രിയിൽ പഠനവുമായി അമ്പിളി കടന്നത് ജീവിതത്തിന്റെ അടഞ്ഞ അധ്യായം എന്ന് കരുതിയ പഠനത്തിന്റെ ആദ്യ കടമ്പ ആയിരുന്നു.

 

ബിരുദം നേടിയ ഉടനെ തന്നെ ബിരുദാനന്തര ബിരുദത്തിനും ചേരുവാൻ അമ്പിളിയ്ക്ക് കഴിഞ്ഞു. തൃശൂരിൽ പ്രവർത്തിക്കുന്ന കൈരളി വിദ്യാപീഠത്തിൽ ശനിയാഴ്ചകളിൽ ക്ലാസുകളിൽ പങ്കെടുക്കുകയും ബാക്കിയുള്ള ദിവസങ്ങളിൽ ഇസ്തിരി കടയിലെ ജോലി ചെയ്തും അമ്പിളി ബിരുദാനന്തര ബിരുദവും നേടി. ശേഷം നെറ്റ് (NET) പരീക്ഷയിൽ വിജയിക്കുവാനും അമ്പിളിയ്ക്ക് കഴിഞ്ഞു. ഇനിയെന്ത് എന്ന ചിന്തയിൽ കഴിയുമ്പോഴാണ് ഒരു സുഹൃത്തിലൂടെ തൃശൂർ ക്രൈസ്റ്റ് കോളേജിൽ ബയോഡാറ്റ സമർപ്പിക്കുകയും അത് വഴി അവിടെ ഗസ്റ്റ് ലക്ചറർ ആയി ജോലി ചെയ്യാൻ ഉള്ള അവസരം അമ്പിളിയ്ക്ക് ലഭിച്ചത്. കടയിലെ ജോലിയും കോളേജിലെ ജോലിയും ഒരുമിച്ച് കൊണ്ടുപോകാൻ ബുദ്ധിമുട്ടാകും എന്നത് കൊണ്ട് അവസരം നിരസിക്കാൻ ആയിരുന്നു അമ്പിളിയുടെ തീരുമാനം എങ്കിലും. പിന്നീട് ആ ജോലി സ്വീകരിച്ചു. അധ്യാപന സമയം കഴിഞ്ഞാൽ നേരെ തന്റെ കടയിൽ വന്നു ആ ജോലിയും അമ്പിളി തുടർന്ന് പോന്നു. കോളേജിലെ ജോലിയുടെ സമയത്താണ് ഗവേഷണം തുടങ്ങാൻ അമ്പിളി തീരുമാനിക്കുന്നത്. അതിനായുള്ള സംഗ്രഹം സമർപ്പിക്കുകയും, അത് അംഗീകരിക്കപ്പെടുകയും ചെയ്തു. പിന്നീടുള്ള അഞ്ച് വർഷങ്ങൾ കൊണ്ടാണ് അമ്പിളി തന്റെ ഗവേഷണം പൂർത്തിയാക്കിയത്. ഈ കാലയളവിൽ കോളേജിലും തന്റെ ഇസ്തിരി കടയിലും ഒരേ പോലെ ജോലി ചെയ്യുകയും ഗവേഷണ റിപ്പോർട്ട്‌ എഴുതി തയാറാക്കുകയും ചെയ്തു.

 

അഞ്ച് വർഷത്തെ അധ്വാനത്തിന്റെ ഫലമായ ഡോക്ടറേറ്റ് സർട്ടിഫിക്കറ്റ് കാത്തിരിക്കുകയാണ് അമ്പിളി ഇപ്പോൾ. അമ്പിളി ഒരു അസാധാരണ മനുഷ്യസ്ത്രീ ഒന്നുമല്ല. തോൽ‌വിയിൽ നിന്ന് തുടങ്ങിയ വിജയത്തിന്റെ ആൾരൂപമാണ് അമ്പിളി. ജീവിതത്തിൽ എല്ലാം നഷ്ടപ്പെട്ട്, പരാജയം സമ്മതിക്കുന്നവർക്ക് മുന്നിൽ വിജയം കൊണ്ട് വ്യത്യസ്തമായ ഒരു ജീവിതകഥ പകർന്നു നൽകുകയാണ് അമ്പിളി. ഉറച്ച തീരുമാനങ്ങളുടെയും അധ്വാനത്തിന്റെയും തോൽക്കാൻ തയാറല്ലാത്ത ഒരു മനസിന്റെയും വിജയമാണ് അമ്പിളി എന്ന നാൽപ്പത്തിയൊന്ന് വയസ്കാരി നമുക്ക് മുന്നിൽ കാണിച്ച് തരുന്നത്. എല്ലാം കൈവിട്ടു പോയി എന്ന് തോന്നുന്ന നേരത്ത് ഇങ്ങനെ ഉള്ള അമ്പിളിമാരെ ഓർത്താൽ മതിയാകും ഏതൊരു മനുഷ്യനും ഒരിത്തിരി ആത്മവിശ്വാസം പകരാൻ.

Malayalam News Express