നാട്ടിൽ ആശുപത്രി ഇല്ലാത്തതിനാൽ നാട്ടുക്കാർക്ക് സ്വയം ആശുപത്രി നിർമിച്ചു നൽകി കുഞ്ഞിരാമൻ ചേട്ടൻ

കൽപ്പണിക്കാരനായ കുഞ്ഞിരാമൻ ആണ് ചെറുവത്തൂരിന് സ്വന്തമായി അത്യാധുനിക സൗകര്യങ്ങളോടുകൂടിയ ഒരു ആശുപത്രി നാട്ടുകാർക്ക് പണിത് നൽകിയിരിക്കുന്നത്. തൻറെ നാടിന് സ്വന്തമായി ഒരു ആശുപത്രിയാണ് 30 വർഷത്തോളമായി കുഞ്ഞിരാമൻ മനസ്സിൽ കൊണ്ട് നടന്ന ഏറ്റവും വലിയ ആഗ്രഹം. അതിനുവേണ്ടി അധ്വാനിച്ച് കിട്ടുന്ന തന്റെ വരുമാനവും, ചിട്ടി പിടിച്ചും, ലോൺ എടുത്തുമൊക്കെയാണ് ഈ സ്വപ്നം പൂവണിയിച്ചിരിക്കുന്നത്.

ചെറുവത്തൂരിൽ നല്ല ഹോസ്പിറ്റലിന് വേണ്ടി മംഗലാപുരത്തേക്ക് പോകേണ്ടുന്ന അവസ്ഥയാണ് ഇപ്പോൾ ഉള്ളത്. നാട്ടിൽ നല്ല ആശുപത്രി ഇല്ലാത്തതിനാലും, ജനങ്ങൾ വളരെ ബുദ്ധിമുട്ടുകൾ സഹിക്കുന്നതിനാലും ആണ് സ്വയം ആശുപത്രി നിർമ്മിച്ചു തൻറെ നാട്ടുകാർക്ക് നൽകിയിരിക്കുന്നത്. ആരോഗ്യ കേന്ദ്രങ്ങളില്ലാത്ത ചെറുവത്തൂർ പടിഞ്ഞാറ് ഭാഗത്താണ് ആശുപത്രി. ആധുനിക ലാബ്, മെഡിക്കൽ സ്റ്റോർ, സ്കാനിങ് സംവിധാനം അടക്കമുള്ള ആശുപത്രി കെട്ടിടമാണ് കുഞ്ഞിരാമൻ പണിയുന്നത്.

നാട്ടുകാർക്ക് നല്ല രീതിയിൽ ചികിത്സ കൊടുക്കണം, നല്ല ഡോക്ടറെ എത്തിക്കണം എന്നുള്ളതാണ് തൻറെ ലക്ഷ്യമെന്നും നാട്ടുകാരിൽ നിന്നും, സുഹൃത്തുക്കളിൽ നിന്നുമൊക്കെ നല്ല പിന്തുണയാണ് ലഭിക്കുന്നത് എന്നും കുഞ്ഞിരാമൻ പറയുന്നു. സാധാരണക്കാരായ ആളുകൾക്ക് സാമ്പത്തികമില്ലെങ്കിലും ചികിത്സ മുടങ്ങില്ല. എല്ലാവിധ സഹായവും ചെയ്തു കൊടുക്കുന്നതാണ്.

ഒരു ലാഭവും പ്രതീക്ഷിച്ചിട്ടല്ല താൻ ഹോസ്പിറ്റൽ പണിയുന്നതെന്നും തൻറെ നാട്ടുകാർക്ക് വേണ്ടിയാണ് ഇങ്ങനെ ഒരു ആശുപത്രി വേണമെന്ന് തോന്നിയതെന്നും കുഞ്ഞിരാമൻ പറയുന്നു. പണികളൊക്കെ ഏകദേശം പൂർത്തിയായി. ജൂൺ മാസത്തിൽ തന്നെ ഇതിന്റെ ഉദ്ഘാടനം ഉണ്ടാകുമെന്ന് കുഞ്ഞിരാമൻ പറയുന്നു.

Malayalam News Express