വലിയ പരിചരണം ഒന്നും ആവശ്യമില്ലാതെ നമ്മുടെ വീട്ടുമുറ്റത്തും പറമ്പിലും ധാരാളമായി കാണുന്ന ഒരു ചെടിയാണ് നിത്യകല്യാണി. എപ്പോഴും പുഷ്പ്പിക്കുന്നതു കൊണ്ടാണ് ഈ ചെടിക്കു നിത്യകല്യാണി എന്നു പേര് കിട്ടിയത്. കേരളത്തിൽ സർവ്വ സാധാരണമായി കണ്ടുവരുന്നങ്കിലും ഇതിന്റെ ഔഷധഗുണങ്ങൾ മലയാളികൾക്ക് അറിയില്ല. പലസ്ഥലങ്ങളിലും വൈവിധ്യങ്ങളായ പല പേരുകളാണ് ഈ ചെടിക്ക്.
ഏത് കാലാവസ്ഥയിലും ഈ ചെടികൾ വളരെ നന്നായി വളരും. ഇതിൻറെ ചെടികൾ അടുത്തടുത്തായിട്ട് നട്ടാൽ പല നിറത്തിലുള്ള പൂക്കൾ നിറഞ്ഞ് ഒരു പൂന്തോട്ടം ഒരുക്കം. ഇത് കാണാൻ മാത്രമല്ല, മരുന്നിനു വേണ്ടിയും മികച്ച രീതിയിൽ പ്രയോജനം ചെയ്യുന്നതാണ്. ശരീരത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നതിനും, വിഷത്തെ ഇല്ലാതാക്കുന്നതിനും ഇവ പ്രധാനമായും സഹായിക്കും. നിത്യകല്യാണിയുടെ വേരുകളിൽ നിന്നും ഉറക്കം ഉണ്ടാക്കുന്നതിനുള്ള രാസവസ്തുക്കൾ വേർതിരിച്ചെടുക്കുന്നുണ്ട്. അതുപോലെ ട്യൂമർ, അർബുദ അവസ്ഥകൾ എന്നിവയ്ക്കും നിത്യകല്യാണി ശാശ്വത പരിഹാരം നൽകാൻ കഴിയുന്ന ഒരു ചെടിയാണ്.
അർബുദത്തിന് പ്രതിവിധി ആയിട്ടുള്ള വിൻലാസ്റ്റിനും, വിൻബലാസ്റ്റിനും ഈ ചെടിയിൽ നിന്ന് വേർതിരിച്ചെടുക്കുന്ന ഔഷധങ്ങളാണ്. അതുപോലെതന്നെ ഇതിൻറെ ഇലകളും ഔഷധമേന്മയേറെ ഉള്ളതാണ്. കടന്തൽ, തേളു കുത്തുമ്പോൾ ഉണ്ടാകുന്ന നീരും, വേദനയും ഒക്കെ ശമിപ്പിക്കുന്നതിനും, നേത്രരോഗങ്ങൾക്കും ഈ ചെടി ആയുർവേദത്തിൽ ഉപയോഗിച്ചു വന്നിരുന്നു. ഇതിൻറെ ഇല ഇടിച്ചു പിഴിഞ്ഞ് നീരെടുത്തു കുടിച്ചാൽ പ്രമേഹം കുറയ്ക്കാൻ ഏറെ നല്ലതെന്ന് പഠനം വ്യക്തമാക്കുന്നുണ്ട്. വിത്തു പൊട്ടിമുളച്ചാണ് തൈകൾ ഉല്പാദിപ്പിക്കുന്നത്. ഇവ കമ്പു മുറിച്ചും പിഴുതുമാറ്റിയും നടാവുന്നതാണ്.
